go

നാടാകെ കൈകോർത്തു; വീടുകൾ ശുചിയായി

kannur-police
കോളിക്കടവിൽ വെള്ളത്തിൽ മുങ്ങിയ വീട് വൃത്തിയാക്കുന്ന ഇരിട്ടി പൊലീസ്
SHARE

വെള്ളംകയറി ചെളിയും ചവറും നിറഞ്ഞ വീടുകൾ വാസയോഗ്യമാക്കാൻ നാട് ഒന്നിച്ചു. രാഷ്ട്രീയ പാർട്ടികളുടെ യുവജന സംഘടനകളും വിവിധ സന്നദ്ധ സംഘടനകളും കൂട്ടായ്മകളും കൈകോർത്ത് ഇറങ്ങിയതോടെ നൂറുകണക്കിനു വീടുകൾ ഇന്നലെ വൃത്തിയായി. സുമനസ്സുകളുടെ സഹായത്താൽ ഇവർക്കു ശുചീകരണ സാമഗ്രികളും ലഭിച്ചു.

തളിപ്പറമ്പ് ∙ സിപിഎം, ഡിവൈഎഫ്‌ഐ പ്രവർത്തകർ, കച്ചവട സംഘം, കുടുംബശ്രീ പ്രവർത്തകർ എന്നിവരും നാട്ടുകാരും ചേർന്നാണ് ആന്തൂർ നഗരസഭയിൽ ശുചീകരണത്തിന് ഇറങ്ങിയത്.  പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്ര പരിസരം, കമ്പിൽക്കടവ്, കോൾതുരുത്തി, കൊവ്വൽ, നരിയാടി പ്രദേശങ്ങളിൽ സന്നദ്ധപ്രവർത്തകരെത്തി.

പറശ്ശിനിക്കടവ് പുഴ കരകവിഞ്ഞ് 406 വീടുകളിലാണു വെള്ളം കയറിയത്. മുന്നൂറ്റിഅൻപതോളം വീടുകൾ പെരുന്നാൾ ദിനത്തിൽ ശുചീകരിച്ചു. പറശ്ശിനിക്കടവ് ക്ഷേത്ര പരിസരത്തെ 130 കടകളിൽ വെള്ളം കയറിയിരുന്നു. സാധനങ്ങൾ പൂർണമായും നശിച്ചു. അഗ്നിശമന സേനയുടെ സഹായത്താൽ വെള്ളം പമ്പു ചെയ്താണ് ചെളിയും മാലിന്യങ്ങളും നീക്കിയത്. 

ഇരിട്ടി ∙ ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മേഖലയിൽ 300 വീടുകൾ ശുചീകരിച്ചു. കൂത്തുപറമ്പ്, പിണറായി ബ്ലോക്കുകളിൽ നിന്നുള്ള 200 യുവാക്കളടക്കം 600 പേർ സന്നദ്ധ പ്രവർത്തനം നടത്തി.  

ചെളി കെട്ടി നിന്ന വീടുകളും മണ്ണിടിഞ്ഞ് അവകടാവസ്ഥയിലായ വീടുകളും കിണറുകളും ശുചിയാക്കി. ചാവശ്ശേരി പറയനാട്, വെളിയമ്പ്ര, കുന്നോത്ത്, വള്ളിത്തോട്, ആനപ്പന്തി കവല, പേരട്ട, തൊട്ടിൽ പാലം, കേളൻ പീടിക, പരിക്കളം, നുച്യാട്, പയഞ്ചേരി, മാടത്തിൽ തുടങ്ങിയ സ്ഥലങ്ങളിൽ പ്രവർത്തകരെത്തി. ജില്ലാ സെക്രട്ടറി എം.ഷാജർ, പ്രസിഡന്റ് മനു തോമസ്, ബ്ലോക്ക് സെക്രട്ടറി കെ.ജി.ദിലീപ്, പ്രസിഡന്റ് സിദ്ധാഥ് ദാസ്, അമർജിത്ത്, രാജേഷ് താപ്രവൻ പി.കെ.നോബിൻ, പി.കെ.ശശി, വൈശാഖ് വയത്തൂർ, ആര്യ വത്സൻ തുടങ്ങിയവർ നേതൃത്വം നൽകി.

ചെറുപുഴ ∙ തിരുമേനി, കോറാളി, ചാത്തമംഗലം, കോട്ടക്കടവ് ഭാഗങ്ങളിലെ വീടുകൾ ജനകീയ കൂട്ടായ്മയിൽ ശുചീകരിച്ചു. വിവിധ സംഘടനകളിൽപ്പെട്ട 223 ആളുകളാണു പങ്കെടുത്തത്. പ്രാപ്പൊയിൽ, എയ്യൻകല്ല്, പാറോത്തുംനീർ, പാണ്ടിക്കടവ് തുടങ്ങിയ പ്രദേശങ്ങളിലും ശുചീകരണം നടത്തി. 

തിരുമേനി ഗവ. ഹയർസെക്കൻഡറി സ്കൂൾ, പ്രാപ്പൊയിൽ ഗവ. ഹയർസെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലെ ക്യാംപുകളിൽ ഉണ്ടായിരുന്നവർ വീടുകളിലേക്കു തിരികെപ്പോയി. ആറാട്ടുക്കടവ് കോളനിയിൽ നിന്നു കാട്ടാനകളുടെ ഭീഷണിയെ തുടർന്നു പുളിങ്ങോം ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലേക്കു മാറ്റി പാർപ്പിച്ച കുടുംബങ്ങൾ ഭീതിയെ തുടർന്നു തിരികെ പോയിട്ടില്ല.

പാപ്പിനിശ്ശേരി ∙ തുരുത്തിയിലെ വീടുകൾ ഡിവൈഎഫ്ഐ പാപ്പിനിശ്ശേരി ബ്ലോക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ശുചീകരിച്ചു. ഇരുന്നൂറിലേറെ വൊളന്റിയർമാർ പങ്കെടുത്തു. തകർന്നുപോയ ചില വീടുകളുടെ അറ്റകുറ്റപ്പണികളും ഇവർ ചെയ്തു.

കൂത്തുപറമ്പ് ∙ പൊയനാട്, കീഴത്തൂർ മേഖലയിൽ 36 വീടുകളും പാറോളി ഭഗവതി ക്ഷേത്രം, മണക്കടവ് ക്ഷേത്രം, പാലക്കണ്ടി മടപ്പുര എന്നിവയും ശുചീകരിച്ചു. ഡിവൈഎഫ്ഐയുടെയും സിപിഎമ്മിന്റെയും നൂറോളം പ്രവർത്തകരാണു സേവനരംഗത്തുണ്ടായിരുന്നത്. വേങ്ങാട് അങ്ങാടി മേഖലയിൽ വാർഡ് അംഗം ഹുസൈൻ വേങ്ങാടിന്റെ നേതൃത്വത്തിൽ യൂത്ത് ലീഗ് പ്രവർത്തകരും ഒട്ടേറെ വീടുകൾ ശുചീകരിച്ചു.

ഇരിട്ടി ∙ പ്രളയബാധിതരുടെ കണ്ണീരൊപ്പി പൊലീസ്. 5 ദിവസം വെള്ളത്തിൽ മുങ്ങിക്കിടന്ന കോളിക്കടവിലെ 3 വീടുകൾ സിഐ എ.കുട്ടിക്കൃഷ്ണൻ, എസ്‌ഐ ദിനേശൻ കൊതേരി എന്നിവരുടെ നേതൃത്വത്തിലുള്ള 10 അംഗ സംഘം കഴുകി വൃത്തിയാക്കി. ഡിവൈഎസ്പി സജേഷ് വാഴവളപ്പിന്റെ നേതൃത്വത്തിൽ പൊലീസ് എല്ലാ ക്യാംപുകളിലും എത്തുന്നുണ്ട്.

MORE IN KANNUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama