go

കുടുംബം പറയുന്നു ‘‘പൊലീസിന്റെ ആത്മഹത്യക്കഥ ഞങ്ങൾ വിശ്വസിക്കുന്നില്ല’’

   ചെറുപുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ നിർമാണ കരാറുകാരൻ ജോസഫിന്റെ ഓർമകളിൽ വിതുമ്പുന്ന ഭാര്യ മിനി. 												ചിത്രം: ഹരിലാൽ∙മനോരമ
ചെറുപുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ നിർമാണ കരാറുകാരൻ ജോസഫിന്റെ ഓർമകളിൽ വിതുമ്പുന്ന ഭാര്യ മിനി. ചിത്രം: ഹരിലാൽ∙മനോരമ
SHARE

ചെറുപുഴ∙ ‘‘ആത്മഹത്യ ചെയ്യുന്നവന്റെ ആത്മാവ് നഷ്ടപ്പെടുമെന്ന് എപ്പോഴും ഉപദേശിക്കുന്ന ജോയിച്ചേട്ടൻ ആത്മഹത്യ ചെയ്യില്ലെന്ന് 100 ശതമാനം ഉറപ്പാണ്. പണം നഷ്ടപ്പെട്ട വിഷമത്തിൽ ജോയിച്ചേട്ടൻ ആത്മഹത്യ ചെയ്തെന്ന പൊലീസിന്റെ കഥ ഞങ്ങൾ വിശ്വസിക്കുന്നില്ല. അന്വേഷണം പോലും അട്ടിമറിക്കാൻ  കെൽപ്പുള്ളവരാണു ജോയിച്ചേട്ടനെ അപായപ്പെടുത്തിയത്. ആശുപത്രി ഇടപാടുമായി ബന്ധപ്പെട്ടവരെ ചോദ്യം ചെയ്താൽ കാര്യങ്ങൾ മനസ്സിലാകും. എന്തു കൊണ്ടാണ് അവരെ ചോദ്യംചെയ്യാൻ പൊലീസ് തയാറാകാത്തത്?’’– നിർമാണ കരാറുകാരനായ മുതുപാറകുന്നേൽ ജോസഫ് (ജോയി–56)  മരിച്ച നിലയിൽ കാണപ്പെട്ട സംഭവത്തിൽ പൊലീസിന്റെ എല്ലാ വാദങ്ങളും തള്ളുകയാണു ഭാര്യ മിനി ജോസഫ്.

പോസ്റ്റ്മോർട്ടം റിപ്പോർട്ടിനെ മാത്രം അടിസ്ഥാനമാക്കി  ആത്മഹത്യയെന്നു പൊലീസ് പറയുന്നത് അംഗീകരിക്കാനാകില്ല. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളും ജോസഫിന്റെ ഫോൺ കോൾ രേഖകളും പരിശോധിക്കണമെന്നും മിനി ആവശ്യപ്പെട്ടു. ആശുപത്രിയുമായി ബന്ധപ്പെട്ട് അതിഗുരുതരമായ സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ട്. അതുമായി ബന്ധപ്പെട്ടവർ തന്നെയാണു ജോയിച്ചേട്ടനെ അപായപ്പെടുത്തിയതെന്നു വിശ്വസിക്കുന്നു. രാവിലെ അദ്ദേഹം കൊണ്ടുപോയ രേഖകൾ എവിടെയാണെന്നു പൊലീസ് പറയട്ടെ. ഉച്ചയ്ക്ക് 2 മണിക്ക് അതീവ സാധാരണ പോലെ പെരുമാറിയ ഒരാൾ വൈകിട്ട് ആത്മഹത്യയ്ക്കു തയാറാകുന്നത് എങ്ങനെ? ഈ ഘട്ടത്തിൽ അന്വേഷണം വഴി തെറ്റുന്നു എന്നു പറയുന്നില്ല. 

പക്ഷേ ആത്മഹത്യാവാദവുമായി മുന്നോട്ടു പോയാൽ അന്വേഷണം മറ്റൊരു ഏജൻസിക്കു വിട‍ണമെന്ന് ആവശ്യപ്പെടും– മിനി പറഞ്ഞു.സമ്പാദ്യം മുഴുവൻ നിക്ഷേപിച്ചാണ് ആശുപത്രിയും ഷോപ്പിങ് കോംപ്ലക്സും ഫ്ലാറ്റും അടക്കമുള്ള കെട്ടിടം നിർമിച്ചത്. ഓരോ തവണ പണം ചോദിക്കുമ്പോഴും അവർ അവധി മാറ്റിമാറ്റിപ്പറഞ്ഞു. ആരോടും കർശനമായി സംസാരിക്കാൻ അറിയാത്ത ആളായിരുന്നു. കൂടെ നിന്നവർ ചതിക്കുകയായിരുന്നെന്നു മനസ്സിലാക്കാൻ  കഴിഞ്ഞില്ല.  ഈ മുറ്റത്തു വന്നു സഹായം ചോദിച്ച ആരെയും അദ്ദേഹം വെറുംകയ്യോടെ വിട്ടിട്ടില്ല. 

നാട്ടിലെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കെല്ലാം കയ്യയച്ചു സഹായിച്ചു. കഴിഞ്ഞ 25 വർഷമായി കെട്ടിട നിർമാണ കരാർ രംഗത്തുണ്ട്.  ഒരു രാഷ്ട്രീയ പാർട്ടിയിലും ഇല്ലെങ്കിലും എല്ലാ പാർട്ടിക്കാരുമായും നല്ല സൗഹൃദമുണ്ടായിരുന്നു.  ആ ജീവനെടുത്തവർക്ക് അർഹമായ ശിക്ഷ ലഭിക്കണം – മിനി പറയുന്നു. ഇക്കാര്യങ്ങളെല്ലാം വ്യക്തമാക്കി മുഖ്യമന്ത്രിക്കു പിണറായി വിജയനു പരാതി നൽകിയിട്ടുണ്ടെന്നും മിനി പറഞ്ഞു.

‘കൈ മുറിച്ചെങ്കില്‍ ചോരക്കറ എവിടെ?’

കഴിഞ്ഞ 4നു രാവിലെയാണു കാസർകോട് സ്വദേശിയായ സലീമിനെ കാണാൻ  വാണിജ്യ സമുച്ചയത്തിലെ ഓഫിസിലേക്കു പോയത്. കിട്ടാനുള്ള പണവുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും കൊണ്ടാണു പോയത്. ഉച്ചയ്ക്കു രണ്ടിനു ഫോണിൽ വിളിച്ചപ്പോൾ കെട്ടിടത്തിലെ ഓഫിസിലാണുള്ളതെന്നും വൈകിട്ട് 7നു മുൻപായി വീട്ടിൽ തിരിച്ചെത്തുമെന്നും പറഞ്ഞു. അപ്പോഴൊന്നും ശബ്ദത്തിലോ പെരുമാറ്റത്തിലോ അസ്വാഭാവികത ഉണ്ടായിരുന്നില്ല. വൈകിട്ട് 7 നു വീണ്ടും വിളിച്ചപ്പോൾ മൊബൈൽ ഫോൺ പരിധിക്കു പുറത്താണെന്നാണു മറുപടി ലഭിച്ചത്. ആശുപത്രി ഡയറക്ടർമാരിൽ ഒരാളെ വിളിച്ചു ചോദിച്ചപ്പോൾ  കെട്ടിടത്തിനു പുറത്തു കാർ കിടപ്പുണ്ടെന്നു പറഞ്ഞു. സ്ഥിരം പോകാവുന്ന സ്ഥലങ്ങളിലെല്ലാം അന്വേഷിച്ചു. 

ആശുപത്രി കെട്ടിടത്തിലെ ഓഫിസിൽ അടക്കം. അവിടെ ടെറസിലും അന്വേഷിച്ചെന്നാണു പോയവർ പറഞ്ഞത്. അപ്പോഴൊന്നും അദ്ദേഹം അവിടെ ഉള്ളതായി കണ്ടില്ല. ഇരു കൈകളിലെയും ഞരമ്പു മുറിച്ചെന്നു പറയുമ്പോഴും വസ്ത്രത്തിലൊന്നും രക്തക്കറയില്ലെന്നാണു മൃതദേഹം ആദ്യം കണ്ടവർ പറഞ്ഞത്–മിനി പറഞ്ഞു

ട്രസ്റ്റിന്റെ ഇടപാട് അന്വേഷിക്കണമെന്ന് കോടിയേരി

ചെറുപുഴയിലെ കരാറുകാരൻ ജോസഫിന്റെ മരണത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആവശ്യപ്പെട്ടു. കെ.കരുണാകരന്റെ പേര് ഉപയോഗിച്ചു നടത്തിയതു വൻ കുംഭകോണമാണ്.  കെ.കരുണാകരൻ ട്രസ്റ്റിന്റെ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കണം. ട്രസ്റ്റിനു വേണ്ടി കോടിക്കണക്കിനു രൂപ പിരിച്ചെടുത്തിട്ടും കരാറുകാരനു പണം കൊടുത്തില്ല. കരാറുകാരന്റെ മരണത്തിന് ഉത്തരവാദികളായവരെ സംരക്ഷിക്കുന്ന നിലപാടാണു കോൺഗ്രസ് സ്വീകരിച്ചിരിക്കുന്നത്. എല്ലാറ്റിലും പ്രതികരിക്കുന്ന രമേശ് ചെന്നിത്തല ഇക്കാര്യത്തിൽ മൗനത്തിലാണെന്നും കോടിയേരി കുറ്റപ്പെടുത്തി.

കോൺഗ്രസിന് ഒഴിഞ്ഞു മാറാനാകില്ല: എൽഡിഎഫ്

ചെറുപുഴയിലെ കരാറുകാരൻ ജോസഫിന്റെ ദുരൂഹമരണത്തെക്കുറിച്ചു സമഗ്ര അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തി നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണമെന്ന് എൽഡിഎഫ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കോൺഗ്രസ് ജില്ലാ-സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയാണ് ട്രസ്റ്റ് രൂപികരിച്ചത്. സി.രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. കൺവീനർ കെ.പി.സഹദേവൻ,‍ എം.വി.ജയരാജൻ, സി.പി.സന്തോഷ്കുമാർ, ഇ.പി.ആർ.വേശാല, കെ.കെ.രാജൻ, എ.ജെ.ജോസഫ്, വി.കെ.ഗിരിജൻ, സിറാജ് തയ്യിൽ, സി.വത്സൻ, മഹമ്മൂദ് പറക്കാട്ട്, എം.ഉണ്ണിക്കൃഷ്ണൻ, കെ.സി.ജേക്കബ് എന്നിവർ പ്രസംഗിച്ചു. 

‘ആശുപത്രിക്ക് ട്രസ്റ്റുമായി ബന്ധമില്ല’

നിർമാണ കരാറുകാരൻ ജോസഫ് മരിച്ച നിലയിൽ കാണപ്പെട്ട കെട്ടിട സമുച്ചയത്തിൽ (സിയാഡ് ടവർ ) പ്രവർത്തിക്കുന്ന ആശുപത്രിക്ക് ലീഡർ കെ.കരുണാകരൻ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റുമായോ, ചെറുപുഴ ഡവലപ്പേഴ്സുമായോ,സിയാഡ് കമ്പനിയുമായോ ബന്ധമില്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. ലീഡർ ഹോസ്പിറ്റൽസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണു ആശുപത്രി നടത്തുന്നത്.10 പേർ അടങ്ങിയ ഡയറക്ടർ ബോർഡാണു നിലവിലുള്ളത്.2017 ഏപ്രിൽ മുതൽ കാഞ്ഞങ്ങാട് കൃഷ്ണ മെഡിക്കൽ സെന്റർ വാടകയ്ക്കു ഏറ്റെടുത്തു നടത്തിവരികയാണ്. 

തുടർന്നുള്ള വികസന പ്രവർത്തനങ്ങൾക്കായി കൃഷ്ണ മെഡിക്കൽ സെന്ററിന്റെ നടത്തിപ്പുകാരും സംരംഭകരും ചേർന്നാണു കമ്പനി രൂപീകരിച്ചത്. ചെറുപുഴ ഡവലപ്പേഴ്സിനു  92 ലക്ഷം രൂപ നൽകി പണി പൂർത്തിയാകാത്ത 23 മുറികൾ വാങ്ങി.50 ബെഡും സൗകര്യങ്ങളുമുള്ള ആശുപത്രി നിർമിക്കുകയാണു ലക്ഷ്യമെന്നു ലീഡർ ഹോസ്പിറ്റൽസ് പ്രൈവറ്റ് ലിമിറ്റഡ്  കമ്പനി മാനേജിങ് ഡയറക്ടർ എം.ശ്യാമപ്രസാദ്, മാനേജർ സജീവ് മാത്യു എന്നിവർ പറഞ്ഞു.

നിർമാണ കരാറുകാരൻ ജോസഫിന്റെ കുടുംബത്തിനു നീതി കിട്ടുന്നതിനാവശ്യമായ എല്ലാ നടപടികളും സ്വീകരിക്കും.  കെ.കരുണാകരൻ സ്മാരക ട്രസ്റ്റുമായോ ചെറുപുഴ ഡവലപ്പേഴ്സ് കമ്പനിയുമായോ സിയാദ് കമ്പനിയുമായോ കോൺഗ്രസിനു ബന്ധമില്ല. പക്ഷേ, കോൺഗ്രസ് ഭാരവാഹികൾ ട്രസ്റ്റിലും കമ്പനിയിലും അംഗമായതുകൊണ്ടു പാർട്ടി ഭാരവാഹികൾക്കു വീഴ്ച പറ്റിയിട്ടുണ്ടോയെന്നു പരിശോധിക്കും. അന്വേഷണവുമായി സഹകരിക്കാൻ പാർട്ടി പ്രാദേശിക നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

  ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി

MORE IN KANNUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama