go

സ്ഥാനാർഥി പ്രഖ്യാപനത്തിനു മുൻപേ കെ.സുധാകരന് വൻ വരവേൽപ്

Kannur News
കണ്ണൂരിൽ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കാനൊരുങ്ങുന്ന കെ.സുധാകരൻ കണ്ണൂർ റെയിൽവേ സ്‌റ്റേഷനിൽ നൽകിയ സ്വീകരണത്തിൽ പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു. ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി സമീപം.
SHARE

കണ്ണൂർ ∙ സ്ഥാനാർഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചില്ലെങ്കിലും കെപിസിസി വർക്കിങ് പ്രസിഡന്റ് കെ.സുധാകരന് ആവേശകരമായ സ്വീകരണമൊരുക്കി പ്രവർത്തകരും നേതാക്കളും.  രാവിലെ 9.15നു കണ്ണൂരിൽ ട്രെയിൻ ഇറങ്ങുമെന്നായിരുന്നു അറിയിച്ചിരുന്നതെങ്കിലും എട്ടരയോടെ തന്നെ റെയിൽവേ സ്റ്റേഷൻ പരിസരം പ്രവർത്തകരെക്കൊണ്ടു നിറഞ്ഞു.

ട്രെയിൻ വന്നുനിന്നതോടെ ആവേശം അണപൊട്ടി.. ‘‘ ജീവൻവേണേൽ ജീവനിതാ.. രക്തം വേണേൽ രക്തമിതാ..’’ തുടങ്ങിയ മുദ്രാവാക്യവുമായി പ്രവർത്തകർ വലയംതീർത്തതോടെ റെയിൽവേ സ്റ്റേഷനു പുറത്തിറങ്ങാൻ സുധാകരനും നേതാക്കളും ഏറെ പാടുപെട്ടു.  

ട്രെയിനിൽ നിന്ന് ഇറങ്ങിയ സുധാകരനെ ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി ഷാൾ അണിയിച്ചു. കോൺഗ്രസ്, യൂത്ത് കോൺഗ്രസ്, മഹിളാ കോൺഗ്രസ്, കെഎസ്‌യു തുടങ്ങിയവയുടെ നേതാക്കൾക്കൊപ്പം മുസ്‌ലിംലീഗ്, സിഎംപി, ആർഎസ്പി, കേരള കോൺഗ്രസ് (എം), കേരള കോൺഗ്രസ് ജേക്കബ്, ഫോർവേഡ് ബ്ലോക്ക് തുടങ്ങിയ ഘടകകക്ഷികളുടെ നേതാക്കളും സ്വീകരണത്തിൽ പങ്കുചേർന്നു. തുടർന്ന് ഒട്ടേറെ വാഹനങ്ങളുടെ അകമ്പടിയോടെ ഡിസിസി ഓഫിസിലേക്കു പോയി.

കണ്ണൂർ തിരിച്ചുപിടിക്കും: കെ.സുധാകരൻ

രാജ്യത്ത് കോൺഗ്രസ് തിരിച്ചുവരവിന്റെ പാതയിലാണെന്നും അതിന്റെ പ്രതിഫലനം കണ്ണൂർ ഉൾപ്പെടെ കേരളത്തിലെ മുഴുവൻ മണ്ഡലങ്ങളിലുമുണ്ടാകുമെന്നും കെപിസിസി വർക്കിങ് പ്രസിഡന്റ് കെ.സുധാകരൻ.

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ പ്രവർത്തരും നേതാക്കളും ചേർന്നു നൽകിയ സ്വീകരണത്തിനുശേഷം  മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ അക്രമരാഷ്ട്രീയവും ദേശീയതലത്തിൽ ഫാഷിസ്റ്റ് രാഷ്ട്രീയവുമാണു നടക്കുന്നത്.

കണ്ണൂരിലെയും കാസർകോട്ടെയും മലപ്പുറത്തെയും രക്തസാക്ഷികളുടെ വികാരങ്ങൾ നെഞ്ചിലേറ്റിക്കൊണ്ടാണ് യുഡിഎഫ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്.
കഴിഞ്ഞ തവണ നഷ്ടപ്പെട്ട കണ്ണൂർ തിരിച്ചു പിടിക്കുമെന്നും സുധാകരൻ പറഞ്ഞു.

MORE IN KANNUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama