go

കുടക് കുലുക്കമില്ലാതെ നിൽക്കുന്നതിനു പിന്നിൽ മലയാളി വിദ്യ

kasargod-sreevidya
പി.ഐ.ശ്രീവിദ്യ
SHARE

നൂറ്റാണ്ടിലെ ഏറ്റവുംവലിയ മഴയും പ്രകൃതിക്ഷോഭവും നേരിട്ടിട്ടും കുടക് കുലുക്കമില്ലാതെ നിൽക്കുന്നതിനു പിന്നിൽ കുടുകുടെ ചിരിക്കുന്നൊരു മലയാളി സാന്നിധ്യമുണ്ട്. കുടക് ജില്ലയുടെ ഡപ്യൂട്ടി കമ്മിഷണർ പി.ഐ.ശ്രീവിദ്യ ഐഎഎസ്.  അതിതീവ്രവും അസാധാരണവുമായ മഴയുണ്ടാവുമെന്ന അറിയിപ്പുകൾ കണ്ടപ്പോൾ പക്ഷേ, ചിരിച്ചുതള്ളിയില്ല.  ഓഗസ്റ്റ് 12 മുതലാണ് വിവിധ ഏജൻസികളിൽ നിന്ന് മുന്നറിയിപ്പുകൾ വന്നത്. കുടകിന്റെ ഭൂപ്രകൃതിയുടെ പ്രത്യേകത മനസ്സിലാക്കി അപകടസാധ്യതയുള്ള മേഖലകളിൽ നിന്ന് 13 മുതൽ ആളുകളെ ഒഴിപ്പിച്ചു. മഴക്കെടുതിക്കും മുൻപേ ക്യാംപുകളൊരുക്കി.

പ്രവചനങ്ങൾ തെറ്റിയില്ല, 15നും 16നും മഴ തിമിർത്തു പെയ്തു. 2500 വീടുകളും ഏക്കറുകണക്കിനു കൃഷിഭൂമിയും കെട്ടിടങ്ങളും തകർന്നടിഞ്ഞു. റോഡുകളും ഒഴുകിപ്പോയി. ‌ഡപ്യൂട്ടി കമ്മിഷണർ ഓഫിസിനോടു ചേർന്ന് കൺട്രോൾറൂം തുറന്ന് ശ്രീവിദ്യ രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. മൂന്നു സേനാവിഭാഗങ്ങളുടെയും കർണാടകയിലെ പ്രത്യേക ദൗത്യസേനയായ ഗരുഡിന്റെയും പൊലീസ്, ഫയർഫോഴ്സ്, എൻഡിആർഎഫ് തുടങ്ങി ലഭ്യമായ എല്ലാ വിഭാഗങ്ങളെയും രക്ഷാപ്രവർത്തനത്തിനു നിയോഗിച്ചു. 

ജില്ലാ പഞ്ചായത്ത് ചീഫ് എക്സികുട്ടീവ് ഓഫിസർ ‍പ്രശാന്ത്കുമാർ മിശ്ര, ജില്ലാ പൊലീസ് ചീഫ് സുമൻ പന്നേക്കർ എന്നിവരും എംഎൽഎമാരായ അപ്പച്ചുരഞ്ജൻ (മടിക്കേരി), കെ.ജി.ബൊപ്പയ്യ (വീരാജ്പേട്ട) എന്നിവരും മറ്റു ജനപ്രതിനിധികളും രാഷ്ട്രീയകക്ഷി നേതാക്കളും ഒപ്പംനിന്നു. മുഖ്യമന്ത്രി  എച്ച്.ഡി.കുമാരസ്വാമിയുടെ നേതൃത്വത്തിൽ സർക്കാർ ഓരോ മണിക്കൂറിലും കാര്യങ്ങൾ അന്വേഷിച്ചു. സർക്കാർ കാര്യങ്ങൾ വേഗത്തിലാക്കാൻ ചീഫ്സെക്രട്ടറിയും കാര്യക്ഷമമായി ഇടപെട്ടു. കനത്ത നാശം സംഭവിച്ചിട്ടും ആളപായം കുറയ്ക്കാൻ സാധിച്ചത് കൂട്ടായ ഈ പരിശ്രമമാണ്.

രണ്ടുദിവസം വീട്ടിലേക്കുപോലും ഒന്നുവിളിക്കാൻ കഴിഞ്ഞില്ല. നാലുവയസ്സുകാരൻ മാധവ് അമ്മയുടെ തിരക്കു മനസ്സിലാക്കി ശ്രീവിദ്യയുടെ മാതാപിതാക്കൾക്കൊപ്പം ക്യാംപ്ഹൗസിൽ ശാന്തനായിരുന്നു.കുടക് പ്രകൃതിക്ഷോഭത്തിന്റെ മൂർധന്യതയിൽ നിൽക്കുമ്പോൾ കേരളത്തിന്റെ മറ്റൊരറ്റത്ത് ശ്രീവിദ്യയുടെ ഭർത്താവും പത്തനംതിട്ട ജില്ലാ പൊലീസ് ചീഫുമായ ടി.നാരായണനും ദുരിതാശ്വാസ പ്രവർത്തനങ്ങളിലായിരുന്നു. പമ്പനിറഞ്ഞു കവിഞ്ഞ് ആയിരങ്ങൾ പ്രളയക്കെടുതിയിൽ മുങ്ങിത്താഴുമ്പോൾ രക്ഷാപ്രവർത്തനത്തിന്റെ നേതൃസ്ഥാനത്ത് നാരായണനുണ്ടായിരുന്നു. ഇതിനിടെ ‌ഭാര്യ ശ്രീവിദ്യയെ വിളിക്കാൻ നാരായണനും സാധിച്ചില്ല. 

മഴയൊഴിഞ്ഞ് മൂന്നാം ദിവസം പരസ്പരം വിളിച്ചപ്പോഴാണ് രണ്ടു സംസ്ഥാനങ്ങളിൽ സമാനമായ ദുരന്തത്തിൽപെട്ടവരുടെ ജീവൻ കാക്കുകയായിരുന്നു തങ്ങളിരുവരുമെന്ന് പരസ്പരം അറിയുന്നത്.  കുടകിൽ മഴക്കെടുതികളുണ്ടായ കാര്യം നാരായണനോ പത്തനംതിട്ടയിലെ പ്രളയത്തെക്കുറിച്ചുള്ള വിവരം ശ്രീവിദ്യയോ അറിഞ്ഞിരുന്നില്ല !കർണാടകത്തിലെ സമൂഹമാധ്യമങ്ങളിൽ ഡപ്യൂട്ടി കമ്മിഷണറുടെ ഇടപെടലിനെ പ്രകീർത്തിച്ചുകൊണ്ടുള്ള പോസ്റ്റുകൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കൊല്ലം കൊട്ടാരക്കര ചക്കുവരയ്ക്കൽ സ്വദേശിനിയാണ് ശ്രീവിദ്യ.

Read more : Kerala Floods

MORE IN KASARAGOD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama