go

ഈ റെയിൽവേ സ്റ്റേഷനിൽ പാർക്കിങ് ഫ്രീ; പക്ഷേ സുരക്ഷിതമല്ല

kannur-payanoor-railwaystation-parking
മിഡ് ടൗൺ റോട്ടറി ക്ലബ് പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ നിർമിച്ച പാർക്കിങ് കേന്ദ്രം.
SHARE

പയ്യന്നൂർ ∙ റെയിൽവേ സ്റ്റേഷൻ പരിസരത്തെ വാഹനങ്ങളുടെ തിക്കും തിരക്കും കണ്ടു കൊതിച്ചു വൻതുകയ്ക്കു പാർക്കിങ് കരാറെടുത്ത തമിഴ്നാട് സ്വദേശി ഒടുവിൽ കച്ചവടം പൊളിഞ്ഞു കരാർ പാതിവഴിയിൽ ഉപേക്ഷിച്ചു രക്ഷപ്പെട്ടു. പാർക്കിങ്ങിനു സുരക്ഷിതമായ സ്ഥലം ആവശ്യത്തിന് ഇല്ലാത്തതിനാൽ ഒട്ടുമിക്ക വാഹനങ്ങളും പാർക്കിങ് ഫീ നൽകാതെ സ്റ്റേഷൻ പരിസരത്തു നിർത്തിയിടുകയാണു പതിവ്. ഇതറിയാതെയാണു തമിഴ്നാട് സ്വദേശി വൻതുക നൽകി കരാറെടുത്തത്.

ഇരുനൂറോളം ഇരുചക്ര വാഹനങ്ങൾ പാർക്ക് ചെയ്യാൻ ടാർപോളിൻ വലിച്ചു കെട്ടിയ ഷെഡും മിഡ് ടൗൺ റോട്ടറി ക്ലബ് നിർമിച്ചു കൊടുത്ത പാർക്കിങ് കേന്ദ്രവും മാത്രമാണു പയ്യന്നൂർ റെയിൽവേ സ്റ്റേഷനിലുള്ളത്. എങ്കിലും എ ക്ലാസ് റെയിൽവേ സ്റ്റേഷനുകളുടെ പട്ടികയിൽ പെടുത്തി വൻ നഗരങ്ങളിലെ അതേ തുകയാണു പയ്യന്നൂരിലും പാർക്കിങ് കരാറിനു നിർദേശിച്ചിരുന്നത്. വർഷങ്ങളോളം ഇവിടെ പാർക്കിങ് ഫീസ് പിരിവ് കരാർ എടുത്ത കരാറുകാരൻ വൻ സാമ്പത്തിക ബാധ്യത വന്നപ്പോൾ ഉപേക്ഷിച്ചു പോയിരുന്നു.

പല സ്ഥലങ്ങളിലായി നിർത്തിയിട്ട വാഹനങ്ങളിൽ നിന്നു പാർക്കിങ് ഫീസ് കിട്ടാത്തതാണു പ്രധാന കാരണം. കാര്യമായ ഫീസ് ലഭിക്കുന്നത് ഓട്ടോറിക്ഷകളിൽ നിന്നും മറ്റുമാണ്. ആദ്യ കരാറുകാരൻ നിർത്തിപ്പോയപ്പോൾ പിന്നീട് നടത്തിയ ടെൻഡറുകളൊന്നും വിജയം കണ്ടില്ല. ഒടുവിൽ പരിസരവാസികൾ നൽകിയ ടെൻഡറുകൾ തുക കുറഞ്ഞു പോയി എന്ന കാരണത്താൽ തള്ളുകയും ചെയ്തു. അതിനിടയിലാണു തമിഴ്നാട് സ്വദേശി സ്റ്റേഷനിലെ വൻ വാഹന വ്യൂഹം കണ്ടു കരാറെടുക്കാൻ തയാറായത്.

3 മാസത്തേക്കു നാലര ലക്ഷം രൂപയോളം റെയിൽവേയ്ക്കു നൽകാമെന്ന സമ്മതത്തിലാണു കരാർ ഏറ്റെടുത്തത്. ആദ്യ മാസം തന്നെ വലിയ നഷ്ടം സംഭവിച്ചു. റോഡരികിലും മറ്റും നിർത്തിയിട്ട ഇരുചക്ര വാഹനങ്ങളിലേക്കും ഫീസ് വ്യാപിപ്പിച്ചെങ്കിലും ചില വാഹനങ്ങൾ മോഷണം പോവുകയും ചില വാഹനങ്ങൾ അഗ്നിക്കിരയാകുകയും മറ്റും ചെയ്തതോടെ ആ ശ്രമം വിജയം കണ്ടില്ല. ഓരോ മാസവും പിരിവ് കൂട്ടാൻ പുതിയ തന്ത്രങ്ങൾ മെനഞ്ഞെങ്കിലും ഒന്നും വിജയിച്ചില്ല.

ഒടുവിൽ കിഴക്കു ഭാഗത്തു പുതിയ പാർക്കിങ് കേന്ദ്രം വരുമെന്നു പ്രലോഭിപ്പിച്ചെങ്കിലും അതും അനന്തമായി നീളാൻ തുടങ്ങിയതോടെ വൻ നഷ്ടം സംഭവിച്ച കരാറുകാരൻ രണ്ടാഴ്ച മുൻപു കരാർ ഉപേക്ഷിച്ചു രക്ഷപ്പെടുകയായിരുന്നു.  ഇപ്പോൾ പാർക്കിങ് ഫീസ് പിരിവ് നടക്കുന്നില്ല. പുതിയ ടെൻഡർ വിളിച്ചിട്ടുണ്ടെങ്കിലും ടെൻഡർ തുക കുറയ്ക്കാൻ റെയിൽവേ തയാറല്ല. ഈ സാഹചര്യത്തിൽ ടെൻഡർ ഏറ്റെടുക്കാൻ പുതിയ കരാറുകാർ തയാറാകുമോ എന്ന ആശങ്കയുണ്ട്. ദീർഘദൂര യാത്ര പോകുന്നവർ ഇപ്പോൾ റെയിൽവേ സ്റ്റേഷൻ പരിസരത്തു വാഹനം പാർക്ക് ചെയ്യാൻ മടിക്കുകയാണ്.

MORE IN KANNUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama