go

അമ്മ ഒരു നൊമ്പരമായി ഇന്നും മനസ്സിൽ; ആ ബാല്യം ഇങ്ങനെ

Kannur News
SHARE

കണ്ണൂർ∙ യുവാവായിക്കഴിഞ്ഞ് ഒരുതവണ കേരളത്തിലെത്തിയപ്പോൾ നിക്ക് അവന്റെ പെറ്റമ്മയ്ക്കായി ഒരുപാടു തിരച്ചിൽ നടത്തിയിരുന്നു. ഇപ്പോൾ അങ്ങനെയൊരു അന്വേഷണം നടത്തുന്നുണ്ടോയെന്നറിയില്ല. പക്ഷേ, എത്ര വർഷം കഴിഞ്ഞാലും എത്ര ഉയരത്തിലെത്തിയാലും, അമ്മ ഒരു നൊമ്പരമായി അവന്റെ മനസ്സിലുണ്ടാകും– മലയാളിയായ പെറ്റമ്മ ഉപേക്ഷിച്ചെങ്കിലും വളർത്തച്ഛന്റെയും അമ്മയുടെയും തണലിൽ വളർന്ന് ഇന്ന് സ്വിറ്റ്സർലൻഡിലെ എംപിയായി മാറിയ നിക്‌ളൗസ് സാമുവൽ ഗുഗ്ഗറിന്റെ മനസ്സു വായിക്കാൻ കെ.എം. രഘുനാഥക്കുറുപ്പിനു കഴിയും.

തലശ്ശേരി നെട്ടൂർ ടെക്നിക്കൽ ട്രെയിനിങ് ഫൗണ്ടേഷനിൽ (എ‍ൻടിടിഎഫ്) സഹപ്രവർത്തകനായിരുന്ന സ്വിറ്റ്സർലൻഡ് സ്വദേശി ഫ്രിറ്റ്സ് ഗുഗ്ഗർ നിക്കിനെ ദത്തെടുത്തു വളർത്തിയ കാലത്ത് അതിനു സാക്ഷിയായിരുന്നു രഘുനാഥക്കുറുപ്പ്. കത്തുകളിലൂടെയും ഫോൺ വിളികളിലൂടെയും സന്ദർശനങ്ങളിലൂടെയും ഇന്നും ആ സൗഹൃദം സൂക്ഷിക്കുന്നു അദ്ദേഹം. രണ്ടു വർഷത്തിലൊരിക്കലെങ്കിലും വിദേശത്തുനിന്നു വിരുന്നെത്തുന്ന കുടുംബ സുഹൃത്താണു നിക്ക്.

ഉപേക്ഷിക്കപ്പെട്ട കുഞ്ഞ് വളർന്നു സ്വിറ്റ്‌സർലൻഡ് പാർലമെന്റേറിയനായി മാറിയ കഥ ഇന്നലെ മലയാള മനോരമയിലൂടെ വായിച്ചറിഞ്ഞു വിളിച്ചവരോടെല്ലാം ആ അടുപ്പത്തെക്കുറിച്ചാണ് അദ്ദേഹത്തിനു പറയാനുണ്ടായിരുന്നത്.സ്വിറ്റ്സർലൻഡ് പ്രൊട്ടസ്റ്റന്റ് ചർച്ചിന്റെ പിന്തുണയിൽ 1959ൽ തലശ്ശേരിയിൽ ആരംഭിച്ച എൻടിടിഎഫിലേക്ക് ഫ്രിറ്റ്സ് ഗുഗ്ഗർ അധ്യാപകനായി എത്തിയത് 1969ലാണ്.

ഭാര്യ എലിസബത്തിനൊപ്പം ഗുണ്ടർട്ട് ബംഗ്ലാവിലായിരുന്നു താമസം. വിവാഹം കഴിഞ്ഞ് ഏറെ നാളായിട്ടും കുഞ്ഞുണ്ടാകാത്തതിന്റെ ദുഃഖം ഇരുവരെയും അലട്ടിയിരുന്നതായി അന്ന് എൻടിടിഎഫിൽ കാഷ്യറായിരുന്ന കുറുപ്പ് ഓർക്കുന്നു.അങ്ങനെയിരിക്കേ ഒരു ദിവസം ഒരാൺ കുഞ്ഞുമായി ഇരുവരും ബംഗ്ലാവിലെത്തി. എവിടെ നിന്നെന്നോ, ഏതു സാഹചര്യത്തിൽ ലഭിച്ചതാണെന്നോ ആരോടും പറഞ്ഞില്ല.

അവർക്കൊപ്പം സ്വന്തം മകനായി ബംഗ്ലാവിൽ വളർന്നു. നിക്‌ളൗസ് സാമുവൽ ഗുഗ്ഗർ എന്നു പേരിട്ടെങ്കിലും എല്ലാവർക്കും അവൻ നിക്ക് ആയിരുന്നു. ഇതിനിടെ രണ്ടു പെൺകുഞ്ഞുങ്ങൾ കൂടി അവർക്കുണ്ടായി. ആറുവർഷം കഴിഞ്ഞ് മൂന്നു മക്കളുമായി ഫ്രിറ്റ്സും എലിസബത്തും മടങ്ങി.

സ്വിറ്റ്സർലൻഡിലായിരിക്കുമ്പോൾ പഴയ സഹപ്രവർത്തകർക്ക് മുടങ്ങാതെ കത്തയയ്ക്കുമായിരുന്നു. എല്ലാവർക്കും വേണ്ടി എലിസബത്താണു കത്തെഴുതുക. മക്കളുടെ വിശേഷങ്ങളാകും അധികവും. കൃത്യമായി മറുപടി അയയ്ക്കുന്നതുകൊണ്ടാകാം മുടങ്ങാതെ തനിക്കു കത്തുകൾ ലഭിച്ചിരുന്നതെന്നു കുറുപ്പ് പറയുന്നു.

നിക്ക് കുഞ്ഞായിരിക്കുമ്പോൾ എല്ലാവരും കൂടി തലശ്ശേരിയിലെത്തിയിരുന്നു. പിന്നീടും പലതവണ വന്നു. അതിൽ മിക്കപ്പോഴും കുറുപ്പിന്റെ വീട്ടിലുമെത്തി. ഏറ്റവുമൊടുവിൽ നിക്ക് എത്തിയത് 2017 മേയിലാണ്. പഴയ കത്തിടപാട് ഇപ്പോൾ വാട്സാപ്പിലേക്കു മാറി.മനോരമ വാർത്ത വാട്സാപ്പ് വഴി നിക്കിന്റെ ശ്രദ്ധയിൽപെടുത്തിയപ്പോൾ, ഈ വേനലവധിക്കാലത്ത് എന്തായാലും തലശ്ശേരിയിൽ എത്തുമെന്നായിരുന്നു മറുപടി.അഞ്ചുവർഷം മുൻപ് എൻടിടിഎഫിൽ നിന്നു ഡിവിഷനൽ മാനേജരായി വിരമിച്ച രഘുനാഥക്കുറുപ്പ് തിരുവങ്ങാട്ടെ വീട്ടിൽ വിശ്രമ ജീവിതത്തിലാണ്.

MORE IN KANNUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama