go

പടിയൂരിലെ നാഷനൽ റിസർച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ ശിലാസ്ഥാപനം 22ന്

SHARE

ഇരിട്ടി∙ പടിയൂർ പഞ്ചായത്തിലെ കല്യാട് തട്ടിൽ 300 കോടി രൂപ ചെലവിൽ  ആരംഭിക്കുന്ന നാഷനൽ റിസർച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ (ഐആർഐഎ)യുടെ ശിലാസ്ഥാപനത്തിന് 5000 പേരെ പങ്കെടുപ്പിക്കാൻ കല്യാട് ചേർന്ന ശിലാസ്ഥാപന സംഘാടക സമിതി രൂപീകരണ യോഗം തീരുമാനിച്ചു. 22ന് വൈകിട്ട് 5നാണ് മുഖ്യമന്ത്രി പിണറായി വിജയൻ ശിലാസ്ഥാപനം നടത്തും. സംഘാടക സമിതി രൂപീകരണ യോഗം ആരോഗ്യവകുപ്പ് മന്ത്രി കെ.കെ.ശൈലജ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ് അധ്യക്ഷത വഹിച്ചു.

ജില്ലാ കലക്ടർ മീർ മുഹമ്മദലി ഐഎഎസ്, പടിയൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.ശ്രീജ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വസന്ത, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്  എം.അനിൽകുമാർ, പടിയൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എം.മോഹനൻ, പഞ്ചായത്തംഗം പി.കെ.ജനാർദ്ദനൻ, ഡോ.കെ.സി.അജിത്ത് കുമാർ എന്നിവർ പ്രസംഗിച്ചു.

ഭാരവാഹികൾ:വ്യവസായ കായിക വകുപ്പ് മന്ത്രി ഇ.പി.ജയരാജൻ (ചെയർമാൻ), പടിയൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.ശ്രീജ (വർക്കിങ് ചെയർപേഴ്സൺ), ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.അനിൽകുമാർ, പടിയൂർ പ‍ഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എം.മോഹനൻ, പഞ്ചായത്തംഗം പി.കെ.ജനാർദ്ദനൻ (വൈസ് ചെയർമാന്മാ‍ർ), ഡോ.അജിത്ത് കുമാർ (കൺവീനർ), കെ.നാരായണൻ, സുനിൽ കുമാർ (ജോ.കൺവീനർമാർ).

നടപടികൾ അതിവേഗത്തിൽ

311 ഏക്കർ സ്ഥലത്ത് ആരംഭിക്കുന്ന നാഷനൽ റിസർച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ (ഐആർഐഎ)യുടെ ശിലാസ്ഥാപനം വരെ എത്തിയത് യുദ്ധകാലാടിസ്ഥാനത്തിൽ. സർവേ പ്രവൃത്തി മുതൽ ഒരു ഘട്ടത്തിലും തടസമില്ലാതെ തുടരുന്ന പദ്ധതിക്കായി ആദ്യ  ഘട്ട നിർമാണത്തിന് 7.5കോടിരൂപ സർക്കാർ വകയിരുത്തിയിട്ടുണ്ട്.  ശിലാസ്ഥാനപത്തിന്റെ അടുത്ത ദിവസം തന്നെ പ്രവൃത്തി ആരംഭിക്കാനാണ് നീക്കം.ബംഗലുവിലെ ആർക്കിടെക് നജീബ് ഖാന്റെ രൂപകൽപ്പനയിൽ നിന്നുള്ള നിർദ്ദേശങ്ങൾ സ്വീകരിച്ചാണ് ഗവേഷണ കേന്ദ്രത്തിന്റെ ഡിസൈൻ.

ഹഡ്കോയ്ക്കാണ് നിർമാണ ചുമതല. 2017 ഫിബ്രവരിയിലാണ് കേരളത്തിൽ ഒരു ആയുർവേദ ഗവേഷണ കേന്ദ്രം സ്ഥാപിക്കണമെന്ന ആശയം ഉദിക്കുന്നത്. ആദ്യ കടമ്പ സ്ഥലം കണ്ടെത്തുകയെന്നതായിരുന്നു. കേരളത്തിൽ എല്ലാ സ്ഥലത്തും അന്വേഷണം നടത്തിയെങ്കിലും ജില്ല കലക്ടർ മീർ മുഹമ്മദലി(ഐഎഎസ്)യാണ് കണ്ണൂർ ജില്ലയിലെ കല്യാട് അനുയോജ്യമായ ഭൂമിയുണ്ടെന്ന് സർക്കാറിനെ അറിയിച്ചത്. കേരളത്തിൽ മറ്റ് മാതൃകകളില്ലാത്ത സ്ഥാപനം ആരംഭിക്കുന്നതിന് മുന്നോടിയായി സർക്കാർ, ഈ രംഗത്തെ വിദഗ്ദരെ ഉൾപ്പെടുത്തി ആദ്യം കൂടിയാലോചന  നടത്തി.

തുടർന്ന് ഇവരുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ പ്രത്യേക സംഘത്തെ നിശ്ചയിച്ച് ഇന്ത്യയിലെ വിവിധ കേന്ദ്രങ്ങൾ സന്ദർശിച്ച് രൂപ രേഖ തയാറാക്കി. ഡോ.എം.എസ്.വല്യത്താനെ പോലുള്ളവരുടെ സഹകരണം ഉറപ്പാക്കാനും ദേശീയ ആയുർമിഷന്റെ അംഗീകാരം നേടിയെടുക്കാനും ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജയുടെ വ്യവസായ മന്ത്രി ഇ.പി.ജയരാജന്റെയും ഇടപെടലും ഉണ്ടായി. സ്ഥലം കണ്ടെത്തിയ ശേഷം ഏറ്റെടുക്കൽ നടപടിക്കായി അളന്ന് തിട്ടപ്പെടുത്തലും അതിർത്തി നിർണ്ണയവുമായിരുന്നു അടുത്ത കടമ്പ.

ഇതിനായി മൂന്ന് മാസം തുടർച്ചയായി ജില്ല സർവേ സൂപ്രണ്ടിന്റെ നേതൃത്വത്തിൽ കല്യാട് പ്രദേശത്തെ 700 ഏക്കറോളം ഭൂമിയിൽ സർവേ നടത്തി. ഇതിൽ നിന്നും 311 ഏക്കർ ഭൂമി ആയൂർവേദ കേന്ദ്രത്തിനായി അളന്ന് തിട്ടപ്പെടുത്തി. ഇത്രയും ഭൂമിയിൽ ആകെ കുടിയൊഴിപ്പിക്കേണ്ടിവരിക രണ്ട് താമസക്കാരെ മാത്രമാണ്. ഇവരെ പുനരധിവസിപ്പിക്കുമെന്ന് സർക്കാർ ഉറപ്പ് നൽകുകയും ചെയ്തു. ഇതോടെ ഭൂമി ഏറ്റെടുക്കൽ എന്ന കടമ്പ പൂർത്തിയായി. ബാക്കി ഭൂമി സർക്കാർ അധീനതയിൽ തന്നെ ആയതിനാൽ വകുപ്പ് തലത്തിലുള്ള നടപടികളും വേഗത്തിൽ നടക്കുന്നു.

ആദ്യ ഘട്ടത്തിൽ  വിട്ടുകിട്ടിയ 36 ഏക്കർ ഭൂമിയിലാണ് ഒന്നാം ഘട്ട നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുക. ആദ്യ ഘട്ടത്തിൽ  100 കിടക്കകളുള്ള ആശുപത്രിയും ഔഷധ ഗവേഷണവും മരുന്ന് നിർമാണവുമാണ് ലക്ഷ്യമിടുന്നത്. ആദ്യ ഗവേഷണം  പ്രായമുള്ളവരെ ബാധിക്കുന്ന രോഗങ്ങളെക്കുറിച്ചും (ജെറിയാട്രിക് കെയർ), കാൻസർ രോഗത്തെക്കുറിച്ചുമായിരിക്കും തുടർന്ന് രാജ്യാന്തര നിലവാരത്തിലുള്ള മ്യൂസിയം, താളിയോല ഗ്രന്ഥങ്ങൾ ഉൾപ്പെടെയുള്ളവയിൽ നിന്നുള്ള ആയൂർവേദ അറിവുകൾ ഡിജിറ്റലൈസ് ചെയ്യൽ, ഹെർബൽ ഗാർഡൻ നിർമാണം, ഗവേഷണകേന്ദ്രത്തിന് ചുറ്റും മതിൽ കെട്ടുന്നതിന് പകരം പ്രകൃതിദത്ത വേലി നിർമാണം എന്നിവയും നടക്കും.

MORE IN KANNUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama