go

പിടഞ്ഞു തീരുന്നു പെടേന

KA12FB~1
ക്വാറി ഭീകരത.. പെരിങ്ങോം വയക്കര പഞ്ചായത്തിൽ പെടേനയിൽ മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിക്കുന്ന കരിങ്കൽ ക്വാറികളും,ക്രഷറുകളും. ചിത്രങ്ങൾ:മനോരമ
SHARE

കണ്ണൂർ∙ പേരിനു മാത്രം ലഭിച്ച അനുമതിയുടെ പേരിൽ പെരിങ്ങോത്തു നിന്നു ക്വാറിമാഫിയ തുരെന്നെടുത്തതു 3 മലകൾ. അനുമതിയുടെ മറവിൽ വൻ തോതിൽ അനധികൃത കരിങ്കൽ ഖനനം നടക്കുമ്പോഴും കണ്ടില്ലെന്നു നടിച്ച് അധികൃതർ. നിരവധി തവണ അധികൃതർക്കു പരാതി നൽകിയെങ്കിലും നടപടി എടുക്കുന്നില്ലെന്നു നാട്ടുകാർ പറയുന്നു. 

പെടേന, മടക്കാം പൊയിൽ, ഓടമുട്ട് പ്രദേശങ്ങൾ കേന്ദ്രീകരിക്കുന്ന ഒന്നര കിലോമീറ്റർ ചുറ്റളവിൽ പ്രവർത്തിപ്പിക്കുന്നത് നാല് വൻകിട ക്വാറികളും ഏഴ് ക്രഷറുകളും, രണ്ട് ടാർമിക്സിങ് യൂണിറ്റുകളുമാണ്. കഴിഞ്ഞ ഒരു വർഷത്തിനിടെയാണ് അനധികൃത ഖനനം വ്യാപകമായത്. 

ഭയന്നുവിറച്ച് പ്രദേശവാസികൾ 

മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിക്കുന്ന ക്വാറികളുടെ പ്രവർത്തനം താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്ന 400ൽപ്പരം കുടുംബങ്ങളെയാണു നേരിട്ടു ബാധിക്കുന്നത്. ക്വാറികളിൽ നടക്കുന്ന ഉഗ്രസ്ഫോടനങ്ങൾ കാരണം 18 വീടുകൾ നശിച്ച നിലയിലാണ്.പ്രദേശവാസികളിൽ പലർക്കും ഗുരുതരമായ ശ്വാസകോശ രോഗങ്ങൾ പിടിപെട്ടു. 

പെടേന, ഓടമുട്ട്,പെരുവാമ്പ ഗ്രാമങ്ങളിൽ അതി രൂക്ഷമായ കുടിവെള്ളക്ഷാമം ക്വാറിയുടമകൾ അനുമതിയില്ലാതെ 1000 അടിയോളം താഴ്ചയിൽ കുഴൽക്കിണർ കുഴിച്ച് ജലചൂഷണം നടത്തിയതായി കണ്ടെത്തി. ജലസ്രോതസ്സുകളായ ഓടമുട്ട്, കുട്ടിക്കുന്ന്, വേർക്കാട് മലകൾ മണ്ണെടുത്ത് നശിപ്പിച്ചു.കുന്നിൻ മുകളിൽ നിന്ന് ഉത്ഭവിക്കുന്ന മൂന്ന് തോടുകൾ കരിങ്കൽ ഖനനത്തിന് വേണ്ടി നശിപ്പിച്ചതോടെ ശുദ്ധജലക്ഷാമം രൂക്ഷമായി. 

സ്കൂൾ അടച്ചു പൂട്ടലിലേക്ക് 

സ്പോടനത്തിൽ കുലുങ്ങുന്നതിനാൽ പെടേന ഗവ.എൽപി സ്കൂൾ അടച്ചുപൂട്ടൽ ഭീഷണിയിലാണ്. കുട്ടികളെ സ്കൂളിലയക്കാൻ രക്ഷിതാക്കൾ തയാറാകാത്തതിനാൽ ഒന്നാം ക്ലാസിൽ ഇൗ വർഷം 7 കുട്ടികൾ മാത്രമാണ് ചേർന്നത്.

ക്വാറികളിൽ മിന്നൽ പരിശോധന;ഒരു ടിപ്പർ ലോറി പിടിച്ചെടുത്തു

KAE410~1
കൊളവല്ലൂർ ചിറ്റിക്കര ക്വാറി റവന്യൂ ഉദ്യോഗസ്ഥർ പരിശോധിക്കുന്നു

പാനൂർ ∙ കൊളവല്ലൂർ ചിറ്റിക്കരയിൽ അനധികൃതമായി പ്രവർത്തിക്കുന്ന ക്വാറികളിൽ തഹസിൽദാറുടെയും കൊളവല്ലൂർ വില്ലേജ് ഓഫിസറുടെയും നേതൃത്വത്തിൽ നടത്തിയ മിന്നൽ പരിശോധയിൽ ഒരു ടിപ്പർ ലോറി പിടിച്ചെടുത്തു. ലോറി കൊളവല്ലൂർ പൊലീസിനു കൈമാറി.

കൊളവല്ലൂർ,തൃപ്രങ്ങോട്ടൂർ വില്ലേജ് പരിധിയിലെ വിവിധ സ്ഥലങ്ങളിൽ അനധികൃത ക്വാറികൾ പ്രവർത്തിക്കുന്നതായും അധികൃതർ നിയമ നടപടിയെടുക്കുന്നില്ലെന്നുമുള്ള ആരോപണം ശക്തമായിരുന്നു. ഇക്കഴിഞ്ഞ പേമാരിയിൽ പൊയിലൂർ കൊളുത്വായി മലയിലെ മണ്ണിടിച്ചിലിൽ താഴ്‍വാരത്തെ ഏക്കറോളം ഭൂമി കൃഷി യോഗ്യമല്ലാതായിട്ടുണ്ട്. അനധികൃത ക്വാറികൾക്കെതിരെ നടപടി ശക്തമാക്കണമെന്ന ആവശ്യവുമായി  നാട്ടുകാരും രംഗത്തുണ്ട്.

അശാസ്ത്രീയ മണ്ണെടുപ്പ് : അപകടങ്ങൾ പരിശോധിക്കാൻ റവന്യു വകുപ്പ്

KA1B90~1
പെരിങ്ങോം വയക്കര പഞ്ചായത്തിൽ പെടേന,മടക്കാംപൊയിൽ,ഓമുട്ട് പ്രദേശങ്ങളിൽ മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിക്കുന്ന കരിങ്കൽ ക്വാറികളുടെയും,ക്രഷറുകളുടെയും ആകാശക്കാഴ്ച.

മാതമംഗലം∙ അശാസ്ത്രീയമായ മണ്ണെടുപ്പ് അപകട ഭീഷണിയാകുന്നത് പരിശോധിക്കാൻ റവന്യു അധികൃതർ. കഴിഞ്ഞ ദിവസം മാതമംഗലം പുനിയംകോട്ട് ചെമ്മൻകുന്ന് വർക്ക് ഷോപ്പിനു സമീപം കുന്ന് ഇടിച്ചു നികത്തിയ പ്രദേശത്ത് പാറക്കൂട്ടം ഇടിഞ്ഞു വീണ് 4 വാഹനങ്ങൾ നശിച്ചിരുന്നു. സമീപത്ത് ആളുകളില്ലാത്തതിലാണ് വൻ അപകടം ഒഴിവായത്. 

പല പ്രദേശത്തും ഇത്തരത്തിൽ മണ്ണിടിയാൻ സാധ്യതയുണ്ടെന്ന പരാതി ഉയർന്നതിനെ തുടർന്നാണ് റവന്യു അധികൃതർ പരിശോധന നടത്തുന്നത്. മുകളിൽ ഒരു മീറ്റർ അകലം പാലിച്ച് മണ്ണ് ഇടിക്കുകയും താഴെ അകലം പാലിക്കാതിരിക്കുകയും ചെയ്യുന്നത് മണ്ണ് ഇടിഞ്ഞുവീഴുന്നതിന് കാരണമാകുന്നതായി ജനങ്ങൾ പറയുന്നു. 

MORE IN KANNUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama