go

ക്രിക്കറ്റ് ലോകത്തെ പ്രതിഭാശാലി ഇനി ചരിത്രത്താളുകളിൽ മാത്രം

kannur news
സി.എം.അശോക് ശേഖർ
SHARE

കണ്ണൂർ ∙  കർണാടകയുടെ എസ്.എം.എച്ച്.കിർമാനി, തമിഴ്നാടിന്റെ പി.കെ.ബല്യപ്പ, ഹൈദരാബാദിന്റെ കൃഷ്ണമൂർത്തി, കേരളത്തിന്റെ ഡോ.ദിലീപ് മോസസ്, എസ്.ദേവരാജ്, സി.എം.അശോക് ശേഖർ. 1960കളിലും 70കളിലും ദക്ഷിണേന്ത്യ കണ്ട മികച്ച വിക്കറ്റ് കീപ്പർമാർ ഇവരൊക്കെയായിരുന്നു. ടെസ്റ്റ് താരങ്ങളടങ്ങിയ തമിഴ്നാടിനോടും ഹൈദരാബാദിനോടും കർണാടകയോടും നെഞ്ചു വിരിച്ചു ക്രീസിൽ പൊരുതി കേരളത്തെ ദേശീയ തലത്തിൽ അടയാളപ്പെടുത്തിയ കാലഘട്ടത്തിന്റെ പ്രതിനിധിയാണു കഴിഞ്ഞ ദിവസം നിര്യാതനായ കണ്ണൂർ സ്വദേശി അശോക് ശേഖർ.

മഹത്തായ കണ്ണൂർ ക്രിക്കറ്റ് പാരമ്പര്യത്തിലെ സുവർണപ്രതിഭ.1967ൽ മദ്രാസിനെതിരെയാണ് അശോക് ശേഖറിന്റെ  രഞ്ജി അരങ്ങേറ്റം. 77ൽ തമിഴ്നാടിനെതിരെ അവസാന മത്സരവും. 14 മത്സരങ്ങളിൽ കേരളത്തെ നയിച്ചു. കരിയറിൽ 34 മത്സരങ്ങൾ. മൈസൂരിനെതിരെ 1970 നവംബറിൽ നായകനാകുമ്പോൾ പ്രായം 24. 1971ൽ കണ്ണൂർ പൊലീസ് മൈതാനിയിൽ ആന്ധ്രക്കെതിരെ 5 വിക്കറ്റ് വിജയം നേടിയ ക്യാപ്റ്റൻ. 1974ൽ വെങ്കട്ട് രാഘവൻ നയിച്ച തമിഴ്നാടിനെതിരെ തലശ്ശേരിയിൽ കേരളം മികച്ച പ്രകടനം നടത്തിയപ്പോഴും കപ്പിത്താനായി അശോക് ശേഖർ.

1971ൽ സിലോൺ ടീമിന്റെ  ഇന്ത്യൻ പര്യടനത്തിൽ കേരള ഇലവനു വേണ്ടിയും അശോക് പാഡണിഞ്ഞു. സ്പോർട്സ് കോട്ടയിൽ ക്രിക്കറ്റിൽ നിയമനം നൽകിയ ആദ്യ പൊതുമേഖലാ സ്ഥാപനമായ എസ്ബിടിയുടെ ഭാഗ്യമുദ്ര കൂടിയായിരുന്നു അശോക് ശേഖർ. സുരി ഗോപാലകൃഷ്ണൻ–ഒ.െക.രാംദാസ് ഓപ്പണിങ് കൂട്ടുക്കെട്ട് മികച്ച സ്കോർ പടുത്തുയർത്തുമ്പോൾ ടീം വിജയത്തിൽ വിക്കറ്റ് കീപ്പറായ അശോകിന്റെ  പങ്ക് സുപ്രധാനമായിരുന്നു.  

1971 മുതൽ 78 വരെ നായക പദവി. 1968ൽ ജോലിയിൽ പ്രവേശിച്ചു 2006ൽ കണ്ണൂർ റീജിയണൽ മാനേജരായി വിരമിച്ചു. സംസ്ഥാന സ്കൂൾ ടീം, സംസ്ഥാന ജൂനിയർ ടീം, കേരള സർവകലാശാല ടീം എന്നിവയിലൂടെയാണു രഞ്ജി ക്യാപ് അണിയുന്നത്. കണ്ണൂർ ബ്രദേഴ്സ് ക്ലബിന്റെ നായകനായിരുന്നു. നാഗ്ജി കിരീടം എംആർസിക്കു സമ്മാനിച്ച ആദ്യ മലയാളി നായകൻ ചിദാനന്ദൻ, കേരള സന്തോഷ് ട്രോഫി താരം തീർത്ഥാനന്ദൻ എന്നിവരുടെ പിന്നാലെ സി.എം.അശോക് ശേഖറും ഓർമകളുടെ ലോകത്തേയ്ക്ക് യാത്രയായി.

MORE IN KANNUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama