go

പയ്യന്നൂർ കാറ്റ്

kannur news
ഓവറോൾ ചാംപ്യൻമാരായ പയ്യന്നൂർ കോളജ്.
SHARE

ശ്രീരാഗാണ് താരം

മോണോ ആക്ട് സി.ഇ.ശ്രീരാഗ്

ഏകാഭിനയ വേദിയിൽ താരമായി സി.ഇ.ശ്രീരാഗ്. ചെർക്കള മാർത്തോമ കോളജിലെ ബികോം വിദ്യാർഥിയായ ശ്രീരാഗാണ് തന്റെ പരിമിതികളെ മറികടന്നു വേദിയിൽ താരമായത്. ബധിര വിദ്യാർഥിയായ ശ്രീരാഗിനു എകാഭിനയത്തിൽ മറ്റു വിദ്യാർഥികൾക്കൊപ്പം മത്സരിക്കുകയെന്നത് ഒരു സ്വപ്നമായിരുന്നു. നിശബ്ദ കൊലയാളിയാകുന്ന മൊബൈൽ ഗെയിമുകളുടെ  ഭീഷണിയാണ് ശബ്ദമില്ലാതെ അഭിനയത്തിലൂടെ ശ്രീരാഗ് കാഴ്ച വച്ചത്. സ്പെഷൽ സ്കൂൾ കലോത്സവങ്ങളിലെ മിന്നും താരമായ ശ്രീരാഗ് സർവകലാശാല കലോത്സവത്തിലും മികച്ച പ്രകടനം കാഴ്ച വെയ്ക്കാനായ സന്തോഷത്തിലാണ്.

കലോത്സവത്തിനു തിരശ്ശീല വീണു

കലമാമാങ്കത്തിന് തിരശീല വീണു. സമാപന സമ്മേളനം മന്ത്രി  ഇ.ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. കലാ കൂട്ടായ്മകൾക്ക് മാത്രമേ പുതിയ കാലത്തെ നിർവചിക്കാൻ കഴിയുകയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു. സർവകലാശാല യൂണിയൻ അധ്യക്ഷ വി.പി.അമ്പിളി അധ്യക്ഷത വഹിച്ചു.  

പി.കരുണാകരൻ എംപി സമ്മാനദാനം നടത്തി. കാഞ്ഞങ്ങാട് നഗരസഭ അധ്യക്ഷൻ വി.വി.രമേശൻ, നീലേശ്വരം നഗരസഭ അധ്യക്ഷൻ പ്രഫ. കെ.പി.ജയരാജൻ, സിൻഡിക്കേറ്റ് അംഗങ്ങളായ ബിജു കണ്ടക്കൈ കണ്ണൂർ, എ.നിഷാന്ത്, ‍ഡിഎസ്എസ് പത്മനാഭൻ കാവുമ്പായി, നെഹ്റു കോളജ് പ്രിൻസിപ്പൽ ഡോ. ടി.വിജയൻ, കോളജ് മാനേജർ ഡോ.എ.വിജയരാഘവൻ, ശ്രീജിത്ത് രവീന്ദ്രൻ, വി.കെ.നീരജ് എന്നിവർ പ്രസംഗിച്ചു.

ഒന്നല്ല രണ്ടല്ല മൂന്നല്ല...7ാം തവണയും സ്നേഹ

സ്നേഹ പലിയേരി

തുടർച്ചയായി ഏഴാം തവണയും മോണോ ആക്ടിൽ ഒന്നാം സ്ഥാനം  നേടി സ്നേഹ പലിയേരി. കുറ്റൂർ ജെബിഎസ് ബിഎഡ് കോളജിലെ അവസാന വർഷ വിദ്യാർഥിയാണ്. സർവകലാശാല കലോത്സവത്തിൽ തുടർച്ചയായി ഏഴാം തവണ ഒന്നാം സ്ഥാനത്തെത്തുന്ന അപൂർവതയും സ്നേഹയുടെ വിജയത്തിനു പിന്നിലുണ്ട്. പയ്യന്നൂർ കോളജിൽ ബിരുദ, ബിരുദാന്തര പഠന കാലത്തും ഏകാഭിനയ കലയിൽ വിജയം സ്നേഹക്കൊപ്പമായിരുന്നു. കഴിഞ്ഞ വർഷം മികച്ച ഡബ്ബിങ് ആർട്ടിസ്റ്റിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും സ്നേഹ നേടിയിട്ടുണ്ട്. ബി.അജിത്കുമാറിന്റെ ‘ഈട’ എന്ന ചിത്രത്തിലെ ഡബ്ബിങ്ങിനായിരുന്നു പുരസ്കാരം.

സർവകലാശാല പ്രതിഭ

കലോത്സവത്തിലെ സർവകലാശാല പ്രതിഭകളായി കണ്ണൂർ എസ്എൻ കോളജിലെ അതുൽ കൃഷ്ണയും പയ്യന്നൂർ കോളജിലെ ടി.കെ.അഷിമ മനോജും തിരഞ്ഞെടുക്കപ്പെട്ടു. കഥകളിയിൽ ഒന്നാം സ്ഥാനവും മദ്ദളത്തിൽ മൂന്നാം സ്ഥാനവും നേടിയാണ് അതുൽ കൃഷ്ണ ആൺകുട്ടികളുടെ പ്രതിഭ പട്ടം നേടിയത്. ബിഎ ഇംഗ്ലിഷ് വിദ്യാർഥിയാണ്.അഷിമയാകട്ടെ, ഉറുദു കവിതാലാപനം, ലളിതഗാനം എന്നിവയിൽ ഒന്നാം സ്ഥാനവും ഹിന്ദുസ്ഥാനി, ഗസൽ എന്നിവയിൽ രണ്ടാം സ്ഥാനവും നേടിയാണ് പെൺകുട്ടികളുടെ തിലക പട്ടം സ്വന്തമാക്കിയത്. പയ്യന്നൂർ കോളജിലെ ബിഎ ഇംഗ്ലിഷ് അവസാന വർഷ വിദ്യാർഥിനിയാണ് അഷിമ.

കലാകിരീടം പയ്യന്നൂർ കോളജിന്

കലാകിരീടം തുടർച്ചയായ എട്ടാം തവണയും നേടി പയ്യന്നൂർ കോളജ് കണ്ണൂർ സർവകലാശാല യൂണിയൻ കലോത്സവത്തിൽ ജേതാക്കളായി. കണ്ണൂർ സർവകലാശാല നടത്തിയ 21 കലോത്സവങ്ങളിൽ 18 തവണയും പയ്യന്നൂരാണ് ജേതാക്കളായത്.

സംഗീത പ്രതിഭ

കണ്ണൂർ സർവകലാശാല കലോത്സവത്തിലെ സംഗീതപ്രതിഭയായി എം.സി.മൃദുൽരാഗ്. മട്ടന്നൂർ പഴശിരാജ എൻഎസ്എസ് കോളജിലെ ബിഎ ഇംഗ്ലിഷ് വിദ്യാർഥിയാണ്. ഘടം, നാദസ്വരം, ഓടക്കുഴൽ എന്നീ ഇനങ്ങളിൽ ഒന്നാം സ്ഥാനം നേടി.

രാധികയും പിരാന്തും ബായനും അഭിമന്യുവും: നാടക വേദിയിൽ

അഞ്ജിത ജെ.പ്രകാശ് (നിർമലഗിരി കോളജ് നിർമലഗിരി)

രാത്രി പകലാക്കി നാടകവേദി. രാധികയും പിരാന്തും ബായനും അഭിമന്യുവും വേദി നിറഞ്ഞപ്പോൾ സദസും ആവേശത്തിലായി. രാത്രിയെറെ വൈകിയാണ് മലയാളം നാടകം തുടങ്ങിയത്‍. മത്സരം പുലർച്ചെ 3 വരെ നീണ്ടു. കോ-ഓപ്പറേറ്റീവ് കോളജ് പിലാത്തറയുടെ ‘രാധിക’ എന്ന നാടകമാണ് ഒന്നാം സ്ഥാനം നേടിയത്.  ഡോൺബോസ്‌കോ കോളജിന്റെ ‘പിരാന്ത്’ രണ്ടാം സ്ഥാനവും നേടി.

കൂത്തുപറമ്പ് നിർമലഗിരി കോളജിന്റെ ‘ബായൻ’, പയ്യന്നൂർ കോളജിന്റെ ‘അഭിമന്യു’ എന്നീ നാടകങ്ങൾ മൂന്നാം സ്ഥാനവും നേടി. രാധിക എന്ന നാടകത്തിലെ നായിക എൻ.അശ്വതി സുരേഷ്, ബായനിലെ നായിക അഞ്ജിത ജയപ്രകാശ് എന്നിവർ മികച്ച നടികളായി. രാധികയിലെ സഞ്ജയനായി എത്തിയ പ്രണവ് ആണ് മികച്ച നടൻ.

നൃത്ത പ്രതിഭ

പി.അനശ്വര

കണ്ണൂർ സർവകലാശാല യൂണിയൻ കലോത്സവത്തിലെ നൃത്ത പ്രതിഭയായി കണ്ണൂർ എസ്എൻ കോളജിലെ എംഎ അവസാന വർഷ ഇംഗ്ലിഷ് വിദ്യാർഥിനി പി.അനശ്വരയെ തിര‍ഞ്ഞെടുത്തു. തുടർച്ചയായ അഞ്ചാം വർഷമാണ് അനശ്വര നൃത്ത പ്രതിഭയാകുന്നത്. ഭരതനാട്യം, മോഹിനിയാട്ടം, നാടോടി നൃത്തം എന്നിവയിൽ ഒന്നാം സ്ഥാനവും കുച്ചിപ്പുടിയിൽ മൂന്നാം സ്ഥാനവും നേടി. തലശ്ശേരി നായനാർ റോഡിലെ പരേതനായ അശോകന്റെയും ലീലയുടെയും മകളാണ്.

ദൃശ്യ-നാടക പ്രതിഭ

സനൽ കുമാർ

കണ്ണൂർ സർവകലാശാല യൂണിയൻ കലോത്സവത്തിലെ ദൃശ്യ-നാടക പ്രതിഭയായി നീലേശ്വരം പാലാത്തടം ക്യാംപസിലെ ടി.സനൽകുമാറിനെ തിര‍ഞ്ഞെടുത്തു.  മിമിക്രി, മോണോ ആക്ട് എന്നിവയിൽ ഒന്നാം സ്ഥാനം നേടി.

MORE IN KANNUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama