go

കമ്യൂണിസ്റ്റ് ആരോഗ്യത്തിന് അരക്കഴഞ്ച് സിഎംപി

kannur news
SHARE

ധനവാൻ ദൈവരാജ്യത്തി‍ൽ കടക്കുന്നതിനെക്കാൾ ഒട്ടകം സൂചിക്കുഴലിലൂടെ കടക്കുന്നത് എത്ര എളുപ്പമെന്നാണു ബൈബി‍ൾ പറയുന്നത്. കാശുള്ളവൻ സ്വർഗരാജ്യത്തിൽ കടക്കില്ലെന്നല്ല. സൂചിക്കുഴലിലൂടെ ഒട്ടകത്തെ കടത്തുന്നതാണ് ഏറ്റവും ബുദ്ധിമുട്ടുള്ള പണിയെന്നു മനസിലാക്കിയാൽ മതി. അതിലും ബുദ്ധിമുട്ടുള്ള പണിയാണു സിപിഎമ്മിൽ ഏതെങ്കിലും പാർട്ടി ലയിക്കുക എന്നത്. ഈ ബുദ്ധിമുട്ടുള്ള പണി പറ്റിച്ചത് അര (അരവിന്ദാക്ഷൻ വിഭാഗം) സിഎംപിയാണ്. സിപിഎമ്മിൽ ലയിച്ചതു പാർട്ടിയാണെങ്കിലും അലിഞ്ഞില്ലാതാകുന്നത് ആരൊക്കെയെന്നും എന്തൊക്കെയെന്നും വൈകാതെയറിയാം.

ചക്ഷു:ശ്രവണ ഗളസ്ഥമാം ദർദുരം എന്ന എഴുത്തച്ഛൻ വാക്യം പോലെയായിരുന്നു ഇത്രയും കാലം അര സിഎംപിയുടെ അവസ്ഥ. എംവിആർ മരിച്ചപ്പോൾ മുതൽ സിപിഎമ്മെന്ന പാമ്പിന്റെ വായിലെ തവളയായിരുന്നു അര സിഎംപി. തുപ്പുമോ, വിഴുങ്ങുമോ എന്നറിയാതെ ഒരേയിരിപ്പ്. സാധാരണ ഒരു പാർട്ടിയെയും പൂർണമായി തങ്ങൾ വിഴുങ്ങാറില്ലെന്നാണു കൊല്ലത്തെ വിഴുങ്ങൽ സമ്മേളനത്തിൽ കോടിയേരി സഖാവ് പറഞ്ഞത്. പിന്നെ എന്തുകൊണ്ട് അര സിഎംപിയെ മാത്രം? അതിന്റെ കാരണവും സഖാവ് വിഴുങ്ങി.

പാർട്ടിയെ വിഴുങ്ങുന്നതിന്റെ കൂടെ പാർട്ടിയുടെ സ്വത്തുക്കളും വിഴുങ്ങപ്പെടും എന്നതു സാമാന്യ രാഷ്ട്രീയ തത്വമാണല്ലോ. പെണ്ണിന്റെ തറവാട്ടുവിഹിതം കെട്ടുന്ന ചെറുക്കനു കൂടി അവകാശപ്പെട്ടതാണെന്നാണല്ലോ നാട്ടുനടപ്പ്. സിപിഐയും സിപിഎമ്മും ലയിക്കുമോ എന്നായിരുന്നു ഇതുവരെ കേട്ട ചോദ്യം. ഒരു നാഴി എങ്ങനെ മറ്റൊരു നാഴിയിൽ ഇറങ്ങും?. രണ്ടു കമ്യൂണിസ്റ്റ് പാർട്ടികൾ തമ്മിൽ ലയിക്കാറില്ലത്രേ. അപ്പോൾ സിഎംപി (കമ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടി) എന്താ കമ്യൂണിസ്റ്റ് അല്ലേ? നല്ല കമ്യൂണിസ്റ്റ് ആരോഗ്യത്തിന് അരക്കഴഞ്ച് സിഎംപി വിഴുങ്ങിയാൽ അത്യുത്തമം എന്നു പറശ്ശിനിക്കടവിലെ വിഷവൈദ്യൻ സിപിഎമ്മിനെ ഉപദേശിച്ചിട്ട് ശ്ശി നാളായി.

എംവിആറിനെ വിഴുങ്ങിയാൽ തൊണ്ടയിൽ തടഞ്ഞാലോ എന്നായിരുന്നു ആശങ്ക. എംവിആർ മരിച്ചശേഷം, വിഴുങ്ങാനായി പ്ലേറ്റിൽ കയറിയിരുന്നവരോടു സിപിഎം പറഞ്ഞത്, നിങ്ങൾ കമ്യൂണിസ്റ്റ് പാർട്ടി അല്ലാതായി വരൂ എന്നാണ്. അങ്ങനെ ബ്രാക്കറ്റ് പാർട്ടിയായി. ബ്രാക്കറ്റിൽ നേതാക്കളുടെ പേരു വയ്ക്കുന്നതു കമ്യൂണിസമല്ലല്ലോ. കമ്യൂണിസം കല്ലിലുരച്ചു കളഞ്ഞപ്പോൾ അര സിഎംപി അരക്കഴഞ്ച് സിഎംപിയായി. രോഗി ഇച്ഛിച്ചതും വൈദ്യൻ കൽപിച്ചതും ഒന്ന്! എന്നാൽ ഇതൊന്നും അവർ സമ്മതിച്ചുതരില്ല. യുഡിഎഫിനൊപ്പമായിരുന്നപ്പോഴും തങ്ങൾ കമ്യൂണിസ്റ്റ് വിരുദ്ധരായിരുന്നില്ലെന്നാണു വിഴുങ്ങൽ സമ്മേളനത്തിൽ ഒരു നേതാവ് പ്രസംഗിച്ചത്.

അതുകൊണ്ടാണ് വിമോചന സമരത്തിന്റെ 50–ാം വാർഷികം അടിച്ചുപൊളിക്കണ്ടേ എന്നു കോൺഗ്രസുകാർ ചോദിച്ചപ്പോൾ, അപ്പണിക്കു നമ്മളിലെന്നു പറഞ്ഞു സുലാൻ വച്ചത്. വിമോചനസമരം പോകട്ടെ, കൂത്തുപറമ്പ് രക്തസാക്ഷിത്വ ദിനത്തിന്റെ കാര്യമോർക്കുമ്പോഴാണ്. സഖാവ് നികേഷ് കുമാറിൽ നിന്നു ദീപശിഖ ഏറ്റുവാങ്ങി രക്തസാക്ഷി മണ്ഡപത്തിൽ സ്ഥാപിച്ചശേഷം ഡിവൈഎഫ്ഐക്കാർ തൊണ്ടപൊട്ടുമാറുച്ചത്തിൽ വിളിക്കുമായിരിക്കും– രക്തസാക്ഷികൾ സിന്ദാബാദ്... കഴിഞ്ഞതെല്ലാം മറക്കാമെന്നും ഭാവിയെക്കുറിച്ചു ചിന്തിക്കാമെന്നുമാണു കോടിയേരിയുടെ ആഹ്വാനം. മറവി ഒരനുഗ്രഹമാണ്, നേതാക്കൾക്കെങ്കിലും...

∙വാൽപയറ്റ്: പാർട്ടി പത്രത്തിന്റെ ജൂബിലിയാഘോഷത്തിൽ പങ്കെടുക്കാതെ ജില്ലാ സെക്രട്ടറി പാലക്കാട്ടെ പരിപാടിക്കു പോയി– കണ്ണൂരിന്റെ താരകമാണെങ്കിലും ഏതെങ്കിലും ഒരു ജില്ലയുടെ ആകാശത്തുതന്നെ നിൽക്കണമെന്നു വാശിപിടിക്കാൻ പറ്റുമോ?

MORE IN KANNUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama