go

മൂന്നു മാസം; പിടികൂടിയത് ഏഴു ക്വിന്റലിലേറെ മത്സ്യം

Kannur News
1.തലശ്ശേരി മത്സ്യമാർക്കറ്റിൽ നിന്നു പിടിച്ചെടുത്ത ഫോർമലിൻ കലർന്ന മത്സ്യം. 2.ഭക്ഷ്യസുരക്ഷാ വിഭാഗം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ തലശ്ശേരി മത്സ്യമാർക്കറ്റിൽ നടന്ന പരിശോധന.
SHARE

കണ്ണൂർ∙ മൂന്നു മാസത്തിനിടെ ജില്ലയിലെ ഭക്ഷ്യസുരക്ഷാ വിഭാഗം ഫോർമലിൻ കലർന്ന മത്സ്യം പിടികൂടൂന്നത് അഞ്ചാം തവണ. ഓഗസ്റ്റിൽ അഴീക്കോട് നിന്നും ഇരിട്ടിയിൽ നിന്നും സെപ്റ്റംബറിൽ കേളകത്തു നിന്നും ചാലാട് നിന്നും ഫോർമലിൻ കലർന്ന മത്സ്യം പിടികൂടിയിരുന്നു. തലശ്ശേരിയിൽ നിന്നു നേരത്തെയും ഫോർമലിൻ അടങ്ങിയ മത്സ്യം ചെറിയ അളവിൽ പിടികൂടിയിരുന്നു.

ഇതരസംസ്ഥാനങ്ങളിൽ നിന്ന് തലശ്ശേരിയിലേക്കു ഫോർമലിൻ കലർന്ന മത്സ്യം എത്തുന്നതായി താലൂക്ക് വികസന സമിതി യോഗങ്ങളിൽ തുടർച്ചയായി പരാതിയുയർന്നിരുന്നു. തുടർന്നു പരിശോധനയ്ക്കു ഡപ്യൂട്ടി കലക്ടർ നിർദേശിച്ചു. ഫിഷറീസ് വകുപ്പും ഭക്ഷ്യസുരക്ഷാ വിഭാഗവും ചേർന്നു നടത്തിയ പരിശോധനയിലാണ് ഇന്നലെ രാവിലെ അഞ്ചു ക്വിന്റൽ മത്സ്യം പിടികൂടിയത്. മത്സ്യം ശീതീകരിച്ചു സൂക്ഷിക്കാൻ ഉപയോഗിക്കുന്ന ഐസിൽ ഫോർമലിൻ ചേർക്കുന്ന സംഭവങ്ങളും ശ്രദ്ധയിൽപെട്ടതായി ഭക്ഷ്യസുരക്ഷാ വിഭാഗം ഉദ്യോഗസ്ഥർ പറഞ്ഞു.

അപകടകാരി ഫോർമലിൻ

ഫോർമലിൻ, അമോണിയ തുടങ്ങിയ രാസപദാർഥങ്ങൾ ഉപയോഗിച്ച മത്സ്യം കഴിച്ചാൽ അർബുദം പോലെയുള്ള മാരകരോഗങ്ങൾ പിടിപെടാമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പുണ്ട്. ശ്വാസകോശം അടക്കമുള്ള പ്രധാന അവയവങ്ങളെ വിഷാംശം കലർന്ന മത്സ്യത്തിന്റെ ഉപയോഗം ബാധിക്കും. അലർജിക്കും കാരണമാകും.

മൃതശരീരം അഴുകാതിരിക്കാനും പഠനത്തിനായി ശരീരഭാഗങ്ങൾ സൂക്ഷിച്ചു വയ്ക്കാനും ഉപയോഗിക്കുന്ന രാസവസ്തുവാണു ഫോമാൽഡിഹൈഡ്. ഇതിൽ വെള്ളം ചേർത്തു നേർപ്പിച്ചാണു ഫോർമലിൻ ഉണ്ടാക്കുന്നത്. നേർത്ത അളവിലാണെങ്കിൽ പെട്ടെന്ന് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകില്ല.

പേപ്പർ സ്ട്രിപ്  പരിശോധന

ഫോമാൽഡിഹൈഡ്, അമോണിയ, സോഡിയം ബൻസോയേറ്റ് അടക്കമുള്ള രാസവസ്തുക്കൾ കലർന്ന മീൻ തിരിച്ചറിയാൻ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി (സിഫ്റ്റ്) വികസിപ്പിച്ച പേപ്പർ സ്ട്രിപ്പാണ് ഉപയോഗിക്കുന്നത്. അമോണിയ, ഫോർമലിൻ എന്നിവയുടെ സാന്നിധ്യം വിൽപന സ്ഥലത്തു വച്ചു തന്നെ കണ്ടുപിടിക്കാൻ ഇതുവഴി കഴിയും.

പരിശോധനയ്ക്കു തടസ്സം ഉദ്യോഗസ്ഥരുടെ കുറവ്

ജില്ലയിൽ 11 സർക്കിളുകളിൽ ഭക്ഷ്യസുരക്ഷാ ഓഫിസർമാരുള്ളത് ഏഴിടത്തു മാത്രം. ഇതിൽത്തന്നെ രണ്ടുപേർ അവധിയിലാണ്. ഫലത്തിൽ അഞ്ച് ഉദ്യോഗസ്ഥരാണു പരിശോധനകൾക്കും ദൈനംദിന കാര്യങ്ങൾക്കുമായുള്ളത്.

മത്സ്യം പിടികൂടിയാൽ  ഉദ്യോഗസ്ഥർ വലയും

എളുപ്പം കേടാവുമെന്നതിനാൽ മത്സ്യം പിടികൂടിയാൽ വലയുന്ന സ്ഥിതിയാണെന്ന് ഉദ്യോഗസ്ഥർ. ഫോർമലിനോ മറ്റു രാസവസ്തുക്കളോ കലർന്നതാണെന്നു തിരിച്ചറിഞ്ഞാൽ നശിപ്പിക്കുകയേ വഴിയുള്ളൂ. തിരിച്ചയച്ചാൽ മറ്റേതെങ്കിലും സ്ഥലത്ത് ഇതു വിൽപനയ്ക്കെത്തും.

നശിപ്പിക്കാൻ സ്ഥലം ലഭിക്കാത്തതാണു പലപ്പോഴും തടസ്സമാവുന്നത്. ഇന്നലെ തലശ്ശേരി നഗരസഭയുടെ സഹായമുള്ളതു കൊണ്ടു മാത്രമാണ് ഇത്രയും മത്സ്യം കുഴിച്ചുമൂടാൻ കഴിഞ്ഞത്. ഓഗസ്റ്റിൽ ചാലാട് നിന്നു പിടികൂടിയ മത്സ്യം ശ്രീകണ്ഠപുരം നഗരസഭയുടെ സഹായത്തോടെയാണു നശിപ്പിച്ചത്.

മിന്നൽ പരിശോധന നടത്തും

സാഗർ റാണി പദ്ധതിയുമായി ബന്ധപ്പെട്ടു ഫിഷറീസ് വകുപ്പുമായി ചേർന്നു രൂപീകരിച്ച ടാസ്ക് ഫോഴ്സിന്റെ നേതൃത്വത്തിന്റെ പരിശോധനകൾ തുടരും. ഫോർമലിൻ കലർന്ന മത്സ്യം വിപണിയിൽ എത്തുന്നതു തടയാൻ ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള ലോറികളിൽ മിന്നൽ പരിശോധനകൾ നടത്തും.-പി.കെ.ഗൗരിഷ്  അസി. കമ്മിഷണർ, ഭക്ഷ്യസുരക്ഷാ വിഭാഗം, കണ്ണൂർ

MORE IN KANNUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama