go

കരളലിയിക്കുന്ന കാഴ്ചയായി പോളിയോ ബാധിതയായ അമ്മയും ഓട്ടിസം ബാധിച്ച മകനും

kannur-polasserry
പെരളശ്ശേരി എകെജി സ്മാരക ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ ദുരിതാശ്വാസ ക്യാംപിൽ കഴിയുന്ന കോട്ടത്തെ അജിത്തിന്റെ ഭാര്യയും പോളിയോ ബാധിതയുമായ സ്മിതയും ഓട്ടിസം ബാധിച്ച മകൻ ശരനും.
SHARE

പെരളശ്ശേരി∙ ദുരിതാശ്വാസ ക്യാംപിൽ കരളലിയിക്കുന്ന കാഴ്ചയായി പോളിയോ ബാധിതയായ അമ്മയും ഓട്ടിസം ബാധിച്ച മകനും. പെരളശ്ശേരി കോട്ടത്തെ അജിത്തിന്റെ ഭാര്യ സ്മിതയും ഇളയ മകൻ ശരനുമാണ് പെരളശ്ശേരി എകെജി സ്മാരക ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ ദുരിതാശ്വാസ ക്യാംപിലെ കണ്ണീർകാഴ്ച. ചക്രക്കസേരയുടെ സഹായത്തോടെ മാത്രമേ സ്മിതയ്ക്ക് ഇരുന്ന സ്ഥലത്ത് നിന്ന് അനങ്ങാൻ പോലും സാധിക്കൂ.

ക്യാംപിൽ അച്ഛനും അമ്മയും ദുരിതപ്പെയ്ത്തിന്റെ ആവലാതികൾ പങ്കിടുമ്പോൾ കട്ടിലിൽ അമ്മയുടെ നീട്ടി വച്ച കാലിൽ നിസ്സഹായനായി കിടന്ന് അതിന്റെ ഭീകരത വിവരിക്കുകയാണു ശരൻ. എന്നാൽ, അവ്യക്തമായ ചില ശബ്ദങ്ങൾ മാത്രമേ പുറത്തേക്കു വരുന്നുള്ളൂ. കണ്ടുനിൽക്കുന്നവരെപ്പോലും കരയിക്കും ഈ അനുഭവം. 3 ദിവസം മുൻപ് മഴ ശക്തിപ്പെട്ടപ്പോൾ തന്നെ അജിത്തിന്റെയും സ്മിതയുടെയും ഹൃദയമിടിപ്പിനും വേഗം കൂടിയിരുന്നു. അഞ്ചരക്കണ്ടി പുഴ കര കവിഞ്ഞാണു വീടിന്റെ മുറ്റം വരെ വെള്ളം കയറിയത്.

ഏതു നിമിഷവും വെള്ളം വീടിനകത്തേക്കു കയറുമെന്നു വന്നതോടെ സ്മിതയെയും ശരനെയും സുരക്ഷിത സ്ഥാനത്തേക്കു മാറ്റുക എന്ന ചിന്ത മാത്രമായി അജിത്തിന്. നാട്ടുകാരുടെയും പഞ്ചായത്ത് അധികൃതരുടെയും സഹായത്തോടെയാണു ദുരിതാശ്വാസ ക്യാംപിൽ എത്തിപ്പെട്ടത്. ജന്മനാ ഓട്ടിസം ബാധിതനാണ് ശരൻ. ചെറുപ്പത്തിൽ പോളിയോ ബാധിച്ചെങ്കിലും സ്മിതയുടെ വലതുകാലിനു സ്വാധീനം നഷ്ടപ്പെട്ടത് ഏതാനും വർഷം മുൻപാണ്.

ജീവൻ രക്ഷിക്കാനുള്ള ഓട്ടത്തിനിടയിൽ ക്യാംപിലേക്കു ചക്രക്കസേര എടുക്കാനായില്ല. അതുകൊണ്ട് ക്യാംപിൽ എങ്ങോട്ടും നീങ്ങാനാകാത്ത അവസ്ഥയാണ്. ബെഞ്ചുകൾ കൂട്ടിയിട്ടാണു കിടപ്പ്.  ധരിച്ച വസ്ത്രം മാത്രമെ ക്യാംപിൽ എത്തുമ്പോൾ ഇവർക്ക് ഉണ്ടായിരുന്നുള്ളു. ആര്യനന്ദ, ആരോമൽ, അൻവിയ എന്നിവരാണ് അജിത്ത്- സ്മിത ദമ്പതികളുടെ മറ്റ് മക്കൾ. ഇവരും ക്യാംപിലുണ്ട്. അൻവിയയും ശരനും ഇരട്ടകളാണ്. ഇപ്പോൾ വീടിന്റെ അവസ്ഥയെന്തെന്ന് അറിയില്ല. വീടിനു കാര്യമായ നാശം സംഭവിച്ചെങ്കിൽ എങ്ങനെ നന്നാക്കുമെന്ന ആശങ്കയും കൂലിപ്പണിക്കാരനായ അജിത്തിനുണ്ട്. 

MORE IN KANNUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama