go

ലോക്സഭാ തിരഞ്ഞെടുപ്പ്; കണ്ണൂരിൽ ആർക്കൊക്കെ നറുക്കുവീഴും

SHARE

കണ്ണൂർ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ കണ്ണൂർ മണ്ഡലത്തിലെ സ്ഥാനാർഥി ചിത്രം ഏതാണ്ടു തെളിയുമ്പോൾ അവ്യക്തത തുടരുന്നതു ജില്ലയുടെ ഭാഗമായി നിൽക്കുന്ന സമീപ മണ്ഡലങ്ങളിൽ. കണ്ണൂരിൽ കെ. സുധാകരനാകും യുഡിഎഫ് സ്ഥാനാർഥിയെന്ന സന്ദേശം നേതാക്കളിലേക്കും പ്രവർത്തകരിലേക്കും എത്തിക്കഴിഞ്ഞു. ഇടതു സ്ഥാനാർഥിപ്പട്ടികയിൽ സിറ്റിങ് എംപി പി.കെ. ശ്രീമതിയുടേത് ഒഴികെ ഒരു പേരും പുറത്തുവന്നിട്ടുമില്ല. അതേസമയം, കണ്ണൂരിലെ സ്ഥാനാർഥി നിർണയം സമീപ മണ്ഡലങ്ങളിലെ സ്ഥാനാർഥി നിർണയത്തിൽ ചെറുതല്ലാത്ത സ്വാധീനമുണ്ടാക്കും. സ്ഥാനാർഥി നിർണയത്തിൽ ആദ്യ നീക്കം എതിരാളിയുടേതാകട്ടെയെന്ന് ഇരു മുന്നണികളും ആഗ്രഹിക്കുന്നത് അതുകൊണ്ടുകൂടിയാണ്.

കണ്ണൂരിലും വടകരയിലും ഭൂരിപക്ഷ സമുദായത്തിൽനിന്നാണു സ്ഥാനാർഥിയെങ്കിൽ കാസർകോട് കഴിഞ്ഞ തവണത്തേതുപോലെ ന്യൂനപക്ഷ സമുദായത്തിലെ സ്ഥാനാർഥി വന്നേക്കും. കാസർകോട്ട് കഴിഞ്ഞതവണ മത്സരിച്ചത് ഇപ്പോഴത്തെ കോഴിക്കോട് ഡിസിസി പ്രസിഡന്റ് ടി. സിദ്ദീഖായിരുന്നു. ഇത്തവണ മണ്ഡലത്തിലുള്ളയാൾ തന്നെ വേണമെന്നു കാസർകോട്ടെ കോൺഗ്രസിൽ ഒരു വിഭാഗം ആവശ്യപ്പെടുന്നു. മുന്നോട്ടുവയ്ക്കുന്ന പേരുകളിൽ ഡിസിസി പ്രസിഡന്റ് ഹക്കിം കുന്നേലും  സുബ്ബയ്യ റൈയും ഉണ്ട്.

എന്നാൽ, ഈ പ്രാദേശിക വാദം അംഗീകരിക്കപ്പെട്ടില്ലെങ്കിൽ വിജയസാധ്യതയുള്ള മറ്റൊരാൾ ജില്ലയ്ക്കു പുറത്തുനിന്നേത്തിയേക്കാം. കണ്ണൂർ സീറ്റിൽ സുധാകരൻ തന്നെ മൽസരിക്കുകയും ഇവിടെ പട്ടികയിലുണ്ടായിരുന്ന അബ്ദുല്ലക്കുട്ടിക്കു മലബാറിൽ ഒരു സീറ്റ് നൽകണമെന്നു നേതൃത്വം തീരുമാനിക്കുകയും ചെയ്താൽ കാസർകോട്ട് നറുക്കുവീഴാം. എന്നാൽ കാസർകോട് മണ്ഡലം എ ഗ്രൂപ്പിന്റെ ക്വോട്ടയിലുള്ളതാണെന്നതു പ്രതിബന്ധമാണ്. നിയമസഭാ തിരഞ്ഞെടുപ്പിൽ സിറ്റിങ് സീറ്റായ കണ്ണൂരിൽനിന്നു തലശ്ശേരിയിലേക്കു മാറ്റപ്പെട്ട അബ്ദുല്ലക്കുട്ടി,

ലോക്സഭാ സ്ഥാനാർഥിത്വത്തിൽ കൂടി തഴയപ്പെട്ടാൽ സജീവ രാഷ്ട്രീയത്തിൽനിന്നു തന്നെ ഒഴിവാകുന്ന സ്ഥിതിവരും. പാർട്ടിയിലും സ്ഥാനങ്ങളില്ല. കണ്ണൂർ ലോക്സഭാ മണ്ഡലത്തിനുള്ള അവകാശ വാദത്തിൽനിന്നു സതീശൻ പാച്ചേനി ആദ്യം തന്നെ പിൻമാറിയെങ്കിലും കണ്ണൂർ നിയമസഭാ മണ്ഡലമെന്ന സാധ്യത പാച്ചേനി മുന്നിൽ കാണുന്നുണ്ട്.

കാസർകോട്ട് എൽഡിഎഫ് സ്ഥാനാർഥി ചർച്ചകളിലേക്ക് ഔദ്യോഗികമായി കടന്നിട്ടില്ലെങ്കിലും മുൻ ജില്ലാ സെക്രട്ടറി സതീഷ് ചന്ദ്രന്റെ പേരാണ് അന്തരീക്ഷത്തിൽ. കാസർകോട് മണ്ഡലത്തിലെ താമസക്കാരനായ കേന്ദ്രകമ്മിറ്റിയംഗം എം.വി. ഗോവിന്ദനെയും ഇവിടെ പ്രതീക്ഷിക്കാം. മുല്ലപ്പള്ളി മത്സരിക്കാനില്ലെന്നു പ്രഖ്യാപിച്ച വടകരയിൽ യുഡിഎഫ് സ്ഥാനാർഥിയായി കെഎസ‌്‌യു പ്രസിഡന്റ് കെ.എം. അഭിജിത്തിന്റെ പേരിനാണു മുൻതൂക്കം.

യുവാക്കൾക്കു പ്രാതിനിധ്യം നൽകണമെന്ന കോൺഗ്രസ് അധ്യക്ഷന്റെ നി‍ർദേശം ഏറ്റെടുത്ത് സ്വന്തം മണ്ഡലം തന്നെ യുവനേതാവിനു മുല്ലപ്പള്ളി വിട്ടുനൽകിയാൽ അൽഭുതപ്പെടാനില്ല. അതേസമയം, കെ.പി. അനിൽകുമാറും ഇവിടെ പട്ടികയിലുണ്ട്. വടകരയിൽ സിപിഎം സ്ഥാനാർഥിയാരെന്നതു കണ്ണൂരിലെ സിപിഎം സ്ഥാനാർഥിയെക്കൂടി ആശ്രയിച്ചിരിക്കും. പി. സതീദേവിയുടെ പേരാണു വടകരയിൽ പറഞ്ഞു കേൾക്കുന്നത്. എന്നാൽ കണ്ണൂരിൽ ശ്രീമതി മത്സരിക്കുമെങ്കിൽ, സമീപ മണ്ഡലമായ വടകരയിലും ഒരു വനിതാ സ്ഥാനാർഥിയെ സിപിഎം ഇറക്കിയേക്കില്ല.

വടകര മണ്ഡലത്തിൽ സ്ഥാനാർഥിത്വത്തിനായി കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജന്റെ പേരുമുണ്ട്. അപ്രതീക്ഷിത സ്ഥാനാർഥിയായി സംസ്ഥാനസമിതിയംഗം ഡോ. വി. ശിവദാസന്റെ പേര് ഇരു മണ്ഡലങ്ങളിലൊന്നിൽ നിർദേശിക്കപ്പെട്ടേക്കാം. മൂന്നു ജില്ലകളിലായി കയറിയിറങ്ങിക്കിടക്കുകയാണു കാസർകോട്, കണ്ണൂർ, വടകര മണ്ഡലങ്ങൾ. ഒരു മണ്ഡലത്തിലെ സ്ഥാനാർഥിയാരെന്നതു സമീപ മണ്ഡലങ്ങളിലെ സ്ഥാനാർഥി നിർണയത്തിലും പ്രധാനമാണ്. സാമുദായികമായ സമവാക്യങ്ങളാണ് ഇതിൽ ഏറ്റവുമധികം പരിഗണിക്കപ്പെടുക.

MORE IN KANNUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama