go

കിടപ്പുരോഗിക്ക് നൽകിയ ധനസഹായം 13200 രൂപ, പോസ്റ്റ്മാൻ കയ്യിട്ടുവാരിയത് 11300 രൂപ

Kannur News
ആറളം ആദിവാസി പുനരധിവാസ കേന്ദ്രത്തിലെ കുടിലിൽ സത്യനും തങ്കമ്മയും.
SHARE

കണ്ണൂർ ∙ ആദിവാസിയായ കിടപ്പുരോഗിയെ ശുശ്രൂഷിക്കുന്ന ഭാര്യയ്ക്കു സർക്കാർ നൽകുന്ന ധനസഹായത്തിൽ കയ്യിട്ടുവാരൽ. ആശ്വാസകിരണം പദ്ധതി വഴി ആറളത്തെ ആദിവാസി വീട്ടമ്മയ്ക്കു സംസ്ഥാന സർക്കാർ പല ഘട്ടങ്ങളിലായി അനുവദിച്ച തുക തട്ടിയെടുത്തതു സ്ഥലത്തെ പോസ്റ്റ്മാൻ. 13200 രൂപയുടെ മണി ഓർഡറിൽനിന്ന് 11300 രൂപയാണു കൈക്കലാക്കിയത്. അന്വേഷണം നടത്തിയ തപാൽ വകുപ്പ് താൽക്കാലിക ജീവനക്കാരനായ പോസ്റ്റ്മാനെ പിരിച്ചുവിട്ടു. എന്നാൽ തട്ടിയെടുത്ത തുക കുടുംബത്തിനു ലഭിച്ചില്ല. കിടപ്പുരോഗിയായ ഭർത്താവും നാലു മക്കളും രോഗിയായ അമ്മയും അടങ്ങുന്ന കുടുംബത്തെ പോറ്റാൻ കൂലിപ്പണി ചെയ്യുന്ന വീട്ടമ്മയുടെ അന്നത്തിലാണു കയ്യിട്ടുവാരിയത്. 

കിടപ്പുരോഗികളെ ശുശ്രൂഷിക്കുന്നതിനാൽ മറ്റു ജോലികൾ ചെയ്യാൻ കഴിയാത്ത കുടുംബാംഗത്തിനു പ്രതിമാസം 600 രൂപ നൽകുന്നതാണ് ആശ്വാസകിരണം പദ്ധതി. ആറളം ആദിവാസി പുനരധിവാസകേന്ദ്രത്തിലെ പത്താംബ്ലോക്കിലെ സത്യന്റെ ഭാര്യ തങ്കമ്മയ്ക്കു സർക്കാർ അനുവദിച്ച തുകയാണു തട്ടിയെടുത്തത്.  അഞ്ചു വർഷം മുൻപു നട്ടെല്ലിൽ അസുഖം ബാധിച്ച സത്യന് അരയ്ക്കു താഴെ സ്വാധീനമില്ല.

വീൽചെയറിലാണു ജീവിതം. നട്ടെല്ലു ശരിയാകാൻ ശസ്ത്രക്രിയ വേണമെന്നു ഡോക്ടർമാർ പറഞ്ഞെങ്കിലും പണമില്ലാത്തതിനാൽ ശസ്ത്രക്രിയ വേണ്ടെന്നുവച്ചു. മാസം 3000 രൂപ മരുന്നിനു മാത്രം വേണം. സത്യന്റെ അമ്മയും രോഗിയാണ്. രണ്ടു പേരെയും പരിചരിക്കുന്നതു തങ്കമ്മയാണ്. വിദ്യാർഥികളായ നാലു മക്കൾ. തൊഴിലുറപ്പ് ജോലിക്കു പോയാണു തങ്കമ്മ കുടുംബം പോറ്റുന്നത്.

കുടിശ്ശികയടക്കം ഒരു തവണ 6000 രൂപ മണി ഓർഡർ വന്നപ്പോൾ പോസ്റ്റ്മാൻ നൽകിയത് 500 രൂപ മാത്രം. രണ്ടാമത് കുടിശ്ശികയടക്കം 6000 വന്നപ്പോൾ നൽകിയത് 1000. ഒടുവിൽ രണ്ടു തവണ 600 രൂപ വീതം മണി ഓർഡർ വന്നപ്പോൾ പോസ്റ്റ്മാൻ നൽകിയത് 200 രൂപ വീതം. എന്നാൽ മുഴുവൻ തുകയും കൈപ്പറ്റിയെന്നാണു രസീതിൽ ഒപ്പിട്ടുവാങ്ങിയത്. അക്ഷരാഭ്യാസമില്ലാത്തതിനാലാണു തങ്കമ്മ ചതിയിൽ വീണത്. വയനാട്ടിൽ പഠിക്കുന്ന മകൻ അവധിക്കു നാട്ടിലെത്തിയപ്പോഴാണു തിരിമറി മനസിലായത്.

പരാതിയിൽ തപാൽ വകുപ്പ് അന്വേഷണം നടത്തിയപ്പോഴാണു തിരിമറി വ്യക്തമായത്. 5000 രൂപയുടെ മണി ഓർഡറിൽ ക്രമക്കേട് കണ്ടെത്തിയെന്നും പോസ്റ്റ്മാനെ ജോലിയിൽനിന്നു പിരിച്ചുവിട്ടെന്നും തപാൽ വകുപ്പ് അറിയിച്ചു. മാനന്തവാടി പോസ്റ്റൽ ഇൻസ്പെക്ടറാണ് അന്വേഷിക്കുന്നത്. 

പോസ്റ്റ്മാൻ ജോലി ചെയ്ത രണ്ടു വർഷത്തെ മുഴുവൻ മണി ഓർഡർ ഡെലിവറിയെക്കുറിച്ചും അന്വേഷിക്കും. ആറളം പുനരധിവാസകേന്ദ്രത്തിലെ തന്നെ താമസക്കാരനാണ് ഇയാൾ.5000 രൂപ ഇയാളിൽനിന്ന് ഈടാക്കിയിട്ടുണ്ടെന്നും അന്വേഷണം പൂർത്തിയായാൽ അതു തങ്കമ്മയ്ക്കു നൽകുമെന്നും പോസ്റ്റൽ ഇൻസ്പെക്ടർ പറഞ്ഞു. എന്നാൽ നഷ്ടപ്പെട്ട മുഴുവൻ പണവും തിരിച്ചു നൽകണമെന്നാണു കുടുംബത്തിന്റെ നിലപാട്. 

ആദിവാസിക്ഷേമം ഉറപ്പാക്കേണ്ട എസ്ടി പ്രമോട്ടർമാർ പോലും ഇടപെടാത്തതിനാൽ നീതി തേടി തങ്കമ്മ ആറളം പൊലീസിൽ പരാതി നൽകി.  ഇതേ പോസ്റ്റ്മാന്റെ കാലത്ത് ആറളത്ത് മുൻപും മണി ഓർഡർ തിരിമറിയുണ്ടായിട്ടുണ്ട്.  ജയിൽ തടവുകാരനായ യുവാവ് മാതാവിന് അയച്ചത് 5000 രൂപയുടെ മണി ഓർഡർ. കയ്യിലെത്തിയത് 2500 രൂപ മാത്രം. പോസ്റ്റ് ഓഫിസിലെത്തി പ്രശ്നമുണ്ടാക്കിയപ്പോൾ 2500 രൂപ തിരികെ നൽകി പോസ്റ്റ്മാൻ‍ തടിയൂരി. 

MORE IN KANNUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama