go

കണ്ണൂർ വിമാനത്താവളത്തിന് ആകാശത്ത് അരവയസ്സ് : രണ്ടറ്റം മുട്ടാതെ വരവും ചെലവും

kannur-international-airport
SHARE

പ്രവർത്തനം തുടങ്ങും മുൻപേ തന്നെ റെക്കോർഡിട്ട രാജ്യാന്തര വിമാനത്താവളമാണ് കണ്ണൂരിലേത്. ടിക്കറ്റ് ബുക്കിങ് തുടങ്ങി ആദ്യ 12 മണിക്കൂറിനിടെ എയർ ഇന്ത്യ എക്സ്പ്രസ് വിറ്റത് 5153 ടിക്കറ്റുകളായിരുന്നു. വ്യോമയാന ചരിത്രത്തിലെ അപൂർവതയാണ് ഈ കണക്കുകൾ. ടിക്കറ്റ് നിരക്കുകൾ ഉയർന്നു നിന്നിട്ടും യാത്രക്കാർ കണ്ണൂരിനെ കൈവിട്ടില്ല. പുതിയ വിമാനത്താവളങ്ങൾക്കുണ്ടായ വളർച്ചയുടെ നിരക്കുമായി താരതമ്യപ്പെടുത്തുമ്പോൾ അതുല്യമാണു കണ്ണൂരിന്റെ സ്ഥാനം.

മൂന്നു മാസംകൊണ്ടുതന്നെ ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തിൽ കോഴിക്കോടിനെ മറികടന്നു. 150 ദിവസം പിന്നിടുമ്പോഴേക്കും പ്രതിമാസം ഒന്നരലക്ഷത്തോളം യാത്രക്കാർ ആശ്രയിക്കുന്ന വിമാനത്താവളമായി കണ്ണൂർ മാറി. സർവീസുകളുടെ എണ്ണത്തിലും കുതിപ്പു തുടരുന്നു.  ഇന്നലെ കണ്ണൂർ വിമാനത്താവളം ആറു മാസം പൂർത്തിയാക്കി. എയർ ഇന്ത്യ എക്സ്പ്രസ്, ഗോ എയർ, ഇൻഡിഗോ, എയർ ഇന്ത്യ എന്നീ കമ്പനികളാണ് നിലവിൽ കണ്ണൂരിൽ നിന്നു സർവീസ് നടത്തുന്നത്. 

kannur-airport

യാത്രക്കാരുടെ എണ്ണത്തിൽ കുതിപ്പു തുടരുമ്പോഴും വിദേശ വിമാനങ്ങൾക്ക് അനുമതി, കൂടുതൽ സർവീസുകൾ തുടങ്ങി ഒട്ടേറെ ആവശ്യങ്ങൾ കണ്ണൂരിനുണ്ട്. വ്യോമയാനേതര വരുമാനം വർധിപ്പിക്കാൻ കഴിയാത്തതും വികസനത്തിലെ മുൻഗണനകൾ തീരുമാനിക്കുന്നതിൽ പാളിച്ചപറ്റിയോ എന്ന സംശയവും കണ്ണൂരിന്റെ ആകാശത്ത് കാർമേഘങ്ങളായി തങ്ങിനിൽക്കുന്നു.

കാർഗോ  കോംപ്ലക്സ് തയാർ, വൈകാതെ ചരക്കുനീക്കം

രാജ്യാന്തര വിമാനത്താവളത്തിൽ കാർഗോ കോംപ്ലക്സിന്റെ ആദ്യഘട്ടം പൂർത്തിയായിട്ടുണ്ട്. ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി (ബിസിഎഎസ്), എയർപോർട്ട് ഇക്കണോമിക് റഗുലേറ്ററി അതോറിറ്റി (എഇആർഎ), കസ്റ്റംസ് എന്നീ വിഭാഗങ്ങളുടെ പരിശോധനകൾ പൂർത്തിയാക്കിയാൽ ഈ മാസം തന്നെ പ്രവർത്തനം തുടങ്ങാൻ കഴിയുമെന്നാണു പ്രതീക്ഷ. ആദ്യഘട്ടത്തിൽ ആഭ്യന്തര, രാജ്യാന്തര ചരക്കുകൾ ഇവിടെ രണ്ടുഭാഗങ്ങളിലായി കൈകാര്യം ചെയ്യും.

Kannur Airport

7000 ചതുരശ്ര മീറ്റർ വിസ്തൃതിയിലുള്ള അത്യാധുനിക കാർഗോ കോംപ്ലക്സിന്റെ നിർമാണവും പുരോഗമിക്കുകയാണ്. ഡിസംബറോടെ പൂർത്തിയാവുമെന്നാണു പ്രതീക്ഷിക്കുന്നത്. ഇതു പൂർത്തിയാവുന്നതോടെ രാജ്യാന്തര കാർഗോകൾ പൂർണമായും ഇവിടേക്കു മാറ്റും. ചെറിയ കാർഗോ കോംപ്ലക്സ് ആഭ്യന്തര ചരക്കുനീക്കത്തിനു മാത്രമായും ഉപയോഗിക്കും.  മലബാറിന്റെ എയർ കാർഗോ ഹബ് എന്ന നിലയിൽ കണ്ണൂർ വിമാനത്താവളത്തെ വ സാധ്യതകൾ മുന്നിൽക്കണ്ടാണ് കാർഗോ കോംപ്ലക്സ് ഒരുക്കുന്നത്.

രണ്ടറ്റം മുട്ടാതെ വരവും ചെലവും

യാത്രക്കാരുടെ എണ്ണം കൂടുമ്പോഴും വിമാനത്താവളത്തിനു കാര്യമായ വരുമാനം ലഭിക്കാത്തത് പ്രതിസന്ധികളിലേക്കു വിരൽചൂണ്ടുന്നുണ്ട്. ശമ്പളം വൈകിയതിനെത്തുടർന്ന് ശുചീകരണ തൊഴിലാളികൾ സമരത്തിനു മുതിർന്നതും ഡ്രൈവർമാർ അതൃപ്തി പ്രകടിപ്പിച്ചതുമെല്ലാം ഇതിന്റെ തുടർച്ചയാണ്. പ്രതിമാസം 13 കോടിയോളം നടത്തിപ്പിനു ചെലവാകുമ്പോൾ വരുമാനം നാലുകോടിയോളം മാത്രമാണ്. 892 കോടിരൂപ വായ്പയുള്ള കിയാൽ, 7.5 കോടി രൂപ വീതമാണ് പ്രതിമാസം പലിശയിനത്തിൽ തിരിച്ചടയ്ക്കുന്നത്.

സുരക്ഷാ ചുമതലയുള്ള സിഐഎസ്എഫിന് ശമ്പള ഇനത്തിൽ മാത്രം 2.85 കോടി രൂപ മാസത്തിൽ നൽകണം. വൈദ്യുതി ബിൽ ഇനത്തിൽ ഒരു കോടി രൂപയോളവും കിയാൽ ജീവനക്കാരുടെ ശമ്പള ഇനത്തിൽ മുക്കാൽ കോടിയോളവും ശുചീകരണത്തിന് 77 ലക്ഷവും വാടകയ്ക്കെടുത്ത വാഹനങ്ങൾക്കായി 20 ലക്ഷത്തോളം രൂപയും പ്രതിമാസം ചെലവിടുന്നുണ്ട്. 

Bangaluru news

നോൺ എയ്റോ വരുമാനത്തിലൂടെയാണ് ലോകത്തെ മിക്ക വിമാനത്താവളങ്ങളും ലാഭമുണ്ടാക്കുന്നത്. ഡ്യൂട്ടി പെയ്ഡ് ഷോപ്പുകൾ, ഭക്ഷണശാലകൾ, മറ്റു കച്ചവട സ്ഥാപനങ്ങൾ, പരസ്യം, താമസ–വിശ്രമ സൗകര്യങ്ങൾ, വിമാനത്താവള ഭൂമിയിൽ തുടങ്ങുന്ന മറ്റു സംരംഭങ്ങൾ തുടങ്ങി ഒട്ടേറെ മാർഗങ്ങൾ അതിനായി കണ്ടെത്താറുണ്ട്. നിയമന വിവാദങ്ങളും കരാറുകൾ നൽകുന്നതിലെ പാളിച്ചകളുമെല്ലാം കണ്ണൂരിനെ ഇക്കാര്യത്തിൽ പിന്നിലാക്കി. എയർപോർട് വില്ലേജ് ഉൾപ്പെടെയുള്ള പദ്ധതികൾ പ്രഖ്യാപിച്ചിരുന്നെങ്കിലും മുന്നോട്ടുപോയില്ല.

പ്രതിമാസം ഒന്നു മുതൽ ഒന്നരക്കോടിവരെ വരുമാനമാണ് രാജ്യത്തെ മറ്റു വിമാനത്താവളങ്ങൾക്കു ഡ്യൂട്ടി പെയ്ഡ് ഷോപ്പുകൾ വഴി മാത്രം ശരാശരി ലഭിക്കുന്നത്. ഇതിനായി വിമാനത്താവളം തുടങ്ങുന്നതിനും മാസങ്ങൾക്കു മുൻപേ കരാർ വിളിച്ചിരുന്നെങ്കിലും ഇതുവരെ തുടങ്ങിയിട്ടില്ല. ഫ്ലൈറ്റ് കിച്ചൺ കരാറിലും കൊച്ചിയുമായി താരതമ്യം ചെയ്യുമ്പോൾ നഷ്ടമുണ്ടായെന്ന് ആക്ഷേപമുണ്ട്.  

ഡേ ഹോട്ടൽ തുടങ്ങുന്നതു സംബന്ധിച്ച ചർച്ചകൾ ടെർമിനലിന്റെ പണി നടക്കുന്ന കാലത്തേ തുടങ്ങിയതാണെങ്കിലും കഴിഞ്ഞ മാസം മാത്രമാണ് അതിനുള്ള  കരാർ വിളിച്ചത്. തുടക്കം മുതൽ ഡേ ഹോട്ടൽ യാഥാർഥ്യമായിരുന്നെങ്കിൽ കിയാലിന് ഈ ഇനത്തിലും വരുമാനം ലഭിക്കുമായിരുന്നു. 20 കോടിരൂപ ചെലവിട്ട് അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന്റെ നിർമാണം പുരോഗമിക്കുകയാണ്. ഇതിനു മുൻപേ തുടങ്ങേണ്ടിയിരുന്നത് ഡേ ഹോട്ടൽ ആയിരുന്നില്ലേ എന്ന വാദം ഉയർത്തുന്നവരുമുണ്ട്.

kannur-airport-3

വേണം കൂടുതൽ വിമാനങ്ങൾ

രാജ്യാന്തര സർവീസുകളുടെ കാര്യത്തിൽ മത്സരം കുറവായതുകൊണ്ടുതന്നെ നിരക്ക് താഴുന്നേയില്ല. നിരക്ക് കുറയ്ക്കണമെന്ന് എയർലൈൻ കമ്പനികളുടെ യോഗത്തിൽ മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നെങ്കിലും ചുരുങ്ങിയ നാളുകളിൽ മാത്രമാണ് ടിക്കറ്റ് നിരക്ക് അൽപമെങ്കിലും താഴ്ന്നത്. റമസാൻ അവധി കഴിഞ്ഞ് സ്വന്തം നാട്ടിലെ വിമാനത്താവളം വഴി വിദേശത്തെ ജോലി സ്ഥലത്തേക്കു തിരിച്ചുപറക്കാൻ രണ്ടു മാസത്തെ ശമ്പളം വേണമെന്ന പ്രവാസിയുടെ ഫെയ്സ്ബുക്ക് കുറിപ്പ് കഴിഞ്ഞ ദിവസം ഏറെ ചർച്ചയായിരുന്നു.  

കാർഗോ കോംപ്ലക്സ് പ്രവർത്തനം തുടങ്ങുന്നതോടെ കൂടുതൽ ചരക്ക് കൈകാര്യം ചെയ്യാൻ സാധിക്കുന്ന വിമാനങ്ങൾ കണ്ണൂരിലെത്തണം. പരമ്പരാഗത വ്യവസായ മേഖലയ്ക്കും കുടകിലെ ഉൾപ്പെടെ കൃഷി മേഖലയ്ക്കുമെല്ലാം കാത്തിരിക്കുന്നതും അതിനാണ്. എത്തിഹാദ് പോലുള്ള വിദേശ കമ്പനികളുടെ വിമാനങ്ങൾ എത്തണമെങ്കിൽ കേന്ദ്ര സർക്കാർ കനിയണം. അതിനുള്ള ശ്രമങ്ങൾ കൂട്ടായി നടത്തിയേ തീരൂ. കണ്ണൂരിന് ഏറെ പ്രതീക്ഷ നൽകിയിരുന്ന ജെറ്റ് എയർവെയ്സിന്റെ പതനം തിരിച്ചടിയായെങ്കിലും സ്പൈസ് ജെറ്റ് വൈകാതെ സർവീസ് തുടങ്ങുമെന്നാണു പ്രതീക്ഷ.

ഐഎൽഎസ്, റഡാർ സൗകര്യങ്ങൾ  വേണം

കണ്ണൂർ വിമാനത്താവളത്തിലെ രണ്ടു റൺവേകളിൽ റൺവേ 25 ൽ മാത്രമാണു നിലവിൽ ഇൻസ്ട്രുമെന്റ് ലാൻഡിങ് സിസ്റ്റം (ഐഎൽഎസ്) സ്ഥാപിച്ചിട്ടുള്ളത്. മേയ് 29 നു രാത്രി മുംബെയിൽ നിന്നെത്തിയ ഗോ എയർ വിമാനം മോശം കാലാവസ്ഥ കാരണം കൊച്ചിയിലേക്കു തിരിച്ചുവിട്ടിരുന്നു.

07 റൺവേയിൽ ഐഎൽഎസ് ഉണ്ടായിരുന്നെങ്കിൽ വമാനം വഴിതിരിച്ചുവിടേണ്ടി വരില്ലായിരുന്നുവെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. ഈ റൺവേയിൽക്കൂടി ഐഎൽഎസ് സ്ഥാപിക്കണമെന്ന കിയാലിന്റെ ആവശ്യം എയർപോർട്ട് അതോറിറ്റി അംഗീകരിച്ചത് ആശ്വാസകരമാണ്.വൈകിട്ടും രാത്രിയിലും മൂന്നോ നാലോ വിമാനങ്ങൾ ഒരേ സമയത്തു കണ്ണൂരിന്റെ ആകാശത്ത് എത്തുന്നുണ്ട്. ഇത്തരം സന്ദർഭങ്ങൾ കൈകാര്യം ചെയ്യുന്നതിന് റഡാർ സഹായകമാവും.

റണ്‍വേ നീളുന്നത് എങ്ങോട്ട് ?

നാലായിരം മീറ്റർ റൺവേയെക്കുറിച്ചുള്ള ചർച്ചകൾ തുടങ്ങിയിട്ടു നാളേറെയായി. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് റൺവേയിൽ പരീക്ഷണ പറക്കൽ നടക്കുമ്പോൾ  ഇ.പി.ജയരാജന്റെ നേതൃത്വത്തിൽ പ്രതിഷേധപരിപാടി നടത്തിയിരുന്നത് ഈ ആവശ്യവുമായിട്ടായിരുന്നു. റൺവേ നീട്ടാനായി സ്ഥലമെടുപ്പ് നടപടികൾ പുരോഗമിക്കുകയാണ്. രാജ്യത്ത് ഡൽഹി (4030 മീറ്റർ), ഹൈദരാബാദ് (4260), ബെംഗളൂരു (4200) എന്നീ വിമാനത്താവളങ്ങളിൽ മാത്രമേ 4000 മീറ്ററിനു മുകളിൽ നീളമുള്ള റൺവേയുള്ളൂ. ഇവിടെയൊന്നും 4000 മീറ്റർ മുഴുവനായി ഉപയോഗിച്ചുകൊണ്ടല്ല വിമാനങ്ങൾ സർവീസ് നടത്തുന്നത്.

ചെന്നൈ (3658 മീറ്റർ), കൊൽകൊത്ത (3627), അഹമ്മദാബാദ് (3505), മുംബൈ (3445), കൊച്ചി (3400), തിരുവനന്തപുരം (3400), അമൃത്സർ (3289), ഗോവ (3458) എന്നിങ്ങനെയാണ് രാജ്യത്തെ തിരക്കേറിയ മറ്റു വിമാനത്താവളങ്ങളിലെ റൺവേയുടെ നീളം. കണ്ണൂരിൽ 3050 മീറ്റർ റൺവേയാണ് നിലവിലുള്ളത്. ബോയിങ് 777 വിമാനത്തിനുപോലും പറന്നുയരാൻ 3050 മീറ്റർ റൺവേ ധാരാളം. ഈ സാഹചര്യത്തിലാണ് 2000 കോടിരൂപ കൂടി മുടക്കി റൺവേയുടെ നീളം 4000 മീറ്ററിലേക്ക് ഉയർത്തുന്നത്.  

ഇതിനായി ഓഹരികളിലൂടെ 2000 കോടി രൂപകൂടി അധികമായി സമാഹരിക്കാൻ കിയാൽ ജനറൽബോഡി തീരുമാനിച്ചിട്ടുണ്ട്. ഒരേ സമയം കൂടുതൽ വിമാനങ്ങളെ കൈകാര്യം ചെയ്യുകയാണു ലക്ഷ്യമെങ്കിൽ കണ്ണൂരിന് ആവശ്യം സമാന്തര റൺവേയാണ്. ഇതിനുള്ള സ്ഥലം നേരത്തെതന്നെ കിയാൽ ഏറ്റെടുത്തിട്ടുണ്ട്.

MORE IN KANNUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama