go

തിരഞ്ഞെടുപ്പ്: പൊലീസ് ഒരുക്കം തുടങ്ങി

Kannur News
SHARE

കണ്ണൂർ∙ ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ഒരുക്കങ്ങളുമായി പൊലീസ്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ മാനദണ്ഡങ്ങൾ പ്രകാരം കേരളത്തിൽ ഏറ്റവും കൂടുതൽ പ്രശ്നഭരിത പോളിങ് ബൂത്തുകളുള്ള ജില്ലയെന്ന നിലയിലാണു കണ്ണൂരിലെ സുരക്ഷാ നടപടികൾ നേരത്തെ ആരംഭിക്കുന്നത്.  തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റ നടപടികൾ പൂർത്തിയാകുന്നതോടെ തിരഞ്ഞെടുപ്പ് സുരക്ഷ പൂർണമായും ആരംഭിക്കും.

ജില്ലയിലേക്ക് അയൽ സംസ്ഥാനങ്ങളിൽ നിന്ന് അനധികൃതമായി ലഹരി, കറൻസി കടത്ത് തടയുന്നതിനായി കൂട്ടുപുഴയിൽ പ്രത്യേക ചെക്പോസ്റ്റ് സ്ഥാപിച്ചു പരിശോധന തുടങ്ങി.  മാഹി അതിർത്തിയിൽ പൊലീസിന്റെ നിരീക്ഷണവും പരിശോധനയുമുണ്ട്. ഒരാഴ്ചയ്ക്കുള്ളിൽ മാഹിയിലും പൂർണതോതിൽ ചെക്പോസ്റ്റ് സ്ഥാപിക്കും. 

രഹസ്യാന്വേഷണ വിഭാഗം നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പിൽ പ്രശ്നങ്ങളുണ്ടാക്കാൻ സാധ്യതയുള്ളവരുടെ പ്രത്യേക പട്ടിക പൊലീസ് തയാറാക്കിയിട്ടുണ്ട്. ഇവർക്കെതിരെയുള്ള കരുതൽ നടപടികൾ തുടങ്ങിക്കഴിഞ്ഞു.കണ്ണൂർ ലോക്സഭാ മണ്ഡലത്തിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 50 ബൂത്തുകളിൽ 90%ൽ ഏറെ പോളിങ് നടന്നിരുന്നു.  ഇവ അടക്കമുള്ള പ്രശ്നഭരിത ബൂത്തുകളുടെ താൽക്കാലിക പട്ടിക തയാറാക്കിയിട്ടുണ്ട്. 

ഇവയിൽ 29 എണ്ണവും തളിപ്പറമ്പ് നിയോജക മണ്ഡലത്തിന്റെ പരിധിയിൽ വരുന്നവയാണ്. ഇതിനു പുറമേ കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടെ മാവോയിസ്റ്റുകളുടെ സാന്നിധ്യമുണ്ടായ മേഖലകളും ഇത്തവണ പ്രശ്നബാധിത ബൂത്തുകളുടെ പട്ടികയിൽ ഉൾപ്പെടുത്തുന്നുണ്ട്. ഈ മേഖലയിൽ പ്രത്യേക സുരക്ഷ ഏർപ്പെടുത്താനാണു തീരുമാനം.

പ്രശ്നബാധിതം, അതീവ പ്രശ്നബാധിതം, സംഘർഷഭരിതം തുടങ്ങി തിരഞ്ഞെടുപ്പു കമ്മിഷൻ നിർദേശിക്കുന്ന മാനദണ്ഡങ്ങൾ അനുസരിച്ചുള്ള എല്ലാതരം പോളിങ് ബൂത്തുകളും ജില്ലയിലുണ്ടെന്നാണ് ഇതുവരെ വിലയിരുത്തിയിട്ടുള്ളത്. ഇവയുടെ അന്തിമ പട്ടിക രണ്ടാഴ്ചയ്ക്കുള്ളിൽ പുറത്തുവിടും.തിരഞ്ഞെടുപ്പിനു മുന്നോടിയായി പൊലീസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റ നടപടികൾ പുരോഗമിക്കുകയാണ്. സർക്കിൾ ഇൻസ്പെക്ടർ, സബ് ഇൻസ്പെക്ടർമാരുടെ സ്ഥലംമാറ്റം എന്നിവ രണ്ടാഴ്ചയ്ക്കുള്ളിൽ പൂർത്തിയാകും. ഡിവൈഎസ്പിമാരെ ഒരാഴ്ച മുൻപു സ്ഥലംമാറ്റിയിരുന്നു.

MORE IN KANNUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama