go

തളിപ്പറമ്പ് അർബൻ ബാങ്കിലെ ഹാക്കർ തട്ടിപ്പ് നടന്നത് 9 സംസ്ഥാനങ്ങളിൽ നിന്ന്

Kannur News
SHARE

തളിപ്പറമ്പ് ∙ അർബൻ സഹകരണ ബാങ്കിൽ നിന്ന് ദശലക്ഷങ്ങൾ തട്ടിയെടുത്ത ഹാക്കർമാർ പ്രവർത്തിച്ചത് 9 സംസ്ഥാനങ്ങളിൽ നിന്നെന്നു സൂചന. രാജ്യത്തെ വിവിധ എടിഎം വഴിയും തളിപ്പറമ്പ് അർബൻ സഹകരണ ബാങ്കിൽ നിന്നു ചോർത്തിയെടുത്ത പണം ഹാക്കർമാർ പിൻവലിച്ചിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ബിഹാറിലെ പട്ന, ബംഗാൾ, ഡൽഹി എന്നിവിടങ്ങളിലെ എടിഎമ്മുകളിൽ നിന്നു പണം പിൻവലിച്ചതായാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. 9 സംസ്ഥാനങ്ങളിലെ ഹാക്കർമാരാണ് ഇതിനു പിന്നിൽ പ്രവർത്തിച്ചത്. 

എന്നാൽ, തളിപ്പറമ്പിലെ ഐസിഐസിഐ ബാങ്ക് അധികൃതർ ഹാക്കർമാർ തട്ടിപ്പ് നടത്തുന്നതു കണ്ടെത്തി അർബൻ ബാങ്ക് അധികൃതരെ ഉടൻ അറിയിച്ചതിനാൽ വൻതോതിൽ തട്ടിപ്പ് നടത്താൻ സാധിച്ചിട്ടില്ല. 65 ലക്ഷത്തോളം രൂപയാണ് ഐസിഐസിഐ ബാങ്കിന്റെ അക്കൗണ്ടിൽ നിന്ന് ഹാക്കർമാർ തട്ടിയെടുത്തതായി കരുതുന്നതെങ്കിലും ഇതിൽ ഏറിയ ഭാഗവും തിരിച്ച് പിടിക്കാൻ സാധിക്കും. 

 രാജ്യത്തെ വിവിധ ബാങ്കുകളിലായി ഉത്തരേന്ത്യക്കാരുടെ പേരിൽ സൃഷ്ടിച്ച 16 അക്കൗണ്ടുകളിൽ നിന്നാണ് പണം പിൻവലിച്ചിരിക്കുന്നത്. ഇതിൽ എസ്ബിഐയിൽ ഉള്ള 6 അക്കൗണ്ടുകളിൽ 2 എണ്ണത്തിൽ നിന്നാണ് കുറച്ച് പണം പിൻവലിച്ചിരിക്കുന്നത്. ബാക്കിയുള്ള അക്കൗണ്ടിലെ പണം തടഞ്ഞു വയ്ക്കാൻ സാധിക്കും. കാനറ ബാങ്കിൽ ഉള്ള 6 അക്കൗണ്ടുകളിൽ ഇവർ നിക്ഷേപിച്ച പണം പൂർണമായും പിൻവലിച്ചിട്ടില്ല. എച്ച്ഡിഎഫ്സി ബാങ്കിലെ അക്കൗണ്ടിൽ ഉള്ള പണവും പിൻവലിക്കാൻ ഹാക്കർമാർക്ക് സാധിച്ചിട്ടില്ല. ഇതും അർബൻ ബാങ്കിനു തിരിച്ച് ലഭിക്കും. പഞ്ചാബ് നാഷണൽ ബാങ്കിൽ ഉണ്ടാക്കിയ ചില അക്കൗണ്ടുകളിൽ നിന്നാണ് ഇവർക്ക് ചെറിയ തോതിൽ പണം പിൻവലിക്കാൻ സാധിച്ചത്. ഇവയിൽ പലതിലും ഒരു ബ്രാഞ്ചിലെ അക്കൗണ്ടിലേക്ക് എടുത്ത പണം അവിടെ നിന്ന് അതേ ബാങ്കിന്റെ വിവിധ ബ്രാഞ്ചുകളിലേക്ക് മാറ്റി നിക്ഷേപിച്ചിട്ടുമുണ്ട്. 

 ഐസിഐസിഐ ബാങ്കിന്റെ അക്കൗണ്ടിൽ നിന്നാണ് ഹാക്കർമാർ പണം പിൻവലിച്ചതെന്നതിനാൽ പൊലീസിന്റെ എഫ്ഐആർ ബാങ്കിന്റെ പ്രധാന ശാഖയിൽ എത്തിച്ചാ‍‍ൽ ഇത്തരം അക്കൗണ്ടുകളിലെ പണമെല്ലാം തിരിച്ച് പിടിക്കാൻ സാധിക്കും. എന്നാൽ, ഉത്തരേന്ത്യയിലെ പല ബാങ്കുകളിലും തിരിച്ചറിയൽ രേഖകൾ ഇല്ലാതെ ഇത്തരക്കാ‍ർക്ക് അക്കൗണ്ടുകൾ ആരംഭിക്കാൻ ബാങ്കുകളിലെ ജീവനക്കാർ തന്നെ സഹായം ചെയ്തു നൽകുന്നണ്ടത്രെ. സംസ്ഥാനത്ത് ഇത്തരത്തിൽ നടന്ന മറ്റ് തട്ടിപ്പുകൾ അന്വേഷിച്ച് ചെന്ന കേരള പൊലീസിന് പലപ്പോഴും വ്യാജ പേരുകളിൽ ഉള്ള അക്കൗണ്ടുകളാണത്രെ കണ്ടെത്താൻ സാധിക്കുന്നത്. 

 സംസ്ഥാനത്തെ 5 അർബൻ ബാങ്കുകളിൽ തന്നെ ഇത്തരത്തിൽ തട്ടിപ്പുകൾ നടന്നിരുന്നു. പുണെയിലുള്ള ബാങ്കിൽ കഴിഞ്ഞ ദിവസം 90 കോടിയോളം രൂപയാണ് ഇത്തരത്തിൽ ഹാക്കർമാർ തട്ടിയെടുത്തത്. ഇ–മെയിൽ സന്ദേശത്തിലൂടെയോ വൈറസ് കയറ്റിയോ ബാങ്കുകളുടെ ഓൺ‍ലൈനിൽ നുഴഞ്ഞുകയറി ഐപി കോ‍ഡ് കരസ്ഥമാക്കിയാണ് പ്രധാനമായും ഇത്തരത്തിലുള്ള തട്ടിപ്പുകൾ നടത്തുന്നത്. 

അതീവ സൈബർ സുരക്ഷാ സംവിധാനമുള്ള ബാങ്കുകളിലും ഇത്തരത്തി‍ൽ ഹാക്കർമാരുടെ നുഴഞ്ഞു കയറ്റം നടന്നതായി പൊലീസ് പറയുന്നു. തളിപ്പറമ്പ് സിഐ സത്യനാഥിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷണം നടത്തുന്നത്. ഈ ദിവസങ്ങളിൽ ബാങ്കുകൾ അവധിയായതിനാൽ അടുത്ത ദിവസം തന്നെ തട്ടിപ്പ് നടന്നതായി കണ്ടെത്തിയ ഉത്തരേന്ത്യയിലെ സ്ഥലങ്ങളിലേക്ക് തളിപ്പറമ്പ് പൊലീസ് അന്വേഷണത്തിനായി പോകും.

MORE IN KANNUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama