go

പട്ടയം വെറും പറ്റിക്കലായി; ആറളത്തെ കർഷക കുടുംബങ്ങൾക്ക് ദുരിതം

Kannur News
SHARE

ഇരിട്ടി∙ ആറു പതിറ്റാണ്ടായി കൈവശം വച്ചു പോരുന്ന ഭൂമിക്കു പട്ടയം ലഭിക്കാത്തതിന്റെ ദുരിതത്തിൽ ആറളം പഞ്ചായത്തിൽപ്പെട്ട അമ്പക്കണ്ടിയിലെയും കൊതേരിയിലെയുമായി 308 കർഷക കുടുംബങ്ങൾ. അമ്പലക്കണ്ടിയിലെ 261 കുടുംബങ്ങളും ചെടിക്കുളം കൊട്ടാരത്തെ 47 കുടുംബങ്ങളാണ് സ്വന്തം ഭൂമിക്ക് പട്ടയം നിഷേധിക്കപ്പെട്ടു കഴിയുന്നത്. ആറു മാസം മുൻപ് അമ്പലക്കണ്ടിയിലെ താമസക്കാർക്കെല്ലാം പട്ടയം വിതരണം ചെയ്യുന്നതിനായി  പന്തലടക്കം ഒരുക്കിയിരുന്നു.

പക്ഷേ, പട്ടയം അനുവദിക്കുന്ന ഭൂമി കനകത്തിടം ട്രസ്റ്റിന്റെ അധീനതയിലുള്ളതാണെന്നുന്നയിച്ചു ഭാരവാഹികൾ ഹൈക്കോടതിയിൽ  നൽകിയ പരാതിയുമായി ബന്ധപ്പെട്ട് കോടതിയലക്ഷ്യം വന്നേക്കാമെന്ന നിയമ ഉപദേശത്തെ തുടർന്നു തലേദിവസം മന്ത്രി തന്നെ ഇടപെട്ട് പട്ടയമേള മാറ്റുകയായിരുന്നു. നിയമ നടപടികൾ പൂർത്തിയാക്കി 2 മാസത്തിനുള്ളിൽ പട്ടയം നൽകുമെന്നും ഇക്കാര്യത്തിൽ ഉദ്യോഗസ്ഥ തലത്തിൽ വീഴ്ച വരുത്തിയവർക്കെതിരെ നടപടി എടുക്കുമെന്നും പ്രഖ്യാപനം വന്നെങ്കിലും ഒന്നും നടന്നില്ല. 

61 വർഷം മുൻപു മുതൽ കർഷകരുടെ കൈവശത്തിലുള്ള സർവേ നമ്പർ 238 ൽപ്പെട്ട 134 ഏക്കർ ഭൂമിക്കാണ് പ്രശ്‌നം. 2 സെന്റ് മുതൽ 2.5 ഏക്കർ വരെ കൈവശമുള്ളവരാണ് താമസക്കാർ. അമ്പലക്കണ്ടിയിലെ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയുടെയും മഹാവിഷ്ണു ക്ഷേത്രത്തിന്റെയും സ്ഥലങ്ങളും പട്ടയം കിട്ടേണ്ടതിൽപ്പെടും.    ചെടിക്കുളം കൊട്ടാരത്ത് 47 കുടുംബങ്ങൾ വിലകൊടുത്തു വാങ്ങി വർഷങ്ങളായി താമസിക്കുന്ന പ്രദേശം  മിച്ചഭൂമിയാണെന്ന റവന്യു അധികൃതരുടെ കണ്ടെത്തലാണ് പ്രതിസന്ധി തീർത്തിരിക്കുന്നത്.

2015 ഏപ്രിൽ വരെ താമസക്കാരിൽ നിന്നും നികുതി  സ്വീകരിച്ചിരുന്നു. 5 മാസം മുൻപ് ഈ കുടുംബങ്ങൾ താമസിക്കുന്ന സ്ഥലം അളന്നു തിരിക്കാൻ എത്തിയ റവന്യു സംഘത്തെ ആറളം പഞ്ചായത്ത് പ്രസിഡന്റ് ഷിജി നടുപ്പറമ്പിലിന്റെ നേതൃത്വത്തിൽ നാട്ടുകാർ തടഞ്ഞ് തിരിച്ചയച്ചിരുന്നു. പ്രദേശത്ത് 10.09 ഏക്കർ  മിച്ചഭൂമിയുണ്ടെന്നാണ് റവന്യു കണ്ടെത്തൽ. മിച്ചഭൂമിയാണെന്ന്് അറിയാതെ വില കൊടുത്തുവാങ്ങി വഞ്ചിതരായവരെ സഹായിക്കാൻ ഭൂപരിഷ്‌ക്കരണ നിയമത്തിലെ ഭേദഗതിയനുസരിച്ചു  നടപടി തുടങ്ങിയെങ്കിലും തീരുമാനം ആയില്ല. 5 സെന്റു മുതൽ ഒരേക്കർ വരെയുള്ള ഭൂമിയാണ് 47 കുടുംബങ്ങളുടെ കൈവശം ഉള്ളത്. 

ഇരു പ്രദേശത്തും പട്ടയം ലഭിക്കാഞ്ഞതിനാൽ ബാങ്ക് വായ്പ പുതുക്കൽ, റേഷൻ കാർഡ് പുതുക്കൽ, തദ്ദേശ ഭരണ - സർക്കാർ ആനുകുല്യങ്ങൾ എന്നിവ ഉൾപ്പെടെ നിഷേധിക്കപ്പെടുകയാണ്. 

MORE IN KANNUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama