go

ജില്ലാ പൊലീസ് സഹകരണസംഘം വീണ്ടും തിരഞ്ഞെടുപ്പിലേക്ക്

Kannur News
SHARE

കണ്ണൂർ∙ ഒട്ടേറെ രാഷ്ട്രീയക്കളികൾക്കു കളമൊരുങ്ങിയ ജില്ലാ പൊലീസ് സഹകരണ സംഘം വീണ്ടും തിരഞ്ഞെടുപ്പിലേക്ക്. 3 വനിതകൾ അടക്കം 12 പേരടങ്ങുന്ന ഭരണസമിതിയെ 28നു തിരഞ്ഞെടുക്കും.ജില്ലാ പൊലീസ് മേധാവി സ്ഥിരം പ്രസിഡന്റായ സഹകരണ സംഘത്തിൽ ജില്ലയിലെ ആറായിരത്തോളം വരുന്ന പൊലീസുകാരാണ് വോട്ടർമാർ. യുഡിഎഫ് അനുകൂല മുൻ ഭരണസമിതിയെ പിരിച്ചുവിട്ടതിനു ശേഷം ഒരു വർഷത്തിലേറെയായി സഹകരണ സംഘം അഡ്മിനിസ്ട്രേറ്റീവ് ഭരണത്തിനു കീഴിലായിരുന്നു.

യുഡിഎഫ് അനുകൂല ഭരണസമിതിയെ പിരിച്ചുവിട്ടു 2017ൽ സഹകരണ വകുപ്പ് അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏർപ്പെടുത്തിയിരുന്നു. തുടർന്നു ഹൈക്കോടതി വിധിയെത്തുടർന്നു പഴയ ഭരണസമിതി വീണ്ടും അധികാരത്തിലെത്തി. 2018ൽ വീണ്ടും പിരിച്ചുവിട്ടതിനെതിരെ ഇതേ ഭരണസമിതി നൽകിയ കേസ് ഹൈക്കോടതിയിൽ തുടരുന്നതിനിടെയാണു വീണ്ടും തിരഞ്ഞെടുപ്പ് വരുന്നത്.

2013 ഒക്ടോബറിൽ നടത്തിയ തിരഞ്ഞെടുപ്പിൽ മേലുദ്യോഗസ്‌ഥരുടെ കൺമുൻപിൽ പൊലീസുകാർ ഇടതുവലതു ചേരിതിരിഞ്ഞു തമ്മിൽത്തല്ലിയതിനെ തുടർന്നു സംഘം തിരഞ്ഞെടുപ്പു നിർത്തിവച്ചിരുന്നു. പിന്നീടു കോടതി ഇടപെട്ടാണു തിരഞ്ഞെടുപ്പ് പൂർത്തിയാക്കിയത്. തർക്കം പരിഹരിക്കാനെത്തിയ അന്നത്തെ കണ്ണൂർ ഡിവൈഎസ്‌പി പി.സുകുമാരനെ പൊലീസുകാർ കയ്യേറ്റം ചെയ്തിരുന്നു. ഈ സംഭവത്തിൽ കുറ്റക്കാരായ 29 പൊലീസുകാരെ പിന്നീടു സസ്പെൻഡ് ചെയ്തു.

പൊലീസുകാർ രാഷ്‌ട്രീയമായി വിഘടിച്ചു നിൽക്കുന്ന കണ്ണൂരിൽ പൊലീസ് സഹകരണസംഘത്തിൽ ഒരു കാരണവശാലും ഇനി തിരഞ്ഞെടുപ്പു നടത്തരുതെന്നു മുൻ ഡിജിപി കെ.എസ്. ബാലസുബ്രഹ്‌മണ്യം സർക്കാരിനു റിപ്പോർട്ട് നൽകിയിരുന്നു.ഇനി തിരഞ്ഞെടുപ്പു നടന്നാലും സംഘർഷം ഉണ്ടാകുമെന്നും അതിനാൽ കണ്ണൂർ എസ്‌പി, ഡിവൈഎസ്‌പി എന്നിവരെ ഔദ്യോഗിക ഭാരവാഹികളാക്കി ഭരണസമിതിയെ നാമനിർദേശം ചെയ്യണമെന്നുമായിരുന്നു ഡിജിപിയുടെ ശുപാർശ.ഏതുവിധേനെയും ഭരണം പിടിച്ചെടുക്കാൻ ഒരുവിഭാഗവും എന്തുവിലകൊടുത്തും എതിർക്കാൻ മറുവിഭാഗവും ഒരുങ്ങിയിരിക്കെയാണ് ഇക്കുറി വീണ്ടും തിരഞ്ഞെടുപ്പ് വരുന്നത്.

പൊലീസ് സഹകരണ സംഘം

പൊലീസുകാർക്കു കുറഞ്ഞ പലിശ നിരക്കിൽ വായ്‌പ അനുവദിക്കാൻ 1994ൽ രൂപീകരിച്ചതാണു സഹകരണ സംഘം. നിലവിൽ 100 കോടിയിലേറെ രൂപയുടെ നിക്ഷേപം. ജില്ലാ പൊലീസ് മേധാവി സ്ഥിരം പ്രസിഡന്റായ സൊസൈറ്റിയുടെ ദൈനംദിന ഭരണം നടത്തുന്നത് ഓണററി സെക്രട്ടറിയാണ്. 5 വർഷം കൂടുമ്പോഴുള്ള തിരഞ്ഞെടുപ്പു വഴി ഭരണസമിതിയെ തിര‍ഞ്ഞെടുക്കും.

ജില്ലയിൽ പൊലീസ് അസോസിയേഷനും പൊലീസ് ഓഫിസേഴ്‌സ് അസോസിയേഷനും പിടിച്ചെടുക്കുന്ന പക്ഷം തന്നെ സഹകരണ സംഘം ഭരിക്കുന്നതാണു പതിവ്. ഇക്കുറി രണ്ട് അസോസിയേഷനുകളും സിപിഎം അനുകൂല വിഭാഗത്തിന്റേതാണ്.

MORE IN KANNUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama