go

പച്ചക്കറി വാങ്ങാം, നേരിട്ട് കർഷകരിൽനിന്ന്

Kannur News
തളിപ്പറമ്പിന് സമീപം മുയ്യത്ത് കർഷകകുടുംബം തങ്ങൾ കൃഷി ചെയ്ത പച്ചക്കറി വിൽപന നടത്തുന്നു.
SHARE

തളിപ്പറമ്പ്∙ പച്ചക്കറികൾ ഇനി വയലുകളിൽ നിന്ന് നേരിട്ട് ഉപഭോക്താക്കളുടെ കൈകളിലേക്ക്. അന്യ സംസ്ഥാനങ്ങളിൽ വ്യാപകമായി കാണുന്ന തരത്തിൽ വയലേലകൾക്ക് സമീപത്ത് കൂടി കടന്ന് പോകുന്ന റോഡരികുകൾ കേന്ദ്രീകരിച്ച് കർഷകർ തന്നെ അപ്പോൾ പറിച്ചെടുത്ത പച്ചക്കറികൾ ആവശ്യക്കാർക്ക് വിൽപന നടത്തുന്നത്  കുറുമാത്തൂർ പഞ്ചായത്തിലെ മുയ്യത്ത് ജനപ്രീതി നേടുന്നു. 

ഏതാനും ആഴ്ചകൾക്ക് മുൻപാണ് മുയ്യം വയലേലകൾക്ക് സമീപത്ത് കൂടി കടന്ന് പോകുന്ന തളിപ്പറമ്പ് മുയ്യം- പറശിനിക്കടവ് റോഡരികിൽ പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തിൽ കർഷകർ തന്നെ പച്ചക്കറി വിൽപന ആരംഭിച്ചത്. 

കുറുമാത്തൂർ പഞ്ചായത്ത് കൃഷിഭവൻ, മുയ്യം എ ഗ്രേഡ് പച്ചക്കറി ക്ലസ്റ്റർ എന്നിവരുടെ നേതൃത്വത്തിൽ വയലിനോട് ചേർന്ന് പച്ചക്കറി സ്റ്റാൾ ആരംഭിച്ചിരുന്നു. ഇവിടെ പച്ചക്കറി നൽകുന്ന കർഷകർക്ക് കിലോഗ്രാമിന് യാത്രക്കൂലി ഇനത്തിൽ 1 രൂപ അധികം നൽകാനും തീരുമാനമായി. 

എന്നാൽ വ്യാപകമായി പച്ചക്കറി കൃഷി ചെയ്യുന്ന ഈ പ്രദേശത്ത് എല്ലാ കർഷകരുടെയും പച്ചക്കറികൾ സ്റ്റാളിൽ ഉൾക്കൊള്ളിക്കാൻ സാധിക്കില്ലെന്ന് കണ്ടപ്പോഴാണ് വൈകിട്ട് കർഷർക്കുതന്നെ നേരിട്ട് റോഡരികിൽ പച്ചക്കറി വിൽപനയ്ക്ക് അനുമതി നൽകിയതെന്ന് വാർഡ് അംഗം കെ.പി.മുഹമ്മദ്കുഞ്ഞി പറ‍ഞ്ഞു. ഇത് വിജയമായതോടെ കൂടുതൽ കർഷകർ രംഗത്ത് വന്നു. 

ഇപ്പോൾ മുയ്യം പാലത്തിന് സമീപത്തും മറ്റുമായി രാവിലെ മുതൽ തന്നെ അപ്പോൾ പറിച്ചെടുത്ത പച്ചക്കറികൾ വാങ്ങാൻ സാധിക്കും. ഉച്ചയോടെ ഇവ വിറ്റ് തീർന്ന ശേഷം വൈകിട്ട് വീണ്ടും പറിച്ചെടുത്ത് വിൽപനയ്ക്കെത്തിക്കുകയാണ് ചെയ്യുന്നതെന്ന് കർഷകർ പറയുന്നു. 

കുടുംബസമേതമാണ് കർഷകർ വിൽപനയ്ക്ക് എത്തുന്നത്. മാർക്കറ്റ് വില അനുസരിച്ചാണ് വിൽപനയെങ്കിലും പറിച്ചെടുത്ത് മിനിറ്റുകൾക്കുള്ളിൽ ഇവ ഇടനിലക്കാർ ഇല്ലാതെ ആവശ്യക്കാർക്ക് വാങ്ങാമെന്നതാണ് പ്രത്യേകത. ചീര, മത്തൻ, കക്കിരി, വെള്ളരി, പാവക്ക, പടവലം , താലോലി തുടങ്ങിയ എല്ലാ ഇനവും ഇവിടെ ലഭിക്കും.

നണിച്ചേരി പാലം തുറന്നതിന് ശേഷം തളിപ്പറമ്പിൽ നിന്ന് മയ്യിൽ, മട്ടന്നൂർ ഭാഗങ്ങളിലേക്ക് പോകുന്നവർ ഈ റോഡാണ് ഉപയോഗിക്കുന്നതെന്നതിനാൽ ഇതിലൂടെ വാഹനങ്ങളുടെ എണ്ണം വർദ്ധിച്ചതും നാട്ടുകാർക്ക് അനുഗ്രഹമായി.

MORE IN KANNUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama