go

ദുരിതാശ്വാസ ക്യാംപുകളിൽ നിന്നു മടക്കം

kannur-clenig
ചിറ്റാരിക്കൊവ്വലിലെ വെള്ളം കയറിയ വീടുകൾ യൂത്ത് ലീഗ് പ്രവർത്തകർ ശുചീകരിക്കുന്നു.
SHARE

പയ്യന്നൂർ ∙ വീട്ടു മുറ്റത്തെ വെള്ളം പിൻവലിഞ്ഞതോടെ ദുരിതാശ്വാസ ക്യാംപുകളിൽ നിന്ന് ജനങ്ങൾ വീട്ടിലേക്ക് മടങ്ങി. പയ്യന്നൂർ താലൂക്കിൽ 21 ദുരിതാശ്വാസ ക്യാംപിൽ 19 എണ്ണവും അവസാനിപ്പിച്ചു. ഈ ക്യാംപുകളിൽ നിന്ന് 710 കുടുംബങ്ങൾ വീടുകളിലേക്ക് മടങ്ങി. വിവിധ സംഘടനകളും സന്നദ്ധ പ്രവർത്തകരും ക്യാംപുകളിൽ പെരുന്നാൾ ദിനം ആയതിനാൽ വിഭവ സമൃദ്ധമായ സദ്യയൊരുക്കി നൽകിയാണ് യാത്രയയച്ചത്.

വീടുകളിൽ ഇവർ എത്തും മുൻപ് സന്നദ്ധ പ്രവർത്തകരും യുവജന സംഘടനകളും ആരോഗ്യ പ്രവർത്തകരും ചേർന്ന് വീടും പരിസരവും കിണറുകളും ശുചീകരിച്ചു. കണ്ടങ്കാളി ഷേണായി സ്മാരക ഹയർ സെക്കൻഡറി സ്കൂൾ, കോറോം വനിത പോളിടെക്നിക് കോളജ്, പയ്യന്നൂർ കോളജ് തുടങ്ങി വിവിധ വിദ്യാലയങ്ങളിലെ എൻഎസ്എസ് വൊളന്റിയർമാരും ക്ലബ് പ്രവർത്തകരും യുവജന സംഘടനകളും ശുചീകരണ പ്രവർത്തനങ്ങൾക്ക് സജീവമായി ഉണ്ടായിരുന്നു.നഗരസഭ തല ശുചീകരണ പ്രവർത്തനം വെള്ളപ്പൊക്കം അനുഭവപ്പെട്ട നഗരസഭ കുട്ടികളുടെ പാർക്കിൽ സി.കൃഷ്ണൻ എംഎൽഎ നിർവഹിച്ചു. നഗരസഭ അധ്യക്ഷൻ ശശി വട്ടക്കൊവ്വൽ അധ്യക്ഷത വഹിച്ചു. കവ്വായി ജിഎം യുപി സ്കൂളിൽ 91 കുടുംബങ്ങളിലെ 381 പേർ ക്യാംപിൽ ഉണ്ടായിരുന്നു.

kannur-dyfi
ചിറ്റാരിക്കൊവ്വലിലെ വെള്ളം കയറിയ വീടുകൾ ഡിവൈഎഫ്ഐ പ്രവർത്തകർ ശുചീകരിക്കുന്നു.

തായത്തുവയലിൽ 43 കുടുംബങ്ങളിലായി 176 പേരും കുഞ്ഞിമംഗലം ഗോപാൽ യുപി സ്കൂളിൽ 33 കുടുംബങ്ങളിലായി 79 പേരും എടാട്ട് വെസ്റ്റ് എൽപി സ്കൂളിൽ 60 കുടുംബങ്ങളിലായി 174 പേരും പെരുമ്പ ജിഎം യുപി സ്കൂളിൽ 46 കുടുംബങ്ങളിലായി 156 പേരും കണ്ടങ്കാളി സ്കൂളിൽ 9 കുടുംബങ്ങളിലായി 26 പേരും മണിയറ സ്കൂളിൽ 20 കുടുംബങ്ങളിലായി 74 പേരും തായിനേരിയിൽ 27 കുടുംബങ്ങളിലായി 123 പേരും രാമന്തളി വടക്കുമ്പാട് സ്കൂളിൽ 34 കുടുംബങ്ങളിലായി 109 പേരുമാണ് ക്യാംപിൽ ഉണ്ടായിരുന്നത്.പയ്യന്നൂർ നഗരസഭയിൽ മുത്തത്തി എൽപി സ്കൂളിലെ ക്യാംപ് അവസാനിപ്പിച്ചിട്ടില്ല. രാമന്തളി വടക്കുമ്പാട് സ്കൂളിൽ സമാപന ചടങ്ങ് സി.കൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. തഹസിൽദാർ കെ.ബാലഗോപാലൻ, പഞ്ചായത്ത് പ്രസിഡന്റ് എം.പി.ഗോവിന്ദൻ, വില്ലേജ് ഓഫിസർ പി.സുധീർ കുമാർ എന്നിവർ പ്രസംഗിച്ചു. 

രാമന്തളി സർവീസ് സഹകരണ ബാങ്ക്, വ്യാപാരി വ്യവസായി സമിതി, കല്ലേറ്റുംകടവ് യുവജന കലാസമിതി എന്നിവരും കിറ്റുകൾ നൽകി. പയ്യന്നൂർ കോഓപ്പറേറ്റീവ് റൂറൽ ബാങ്ക്, വെള്ളൂർ സർവീസ് സഹകരണ ബാങ്ക് തുടങ്ങിയ സഹകരണ സ്ഥാപനങ്ങളും വിവിധ ക്യാംപുകളിൽ സഹായം എത്തിച്ചു.ദുരിതാശ്വാസ ക്യാംപുകളിൽ രോഗം വന്നവർക്കുള്ള കിടത്തി ചികിത്സ സഹകരണ ആശുപത്രി പൂർണമായും സൗജന്യമാക്കി. ക്യാംപുകൾ രാജ് മോഹൻ ഉണ്ണിത്താൻ എംപി, സി.കൃഷ്ണൻ എംഎൽഎ, ടി.വി.രാജേഷ് എംഎൽഎ, നഗരസഭ അധ്യക്ഷൻ ശശി വട്ടക്കൊവ്വൽ കെപിസിസി ജനറൽ സെക്രട്ടറി കെ.പി.കുഞ്ഞിക്കണ്ണൻ, കോൺഗ്രസ് നേതാവ് കെ.സുരേന്ദ്രൻ, സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗം ടി.ഐ.മധുസൂദനൻ എന്നിവർ സന്ദർശിച്ചു.

ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തു

പയ്യന്നൂർ ∙ താലൂക്കിൽ ദുരിതാശ്വാസ ക്യാംപുകളിൽ കഴിഞ്ഞവർക്ക് 710 ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തു. വിവിധ സംഘടനകൾ താലൂക്ക് ഓഫിസ് കൺട്രോൾ റൂമിലെ കലക്‌ഷൻ സെന്ററിലും വിവിധ ദുരിതാശ്വാസ ക്യാംപുകളിൽ നൽകിയ സാധനങ്ങൾ ഉൾപ്പെടെ ഉപയോഗിച്ചാണ് കിറ്റുകൾ നൽകിയത്.ബാക്കി വന്ന കിറ്റുകൾ കലക്ടറുടെ നിർദേശാനുസരണം മറ്റ് താലൂക്കുകൾക്ക് കൈമാറുമെന്ന് തഹസിൽദാർ കെ.ബാലഗോപാലൻ അറിയിച്ചു. പയ്യന്നൂർ ചേംബർ ഓഫ് കൊമേഴ്സ് 50,000 രൂപയുടെ ഭക്ഷ്യ വസ്തുക്കൾ പ്രസിഡന്റ് കെ.യു.വിജയകുമാർ നഗരസഭ അധ്യക്ഷനും തഹസിൽദാർക്കും കൈമാറി.

വ്യാപാരി വ്യവസായി സമിതി 50 പാക്കറ്റ് അരി നൽകി. ബ്യൂട്ടി പാർലർ ഓണേഴ്സ് സമിതി സാധനങ്ങൾ കൈമാറി. ലയൺസ് ക്ലബ് കണ്ടങ്കാളി, പെരുമ്പ, കവ്വായി ദുരിതാശ്വാസ ക്യാംപുകളിലും താലൂക്ക് കലക്‌ഷൻ സെന്ററിലുമായി 1.15 ലക്ഷം രൂപയുടെ അവശ്യ വസ്തുക്കൾ നൽകി. ലയൺസ് ഗവർണർ ഡോ.എസ്.രാജീവ്, വി.ബാലൻ, സുരേഷ് കോർമത്ത്, പ്രസിഡന്റ് ടി.ശങ്കരനാരായണൻ, സെക്രട്ടറി ഡോ.സജിൻ എന്നിവർ തഹസിൽദാർക്ക് കൈമാറി. 

പയ്യന്നൂർ റോട്ടറി ക്ലബ് 2 ലക്ഷം രൂപയുടെ സാധനങ്ങൾ ശ്രീകണ്ഠപുരം നിവാസികൾക്ക് നൽകി. റോട്ടറി പ്രസിഡന്റ് നരേന്ദ്ര ഷേണായി ശ്രീകണ്ഠപുരം നഗരസഭ ചെയർമാന് കൈമാറി. രാമന്തളി മണ്ഡലം കോൺഗ്രസ് കമ്മിറ്റി അരിയും ഭക്ഷണ സാധനങ്ങളും വടക്കുമ്പാട് ദുരിതാശ്വാസ ക്യാംപിൽ എത്തിച്ചു. പ്രസിഡന്റ് വി.വി.ഉണ്ണിക്കൃഷ്ണൻ പഞ്ചായത്ത് പ്രസിഡന്റിന് കൈമാറി. പ്രോഗ്രസീവ് പയ്യന്നൂർ 11 ക്യാംപുകളിലേക്ക് ക്ലീനിങ് സാധനങ്ങളുടെ കിറ്റുകൾ നൽകി.

മുത്തത്തി, കാനായി ദുരിതാശ്വാസ ക്യാപുകളിലെ മുഴുവൻ കുടുംബങ്ങൾക്കും ഭക്ഷണ കിറ്റുകൾ സിപിഎം ഏരിയ കമ്മിറ്റി അംഗം കെ.വി.ലളിതയും കെ.വി.ഗംഗാധരനും ചേർന്ന് വിതരണം ചെയ്തു. പെൻഷനേഴ്സ് യൂണിയൻ ടൗൺ കമ്മിറ്റി 15,000 രൂപ ശുചീകരണ കിറ്റ് വാങ്ങുന്നതിന് പ്രസിഡന്റ് എൻ.കെ.രാഘവൻ തഹസിൽദാർക്ക് കൈമാറി.

പെരുന്നാൾ ദിനത്തിൽ ഭക്ഷണം എത്തിച്ചു

പയ്യന്നൂർ ∙ പെരുന്നാൾ ദിനത്തിൽ വിവിധ ദുരിതാശ്വാസ ക്യാംപുകളിൽ സന്നദ്ധ സംഘടനകളും മുസ്‌ലിം ജമാഅത്ത് കമ്മിറ്റികളും ഭക്ഷണവും സഹായവും എത്തിച്ചു. പെരുമ്പ ജിഎം യുപി സ്കൂൾ, പെരുമ്പ വിദ്യാമന്ദിർ കോളജ് എന്നീ ദുരിതാശ്വാസ ക്യാംപുകളിൽ പെരുമ്പ മുസ്‌ലിം ജമാഅത്ത് കമ്മിറ്റിയാണ് ഉച്ച ഭക്ഷണമായി ബിരിയാണി നൽകിയത്. പ്രസിഡന്റ് എസ്.കെ.ഹംസ ഹാജി ഉദ്ഘാടനം ചെയ്തു.

സെക്രട്ടറി കെ.ടി.സഹദുള്ള പ്രസംഗിച്ചു. രാമന്തളി വടക്കുമ്പാട് സ്കൂൾ ദുരിതാശ്വാസ ക്യാംപിൽ രാമന്തളി മുസ്‌ലിം യൂത്ത് സെന്റർ ഉച്ച ഭക്ഷണമായി ബിരിയാണി നൽകി. കുഞ്ഞിമംഗലം ഗോപാൽ യുപി സ്കൂളിലും എടനാട് വെസ്റ്റ് എൽപി സ്കൂളിലുമുള്ള ദുരിതാശ്വാസ ക്യാംപുകളിൽ ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ ഉച്ചഭക്ഷണം വിതരണം ചെയ്തു. ടി.വി.രാജേഷ് എംഎൽഎ ഉദ്ഘാടനം ചെയ്തു.

ജില്ലാ പ്രസിഡന്റ് കെ.പി.ബാലകൃഷ്ണ പൊതുവാൾ അധ്യക്ഷത വഹിച്ചു. കവ്വായി ജിഎം യുപി സ്കൂൾ ദുരിതാശ്വാസ ക്യാംപിൽ പെരുന്നാൾ ആഘോഷം സംഘടിപ്പിച്ചു. കവ്വായി ശാഖ മുസ്‌ലിം ലീഗ് ഉച്ചഭക്ഷണം നൽകി. കണ്ടങ്കാളി ഷേണായി സ്മാരക ഹയർ സെക്കൻഡറി സ്കൂൾ ദുരിതാശ്വാസ ക്യാംപിൽ യുവ കണ്ടങ്കാളി ഉച്ചഭക്ഷണം നൽകി. മണിയറ ഹിദായത്തുൽ ഇസ്‌ലാം ജമാഅത്ത് കമ്മിറ്റി മണിയറ സ്കൂൾ ദുരിതാശ്വാസ ക്യാംപ് സന്ദർശിച്ച് ഭക്ഷണ സാധനങ്ങൾ വിതരണം ചെയ്തു.

നസീമ നാസറിന്റെ പെരുനാൾ ഭക്ഷണം ദുരിതാശ്വാസ ക്യാംപിൽ 

പയ്യന്നൂർ ∙ പതിനായിരങ്ങളെ ഭക്ഷണം ഊട്ടിയ നസീമ നാസർ ഈ പെരുന്നാൾ ദിനത്തിൽ കുടുംബവുമായി ഭക്ഷണം കഴിച്ചത് വെള്ളപ്പൊക്ക ദുരിതാശ്വാസ ക്യാംപിൽ. പെരുമ്പ ജമാഅത്ത് കമ്മിറ്റി ക്യാംപിൽ വിതരണം ചെയ്ത ബിരിയാണിയാണ് മറ്റുള്ളവർക്കൊപ്പം നസീമയും കഴിച്ചത്. അണപൊട്ടി വരുന്ന ദുഃഖം പുറത്തു കാണിക്കാതെയാണ് പെരുന്നാൾ ഭക്ഷണം കഴിച്ചത്.

 20 വർഷമായി കല്യാണങ്ങൾക്കും മറ്റ് വിശേഷങ്ങൾക്കും നസീമയും ഭർത്താവ് നാസിറും സ്വാദിഷ്ടമായ ബിരിയാണി വെച്ചു വിളമ്പുന്നത്. നസീമയുടെ കൈപ്പുണ്യം അറിയാത്തവർ കണ്ണൂർ, കാസർകോട് ജില്ലകളിൽ വിരളമാണ്. ഓണവും വിഷുവും വലിയ പെരുന്നാളും ചെറിയ പെരുന്നാളും ക്രിസ്മസും നസീമയ്ക്ക് മുന്നിൽ ആഘോഷമാണ്. ആ ദിവസങ്ങളിൽ ബിരിയാണിക്ക് വൻ ഓർഡറുകളാണ് ലഭിച്ചിരുന്നത്. 

ഈ വിശേഷങ്ങളുമായി ബന്ധപ്പെട്ട് സർക്കാർ ഓഫിസുകളിൽ നസീമയുടെ ബിരിയാണിയായിരുന്നു പ്രധാന വിഭവം.  ഇത്തവണ പെരുന്നാൾ ദിനത്തിലും ഒരുപാട് ഓർഡറുകൾ കിട്ടിയതാണ്. അതിനുള്ള ഒരുക്കം നടത്തിക്കൊണ്ടിരിക്കുമ്പോഴാണ് വെള്ളപ്പൊക്കം നസീമയുടെ ചിറ്റാരിക്കൊവ്വലിലുള്ള വീട്ടിലേക്കും കടന്നു കയറിയത്. 

MORE IN KANNUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama