go

കണ്ണൂരിൽ സുധാകരൻ തന്നെ സ്ഥാനാർഥിയായേക്കും

k-sudhakaran
SHARE

കണ്ണൂർ∙ വ്യക്തിപരമായ അസൗകര്യങ്ങൾ മാറ്റിവച്ച് കണ്ണൂരിൽ യുഡിഎഫ് സ്ഥാനാർഥിയാകാൻ കെപിസിസി വർക്കിങ് പ്രസിഡന്റ് കെ. സുധാകരൻ സമ്മതം മൂളിയതായി സൂചന. താൻ മത്സരിക്കേണ്ടതു പാർട്ടിക്ക് അനിവാര്യമെങ്കിൽ തന്റെ താൽപര്യങ്ങളും അസൗകര്യങ്ങളും കണക്കിലെടുക്കുന്നില്ലെന്നു സുധാകരൻ ഡൽഹിയിൽ മുതിർന്ന നേതാക്കളെ അറിയിച്ചു. പ്രചാരണ രംഗത്ത് സിറ്റിങ് എംപി പി.കെ.ശ്രീമതി മുന്നേറുമ്പോൾ, തേരാളിയാരെന്നറിയാതെ കുഴങ്ങിയ യുഡിഎഫിന് ഇതോടെ പകുതി ആശ്വാസമായി.

കണ്ണൂരിൽ കെ.സുധാകരന്റേതല്ലാതെ മറ്റൊരു പേരും ഹൈക്കമാൻഡിനു മുൻപിലെത്തിയില്ല. സംസ്ഥാനത്തുനിന്നുള്ള മുതിർന്ന നേതാക്കളും സുധാകരൻ തന്നെ സ്ഥാനാർഥിയാകണമെന്ന വികാരമാണു പങ്കുവച്ചത്. സംസ്ഥാന രാഷ്ട്രീയത്തിൽ പ്രവർത്തിക്കാനുള്ള താൽപര്യവും ആരോഗ്യപരമായ ചില താൽക്കാലിക അസൗകര്യങ്ങളും ചൂണ്ടിക്കാട്ടിയിരുന്നെങ്കിലും നിർബന്ധം കടുത്തതോടെ, ഹൈക്കമാൻഡ് തീരുമാനിച്ചാൽ മത്സരിക്കുമെന്നു സുധാകരൻ നിലപാടെടുക്കുകയായിരുന്നു. 

അതേസമയം സമീപ മണ്ഡലങ്ങളിലെ സമവാക്യങ്ങൾ, വടകയിൽ മുല്ലപ്പള്ളിയുടെ സ്ഥാനാർഥിത്വം എന്നീ ഘടകങ്ങളെ ആശ്രയിച്ച് അവസാന നിമിഷം എന്തെങ്കിലും മാറ്റമുണ്ടാകാനുള്ള സാധ്യത നേതാക്കൾ തള്ളിക്കളയുന്നില്ല.  മുന്നണിയിലെ ഘടക കക്ഷികൾക്കിടയിൽ സുധാകരനുള്ള സ്വീകാര്യത വോട്ടായി മാറുമെന്നാണു കോൺഗ്രസിന്റെ പ്രതീക്ഷ. പി. ജയരാജൻ വടകരയിൽ മത്സരിക്കുന്ന സാഹചര്യത്തിൽ ജയരാജനോട് അനുഭാവമുള്ള പാർട്ടി നേതാക്കളും പ്രവർത്തകരും വടകരയിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും ഇതു കണ്ണൂർ മണ്ഡലത്തിൽ എൽഡിഎഫിനു സംഘടനാപരമായ ദൗർബല്യമുണ്ടാക്കുമെന്നും യുഡിഎഫ് മനഃപ്പായസമുണ്ണുന്നു. 

MORE IN KANNUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama