go

കടലും തീരവും സാക്ഷിയായി ബീച്ച് റൺ;ഒരുമയോട്ടം

kannur news
1.പയ്യാമ്പലത്ത് നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സ് സംഘടിപ്പിച്ച ബീച്ച് റണ്ണിൽ നിന്ന്.2.പയ്യാമ്പലത്ത് നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സ് സംഘടിപ്പിച്ച ബീച്ച് റണ്ണിൽ പങ്കെടുത്ത വിദേശ വനിതയുടെ ആഹ്ലാദം. ചിത്രം:മനോരമ
SHARE

കണ്ണൂർ∙ ആയിരത്തിലേറെപ്പേർ ഒരുമിച്ചോടിയത് ജയിച്ചു സമ്മാനം വാങ്ങാനായിരുന്നില്ല. ഓട്ടം എന്ന നല്ല ആരോഗ്യശീലത്തെ ജയിപ്പിക്കാനായിരുന്നു. ആ ലക്ഷ്യത്തിൽ ഫിനിഷ് ചെയ്തു കണ്ണൂർ ബീച്ച് റൺ നാലാമത് എഡിഷനു കൊടിയിറങ്ങി. നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സ് സംഘടിപ്പിച്ച ബീച്ച് റണ്ണിനെ സ്വദേശികളും വിദേശികളും ചേർന്നു നെ‍ഞ്ചേറ്റിയപ്പോൾ വേഗത്തിനും കുതിപ്പിനും ശ്വാസത്തിനും ഒരു ദേശം, ഒരു ഭാഷ, ഒരു താളം...പയ്യാമ്പലം കടലിലെ അലയും തിരയും അപ്രസക്തമാക്കുന്ന ആരവത്തോടെയാണ് രാവിലെ ആറോടെ ആയിരങ്ങൾ പയ്യാമ്പലം പാർക്കിൽ തടിച്ചു കൂടിയത്.

രാവിലത്തെ തണുപ്പു മാറ്റി ശരീരം ചൂടാക്കാൻ സൂംബാ നൃത്തമെത്തി. സൂംബാ പരിശീലകർക്കൊപ്പം ചുവടുവച്ച് ഓരോരുത്തരും മാരത്തൺ ആവേശത്തിലേക്ക് ഓടിക്കയറി. രാജ്യാന്തര പ്രഫഷനലുകളും രാജ്യത്തെ മുൻനിര മാരത്തൺ താരങ്ങളും അണിനിരന്ന രാജ്യാന്തര വിഭാഗം 10 കിലോമീറ്റർ റൺ ആയിരുന്നു ആദ്യം. രാജ്യാന്തരതലത്തിൽ ഇന്ത്യൻ മാരത്തണിന്റെ മുഖമായ ഒളിംപ്യൻ ടി. ഗോപി ഫ്ലാഗ് ഓഫ് ചെയ്തു. പിന്നാലെ 10 കിലോമീറ്റർ അമച്വർ റണ്ണിനും മൂന്നു കിലോമീറ്റർ ഹെൽത്ത് റണ്ണിനും കൊടിവീശി.

ഹെൽത്ത് റണ്ണിൽ മൂന്നു വയസുകാരി മുതൽ എഴുപത്തെട്ടുകാരൻ വരെ അണിനിരന്നു. വിദേശികൾ ഉൾപ്പെടെ മിക്കവരും കുടുംബമായാണു ഹെൽത്ത് റണ്ണിൽ പങ്കെടുത്തത്. രാജ്യാന്തര വിഭാഗത്തിൽ പുരുഷൻമാരിൽ പഞ്ചാബ് സ്വദേശി രഞ്ജിത് സിങ്ങും വനിതകളിൽ ഇടുക്കി സ്വദേശി ഏഞ്ചൽ ജെയിംസും ഒന്നാം സ്ഥാനക്കാരായി. പുരുഷവിഭാത്തിൽ കെനിയൻ സ്വദേശി സിമിയോൺ രണ്ടാം സ്ഥാനവും എം.പി. നബീൽ ഷാ മൂന്നാം സ്ഥാനവും നേടി. വനിതകളിൽ ദിവ്യാ ജോർജ് രണ്ടാം സ്ഥാനവും സാന്ദ്ര മൂന്നാം സ്ഥാനവും നേടി.

അമച്വർ വിഭാഗത്തിൽ പുരുഷൻമാരിൽ ഒന്നാമതെത്തിയത് ബിനുവാണ്. സഞ്ജിത്ത്, രവി കിരൺ എന്നിവർ യഥാക്രമം 2,3 സ്ഥാനങ്ങൾ നേടി. വനിതകളിൽ യു. നീതുവാണു ജേതാവ്. ശ്രുതി രണ്ടാംസ്ഥാനവും സ്റ്റെല്ല മൂന്നാം സ്ഥാനവും നേടി. ഹെൽത്ത് റണ്ണിൽ സാന്ദ്ര ഒന്നാമതെത്തി. രാജ്യാന്തര വിഭാഗത്തിൽ 50000 രൂപ, 25000 രൂപ, 10000 രൂപ,

അമച്വർ വിഭാഗത്തിൽ 25000, 15000, 5000, ഹെൽത്ത് റണ്ണിൽ 5000, 2500, 1000 എന്നിങ്ങനെയായിരുന്നു ആദ്യ മൂന്നു സ്ഥാനങ്ങൾക്കു സമ്മാനത്തുക. ചേംബർ പ്രസിഡന്റ് കെ. വിനോദ് നാരായണൻ, സെക്രട്ടറി സഞ്ജയ് ആറാട്ടുപൂവാടൻ, ബീച്ച് റൺ ചെയർമാൻ പി.കെ. മെഹ്ബൂബ്, കൺവീനർ എ.കെ. റഫീഖ് എന്നിവർ ബീച്ച് റണ്ണിനു നേതൃത്വം നൽകി. മലയാള മനോരമയായിരുന്നു ബീച്ച് റണ്ണിന്റെ മാധ്യമ പങ്കാളി.

ബീച്ച് റൺ വളരണമെന്ന് ഒളിംപ്യൻ ടി. ഗോപി

കണ്ണൂർ∙ ഒരു ഹാഫ് മാരത്തൺ ആയെങ്കിലും കണ്ണൂർ ബീച്ച് റൺ വളരണമെന്ന് ഒളിംപ്യൻ ടി. ഗോപി. ബീച്ച് റൺ ഫ്ലാഗ് ഓഫ് ചെയ്യാനെത്തിയതായിരുന്നു അദ്ദേഹം. ഓരോ എഡിഷനിലും പങ്കാളിത്തം കൂടിവരുന്നതു ശുഭസൂചകമാണ്. കൂടുതൽ പ്രഫഷനലാകുമ്പോൾ രാജ്യാന്തരതലത്തിൽ പേരെടുത്ത അത്‌ലീറ്റുകൾ എത്തും. കണ്ണൂർ പോലൊരു സ്ഥലത്തു നാലു വർഷമായി മുടങ്ങാതെ ഇത്തരമൊരു റൺ നടത്താൻ കഴിയുന്നതു വലിയ കാര്യമാണെന്നും ഗോപി പറഞ്ഞു.


MORE IN KANNUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama