go

നഷ്ടക്കണക്കെടുപ്പ് തുടങ്ങിയില്ല

kannur news
SHARE

കണ്ണൂർ∙ നാശനഷ്ടങ്ങളുടെ പരിശോധന നടത്തേണ്ട സംഘത്തെച്ചൊല്ലി ആശയക്കുഴപ്പം മാറാത്തതിനാൽ കണ്ണൂർ ജില്ലയിലെ പ്രളയബാധിത മേഖലകളിൽ കണക്കെടുപ്പ് തുടങ്ങിയില്ല. റവന്യു, പഞ്ചായത്ത് ഉദ്യോഗസ്ഥരുടെ സംയുക്ത സംഘം ഇന്നലെ മുതൽ പരിശോധന നടത്തണമെന്നായിരുന്നു കലക്ടറുടെ നിർദേശം. എന്നാൽ, ഇതു സംബന്ധിച്ചു സർക്കാർ ഉത്തരവില്ലാത്തതിനാൽ ജില്ലയിൽ ഒരിടത്തും ഇന്നലെ പരിശോധന നടന്നില്ല.

കഴിഞ്ഞ വർഷം പഞ്ചായത്ത്

കഴിഞ്ഞ വർഷം പ്രളയമുണ്ടായപ്പോൾ പഞ്ചായത്ത് അധികൃതർ മാത്രമാണു വീടുകളുടെ നാശനഷ്ടം പരിശോധിച്ചു കണക്കെടുത്തത്. സർക്കാർ ഉത്തരവ് പ്രകാരമായിരുന്നു പഞ്ചായത്ത് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയത്. എന്നാൽ വിവിധ വകുപ്പുകൾ ശേഖരിച്ച കണക്കുകൾ തമ്മിൽ പൊരുത്തക്കേടുണ്ടായി.

ചിലർക്ക് അർഹിച്ച ധനസഹായം കിട്ടിയില്ലെന്ന പരാതികളുമുണ്ടായി. പ്രകൃതിദുരന്തം മൂലമുള്ള നാശനഷ്ടങ്ങൾ പരിഹരിക്കേണ്ട വകുപ്പ് എന്ന നിലയ്ക്കാണ് ഇത്തവണ റവന്യു അധികൃതർ കൂടി പരിശോധനാ സംഘത്തിൽ വേണമെന്നു കലക്ടർ നിർദേശിച്ചത്.പ്രളയമുണ്ടായ പ്രദേശത്തെ വില്ലേജ് ഓഫിസർ, തദ്ദേശസ്ഥാപന സെക്രട്ടറി,

അസി.എൻജിനീയർ അല്ലെങ്കിൽ ഓവർസിയർ എന്നിവരടങ്ങുന്നതാകണം സംഘമെന്നും കലക്ടർ നിർദേശിച്ചു. എന്നാൽ ജില്ലാതലത്തിൽ ഈ തീരുമാനമെടുത്തതല്ലാതെ സർക്കാരിന്റേതായി ഔദ്യോഗിക അറിയിപ്പുകളൊന്നും ലഭിച്ചില്ല. അതുകൊണ്ട് കഴിഞ്ഞ പ്രളയകാലത്തെ ഉത്തരവാണ് ഇപ്പോഴും മാനദണ്ഡമെന്ന് ഒരു വിഭാഗം ഉദ്യോഗസ്ഥർ ശ്രദ്ധയിൽപെടുത്തി. ഇതോടെയാണ് ആശയക്കുഴപ്പമുണ്ടായത്.

വൈകുമ്പോൾ ആശങ്ക

കണ്ണൂരിൽ പ്രളയമുണ്ടായ പ്രദേശങ്ങളിൽ വെള്ളമിറങ്ങിയിട്ട് മൂന്നു ദിവസത്തോളമായി. ദുരിതാശ്വാസ ക്യാംപുകളിൽ ഭൂരിഭാഗവും പിരിച്ചുവിട്ടു. വീടുകൾ ശുചീകരിച്ചും താൽകാലിക അറ്റകുറ്റപ്പണി നടത്തിയും ആളുകൾ വീടുകളിലേക്കു താമസം മാറുകയും ചെയ്തു. ഇനിയും പരിശോധന വൈകിയാൽ സംഭവിച്ച നഷ്ടത്തിന്റെ തീവ്രത പരിശോധനാ സംഘത്തിനു ബോധ്യപ്പെടില്ലെന്നും അർഹിക്കുന്ന നഷ്ടപരിഹാരം ലഭിക്കില്ലെന്നുമാണു പ്രളയബാധിതരുടെ ആശങ്ക.ദുരിതബാധിതരിൽ ഒരു വിഭാഗം ഇപ്പോഴും ക്യാംപുകളിൽ കഴിയുന്നതിനാലാണു പരിശോധന വൈകുന്നതെന്നും അവരുടെ സാന്നിധ്യത്തിൽ പരിശോധിക്കാൻ കാത്തിരിക്കുകയാണെന്നുമാണ് ഔദ്യോഗിക വിശദീകരണം.

MORE IN KANNUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama