go

തേർളായി ദ്വീപിൽ ഇക്കുറി പെരുന്നാളില്ല

SHARE

ശ്രീകണ്ഠപുരം ∙ ചെങ്ങളായി പഞ്ചായത്തിൽ തേർളായി ദ്വീപിൽ ഇക്കുറി പെരുന്നാളില്ല. ദ്വീപിലെ 116 കുടുംബങ്ങളും ദുരിതാശ്വാസ ക്യാംപുകളിലായതു കൊണ്ട് പെരുന്നാളാഘോഷിക്കാൻ ആളില്ല. പെരുമ്പാറക്കടവ് പുഴ കരവിഞ്ഞ് ദ്വീപ് പൂർണമായി മുങ്ങിയ നിലയിലായിരുന്നു. പ്രളയത്തിന്റെ ആദ്യ ദിവസം 90 കുടുംബങ്ങളെയാണ് മാറ്റിപ്പാർപ്പിച്ചിരുന്നതെങ്കിൽ വെള്ളപ്പൊക്കം കനത്തതോടെ എല്ലാവരേയും മാറ്റി. പൊക്കുണ്ട് മദ്രസ, വിവിധ ക്വാർട്ടേഴ്സുകൾ എന്നിവിടങ്ങളിലായി ഇപ്പോൾ 650ലേറെ ദ്വീപ് നിവാസികൾ ഉണ്ട്. ക്യാംപിലും കാര്യമായ പെരുന്നാളാഘോഷങ്ങളൊന്നും ഉണ്ടായിരുന്നില്ല. 95 ശതമാനവും ഇസ്‌ലാം മത വിശ്വാസികൾ താമസിക്കുന്ന ഈ ദ്വീപിലെ ഭൂരിഭാഗവും മധ്യവർഗ കുടുംബത്തിൽ പെട്ടവരാണ്.

ദ്വീപു നിവാസികളുടെ ബന്ധുക്കളും സുഹൃത്തുക്കളുമായി ധാരാളം പേർ വിദേശത്തുണ്ട്. എല്ലാവരും ദുരിതാശ്വാസ ക്യാംപിലായതുകൊണ്ട് ആശംസകൾ നേരുന്നതിനു പകരം വേണ്ടപ്പെട്ടവരെ വിളിച്ചു പറഞ്ഞ് സഹായമെത്തിക്കാനുള്ള തിരക്കിലായിരുന്നു വിദേശത്തുള്ളവർ. വെള്ളം ഇറങ്ങിയതിനു ശേഷം ഞായറാഴ്ച രാവിലെ മുതൽ തളിപ്പറമ്പിലും പരിസരത്തും നിന്ന് എത്തിയ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ ചേർന്നു ദ്വീപിലെ വീടുകൾ ശുചീകരിച്ചിരുന്നു. എങ്കിലും മിക്ക വീടുകളും വാസയോഗ്യമല്ല.

കിടക്കകൾ, കട്ടിലുകൾ, ഇലക്ട്രോണിക് സാധനങ്ങൾ എന്നിവ നശിച്ച നിലയിലാണ്. ദീർഘകാലാടിസ്ഥാനത്തിലുള്ള ആസൂത്രണത്തിലൂടെ മാത്രമെ ഇവിടുത്തെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയൂ എന്ന് ചെങ്ങളായി പഞ്ചായത്തംഗവും സ്ഥലത്തെ സമൂഹിക പ്രവർത്തകനുമായ മൂസാൻകുട്ടി തേർളായി പറഞ്ഞു. ദ്വീപു നിവാസികൾക്ക് കട്ടിലുകൾ, കിടക്കകൾ, പാത്രങ്ങൾ, ഇലക്ട്രോണിക് സാധനങ്ങൾ എന്നിവ നൽകി സഹായിക്കാൻ തയാറുള്ളവർ 9847081451 എന്ന നമ്പറിൽ ബന്ധപ്പെടണം.

MORE IN KANNUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama