go

അവിടെ പൊട്ടിച്ചു തീരും മുൻപ് ഇവിടുത്തെ ‘കൺഫ്യൂഷൻ’ തീരുമോ?

kannur news
SHARE

കണ്ണൂർ ∙ ഉത്തരവിറങ്ങി 5 ദിവസം കഴിഞ്ഞിട്ടും അനധികൃത ക്വാറികൾ പൂട്ടിക്കുന്നതിനായി രൂപീകരിച്ച കലക്ടറുടെ സ്ക്വാഡ് ‘ജോലി ചെയ്തു തുടങ്ങിയില്ല’. ഈ മാസം രണ്ടു മുതൽ സ്ക്വാഡ് പരിശോധന തുടങ്ങണമെന്നും എത്ര അനധികൃത ക്വാറികൾ പൂട്ടിയെന്ന് എല്ലാ ദിവസവും വൈകിട്ട് റിപ്പോർട്ട് നൽകണമെന്നുമായിരുന്നു കലക്ടറുടെ ഉത്തരവ്.  തലശ്ശേരി, തളിപ്പറമ്പ് സബ്ഡിവിഷനൽ മജിസ്ട്രേറ്റുമാരുടെ നേതൃത്വത്തിലുള്ള സ്ക്വാഡ് ഒരു ദിവസം മാത്രമാണ് ഇതുവരെ പരിശോധന നടത്തിയത്. എന്നാൽ അനധികൃത ക്വാറികൾ ഒന്നു പോലും പൂട്ടിയിട്ടുമില്ല.

വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ അടങ്ങിയതാണു സംഘമെന്നതിനാൽ എല്ലാവരെയും ചേർത്തു പരിശോധനയ്ക്ക് ഇറങ്ങുക ‘വലിയ പണി’ ആണെന്നതാണു പ്രധാന പ്രശ്നം. റവന്യു, പൊലീസ്, ജിയോളജി, തദ്ദേശഭരണ വകുപ്പുകളിൽ നിന്നുള്ള ഉദ്യോഗസ്ഥർ ആണു സ്ക്വാഡിൽ ഉണ്ടാകേണ്ടത്. എന്നാൽ, ഓണത്തിരക്ക് പൊലീസിനെയും പ്രളയാനന്തര കണക്കെടുപ്പ് റവന്യു വകുപ്പിനെയും അനങ്ങാൻ സമ്മതിക്കുന്നില്ലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.

ഓണം പ്രമാണിച്ചുള്ള അവധിയിലേക്ക് ഉദ്യോഗസ്ഥർ കടന്നതോടെ സ്ക്വാഡിന്റെ പ്രവർത്തനം ഇനിയും താമസിക്കുമെന്ന് ഉറപ്പായി. ജിയോളജി വകുപ്പിനാണ് ക്വാറികളെക്കുറിച്ചു കൂടുതൽ ധാരണയെങ്കിലും വകുപ്പിൽ ഉദ്യോഗസ്ഥർ തീരെ കുറവാണെന്നതു പരിമിതിയാണ്.ജിയോളജി വകുപ്പിന് ആവശ്യത്തിനു വാഹനങ്ങളും ഇല്ല. തളിപ്പറമ്പ് ആർഡിഒയുടെ നേതൃത്വത്തിലുള്ള സ്ക്വാഡ് 3ന് തളിപ്പറമ്പിലും തലശ്ശേരി സബ് കലക്ടറുടെ നേതൃത്വത്തിലുള്ള സ്ക്വാഡ് ഇന്നലെ ഇരിട്ടിയിലുമാണു പരിശോധന നടത്തിയത്. 

അടുത്തയാഴ്ച മുതൽ സ്ക്വാഡ് പ്രവർത്തനം ഊർജിതമാക്കുമെന്നാണ് ഇപ്പോൾ പറയുന്നത്. ഇനി 16നു മാത്രമെ സർക്കാർ ഓഫിസുകൾ തുറക്കൂ. അതു കഴിഞ്ഞു മാത്രമെ ഏതായാലും ‘ഊർജിതമാക്കലും’ നടക്കൂ.  ജില്ലയിൽ അനധികൃത ക്വാറികൾ കുറെയേറെ ഉണ്ടെന്നും ഇവയുടെ പ്രവർത്തനം ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ എന്നിവയ്ക്കു കാരണമാകുന്നുവെന്നും പരാതികൾ ലഭിച്ച പശ്ചാത്തലത്തിലായിരുന്നു കലക്ടറുടെ ഉത്തരവ്. 

MORE IN KANNUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama