go

അറുതിയില്ലാത്ത അവഗണന

KANNUR~2
ചെന്നപ്പൊയിൽ ഊരിലേക്കു പ്രവേശിക്കാൻ കല്ലുരുട്ടി തോടിനു കുറുകെ നാട്ടുകാർ നിർമിച്ച പാലം. കുട്ടികളുൾപ്പെടെ ഇതിൽക്കൂടി ഞാണിന്മേൽക്കളി നടത്തിയാണ് ഓരോ ദിവസവും കടന്നുപോകുന്നത്. പഞ്ചായത്ത് നിർമിച്ച കോൺക്രീറ്റ് പാലം മൂന്ന് മാസം കൊണ്ട് തകർന്നിരുന്നു‌.
SHARE

നാടെങ്ങും ഓണം പൊടിപൊടിക്കുമ്പോൾ ആഘോഷങ്ങളൊന്നുമില്ലാതെ അസൗകര്യങ്ങളുടെ നടുവിൽ ജീവിതം മുന്നോട്ടുകൊണ്ടുപോകുന്ന ഒരുകൂട്ടം മനുഷ്യരുണ്ട്. എത്രനാൾ സ്വന്തം നാട്ടിൽ ജീവിക്കുമെന്ന് അറിയാതെ ഓരോ ദിവസവും തള്ളിനീക്കുകയാണിവർ.

KANNUR~3
കണ്ണവം പന്ന്യയോട് നിന്ന് ചെന്നപ്പൊയിൽ വഴി നരിക്കോടേക്കുള്ള തകർന്ന റോഡ്. ഈ റോഡ് ഗതാഗതയോഗ്യമാക്കണമെന്നാണ് മുഖ്യമായ അവശ്യം.

കണ്ണവം വനത്തിനകത്ത് ചിറ്റാരിപ്പറമ്പ് പഞ്ചായത്തിന്റെ കിഴക്കേ അറ്റത്ത് വലിയ കുന്നിൽ ചെരിവിൽ കഴിയുന്ന ആദിവാസി കുടുംബങ്ങളാണു ദുരിതക്കയത്തിൽ. 30ഓളം പട്ടികവർഗ കുടുംബങ്ങൾ ഉണ്ടായിരുന്ന ചെന്നപ്പൊയിൽ ഊരിൽ കാട്ടാനയുൾപ്പെടെയുള്ള വന്യമൃഗ ശല്യം കാരണം 13 കുടുംബങ്ങൾ വീടും കൃഷിയും ഉപേക്ഷിച്ച് മാറി താമസിക്കുകയാണ്. ബാക്കിയുള്ള കുടുംബങ്ങൾ അവഗണനയുടെ കയ്പുനീർ നുണഞ്ഞ് മൂകമായി നാളുകൾ തള്ളി നീക്കുകയാണ്. വീടുകളിൽ വൈദ്യുതിയും വെള്ളവും ലഭിക്കുന്നുണ്ടെന്നതാണ് ഏക ആശ്വാസം.

ദുരിതയാത്ര

ഓണം പോലും കടന്നുവരാൻ മടിക്കുന്ന വഴിയാണു ചെന്നപ്പോയിൽ ഊരിലേക്കുള്ളതെന്ന് പ്രദേശവാസികൾ തമാശയായി പറയുന്നു. കണ്ണവത്ത് നിന്ന് പൂഴിയോട് റോഡ് വഴി പന്ന്യോട് വായനശാലയ്ക്ക് സമീപം എത്തിയാൽ 6 കിലോമീറ്റർ കൂടി സഞ്ചരിച്ചാൽ ചെന്നപ്പൊയിൽ എത്തും.

ഫോർവീലർ ജീപ്പുകൾക്ക് പോലും എത്താൻ കഴിയാത്ത വഴി. ഉരുളൻ കല്ലുകൾ നിറഞ്ഞ പാതയിൽ ടൂവീലറുമായി ചെന്നാൽ മറിഞ്ഞു വീഴാതെ ചെല്ലണമെങ്കിൽ പ്രത്യേക വൈദഗ്ധ്യം വേണം. തിരഞ്ഞെടുപ്പിനും ഊരു കൂട്ടത്തിനും മാത്രം എത്തുന്ന ജനപ്രതിനിധികളും രാഷ്ട്രീയക്കാരും പലതവണ വാഗ്ദാനങ്ങൾ നൽകിയെങ്കിലും റോഡ് അതേപോലെ കിടക്കുന്നു.

ഗതാഗത സൗകര്യം ഇല്ലാത്തതിനാൽ രോഗികളെ യഥാസമയം ആശുപത്രികളിൽ എത്തിക്കാൻ കഴിയാതെ ജീവൻ നഷ്ടപ്പെട്ടവർ ഏറെയാണ്. കുട്ടികളെ അമ്മമാർ അനുഗമിച്ചു കണ്ണവം കോളനിയിലോ പന്ന്യോടോ എത്തിച്ചു വേണം സ്കൂൾ ബസിൽ കയറ്റി വിടാൻ. 

വൈകിട്ടും തിരികെ കൊണ്ടുപോകാനും ഇവർ എത്തണം. ഭക്ഷ്യസാധനങ്ങൾക്കായും മറ്റ് ആവശ്യങ്ങൾക്കും പുറത്തേക്ക് ഇറങ്ങിയാൽ ഒരുദിവസം അതിനായി മാറ്റിവയ്ക്കണം. പന്ന്യോട് പിന്നിട്ടാൽ കല്ലുരുട്ടി തോട് കടന്നു വേണം പോകാൻ. ഇവിടെയുള്ളത് കോളനിക്കാർ നിർമിച്ച മരത്തിന്റെ തൂക്കുപാലമാണ്. 15 വർഷം മുൻപ് നിർമിച്ച കോൺക്രീറ്റ് പാലം മൂന്നുമാസത്തിനകം മഴയിൽ തകർന്ന് പോയിരുന്നു.

കാലങ്ങളായി പട്ടയമില്ലാതെ

നൂറ്റാണ്ടുകളായി തലമുറകൾ കൈമാറി വീട് വച്ചും കൃഷി ചെയ്തും കൈവശം വയ്ക്കുന്ന ഭൂമിക്ക് ഇനിയും പട്ടയം ലഭിച്ചിട്ടില്ല. ഒന്നിനും ഉപകരിക്കാത്തവിധം കൈവശരേഖ ഇവർക്കുണ്ട്. സർക്കാരുകൾ മാറിമാറി വരുമ്പോൾ എല്ലാക്കാലത്തും നടക്കുന്ന പട്ടയമേളകളിൽ പഴയ കൈവശാവകാശ രേഖയുടെ പകർപ്പിൽ ഫോട്ടോ പതിപ്പിച്ചു ലാമിനേറ്റ് ചെയ്ത് നൽകും. റജിസ്റ്റർ നടത്തി ഭൂമി കൈമാറാനോ സ്വന്തം ആവശ്യത്തിന് പോലും മരം മുറിക്കാനോ ഇവർക്ക് അവകാശമില്ല.

ആനയും കാട്ടുപോത്തും മറ്റ് വന്യമൃഗങ്ങളും ഇറങ്ങുന്ന ഭാഗത്തെ 13 കുടുംബങ്ങൾ കുന്നിൻ മുകളിലേക്കും ചിലർ ബന്ധുവീടുകളിലും വാടകയ്ക്ക് പാർപ്പിടം കണ്ടെത്തിയും മാറി താമസിക്കുകയാണ്. കാട്ടാന ഇറങ്ങി വാഴത്തോട്ടവും തെങ്ങും കമുകും നശിപ്പിക്കുന്നത് പതിവാണ്. ഒരാഴ്ച മുൻപും കാട്ടാന ഇറങ്ങിയിരുന്നു.

ആശുപത്രിയിൽ എത്തിക്കാൻ സാഹസികയാത്ര

കിടപ്പു രോഗികൾ ഉൾപ്പെടെയുള്ളവരെ ആശുപത്രിയിലെത്തിക്കുന്നത് സാഹസികമായാണ്. കമ്പിളിപ്പുതപ്പിൽ രോഗിയെ കിടത്തി നാലുഭാഗത്തും പിടിച്ച് 6 കിലോമീറ്റർ കുന്നിറങ്ങി വേണം വാഹനത്തിൽ കയറ്റാൻ. 51 വയസ്സുള്ള ചെന്നപ്പൊയിൽ കരുണാകരൻ 24 മണിക്കൂറും ഓക്സിജൻ നൽകേണ്ട രോഗിയാണ്.

കഴിഞ്ഞ മാസത്തെ കനത്ത മഴയിൽ നാലഞ്ചു ദിവസം തുടർച്ചയായി വൈദ്യുതി മുടങ്ങിയപ്പോൾ ജനറേറ്റർ എത്തിക്കുകയായിരുന്നു. 2,000 രൂപ ദിവസ വാടകയും പിക്കപ് വാനിനുള്ള ചെലവ് വേറെയും വേണം. ആശുപത്രിയിൽ എത്തിക്കാൻ വൈകി മരിച്ചവരുടെ പേരുകളും കോളനി നിവാസികൾക്കു പറയാനുണ്ട്.

തെരുവ് വിളക്കിനുള്ള കാലുകൾ നാട്ടിയതല്ലാതെ തെരുവ് വിളക്കുകൾ ഇല്ല. മാരത്തണിൽ വിവിധ രാജ്യാന്തര മൽസരങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച സി.പി ഷിജു ഉൾപ്പെടെയുള്ള കായികതാരങ്ങൾ ഇവിടെ ഉണ്ട്. സുഗമമായ യാത്രാ സൗകര്യമുണ്ടായാൽ മറ്റ് കാര്യങ്ങൾ ക്രമേണ പുരോഗമിക്കുമെന്ന വിശ്വാസത്തിലാണ് കോളനിക്കാർ.

MORE IN KANNUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama