go

വാഹനങ്ങൾക്ക് ‘കയ്യേറാൻ’ നടപ്പാതകൾ,വഴിയോരങ്ങൾ

Kannur News
ആലക്കോട് ടൗണിലെ പാതയോരങ്ങൾ സ്വകാര്യവാഹനങ്ങൾ കയ്യടക്കുമ്പോൾ
SHARE

ആലക്കോട്∙ ടൗണിലെ ഗതാഗത പ്രശ്നത്തിനു നാളിതു വരെ പരിഹാരമായില്ല. പാതയോരങ്ങൾ സ്വകാര്യവാഹനങ്ങൾ കയ്യടക്കുമ്പോൾ സഞ്ചരിക്കാൻ ഇടമില്ലാതെ വിഷമിക്കുകയാണ് കാൽനടയാത്രക്കാർ.  ചീറിപ്പായുന്ന വാഹനങ്ങൾക്കിടയിലൂടെ വേണം അവർക്കു സഞ്ചരിക്കാനും റോഡ് മറികടക്കാനും. ടൗണിൽ വാഹനങ്ങൾക്കു വേഗനിയന്ത്രണം ഉണ്ടെങ്കിലും ആലക്കോട് ടൗണിൽ അത് ബാധകമാകാത്ത അവസ്ഥയാണ്. 

കാൽനടയാതക്കാരുടെ ദുരിതത്തിനു അറുതിവരുത്താൻ ടൗണിൽ നടപ്പാത നിർമിക്കുമെന്ന്  പഞ്ചായത്ത് ബജറ്റിൽ പറ‍ഞ്ഞിരുന്നുവെങ്കിലും യാഥാർഥ്യമായില്ല. സ്വകാര്യവാഹനങ്ങൾക്കു പുറമെ ചരക്കുവാഹനങ്ങളും റോഡിന്റെ ഇരുവശങ്ങളിലുമായി നിർത്തിയിടുന്നു. മിക്കപ്പോഴും ഇത് അപകടങ്ങൾക്കും ഗതാഗതക്കുരുക്കിനും കാരണമാകുന്നു.

 എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂൾ മുതൽ ആലക്കോട് മുത്തപ്പൻ ക്ഷേത്രം വരെയുള്ള ഭാഗത്താണ് റോഡിനിരുവശവും സ്വകാര്യവാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. ഇതിനുപുറമെ ലോറികളടക്കമുള്ള വാഹനങ്ങളും കടകളിൽ നിന്ന് ചരക്ക് കയറ്റാനും ഇറക്കാനും റോഡരികിൽ നിർത്തിയിടാറുണ്ട്.     പാതയോരം ഇല്ലാതാകുന്നതിന്റെ ദുരിതം ഏറെയും അനുഭവിക്കേണ്ടിവരുന്നത് കാൽനടയാത്രക്കാരാണ്. 

വാഹനത്തിരക്കായതിനാൽ റോഡിലൂടെ കാൽനട അസാധ്യമായിരിക്കെ  പാതയോരങ്ങളിൽ കൂടി വേണം കാൽനടയാത്രക്കാർക്കു സഞ്ചരിക്കാൻ. എന്നാൽ ഇവിടങ്ങളിൽ വാഹനങ്ങൾ നിരനിരയായി പാർക്ക് ചെയ്യുന്നതിനാൽ അവർക്കു സഞ്ചരിക്കാൻ പറ്റാത്ത അവസ്ഥയാണ്.  മലയോരത്തെ പ്രധാന ടൗൺ ആയതിനാൽ ദിനംപ്രതി നൂറുക്കണക്കിനാളുകളാണ് ആലക്കോട് ടൗണുമായി ബന്ധപ്പെടുന്നത്. 

ഒട്ടേറെ സർക്കാർ ഓഫിസുകളും നൂറുകണക്കിനു  വ്യാപാരസ്ഥാപനങ്ങളുമുള്ളതിനാലാണിത്.  ഇതിനിടയ്ക്ക് ഓട്ടോ– ടാക്സി  സ്റ്റാൻഡുകളുമുണ്ട്.  പാതയോരം വാഹനങ്ങൾകൊണ്ടുനിറയുമ്പോൾ  കാൽനടയാത്രക്കാർക്കു റോഡിലൂടെ സഞ്ചരിക്കേണ്ടിവരുന്നു. ഇത് അപകടങ്ങൾക്കു കാരണമാകുന്നുണ്ട്.

രാവിലെയും വൈകിട്ടും സ്കൂൾ വാഹനങ്ങളും കൂടിയാകുമ്പോൾ ഗതാഗതക്കുരുക്കും ഉണ്ടാവാറുണ്ട്. നിരവധി വിദ്യാർഥികളും കാൽനടയായി ഈ സമയത്ത് യാത്ര ചെയ്യുന്നുണ്ട്. ആലക്കോട് ടൗണിലെ ഗതാഗതക്കുരക്കിനു പരിഹാരം കാണാൻ നിരവധി സംവിധാനങ്ങൾ പരീക്ഷിച്ചുവെങ്കിലും ഒന്നും ഫലവത്തായില്ല.

MORE IN KANNUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama