go

കല്ലുമ്മക്കായ വിത്ത് ചാകര; പ്രതീക്ഷ വിളഞ്ഞ് മാവിലാക്കടപ്പുറം

Kasargod News
കല്ലുമ്മക്കായ വിത്ത് ശേഖരണവുമായി തൊഴിലാളി. ഒരിയര പുലിമുട്ടിനു സമീപത്തെ കാഴ്ച.
SHARE

തൃക്കരിപ്പൂർ∙കവ്വായി കായലിലെ കല്ലുമ്മക്കായ കർഷകർക്കു പ്രതീക്ഷയുടെ പുതുവർഷവുമായി കല്ലുമ്മക്കായ വിത്തിന്റെ സമൃദ്ധി. കടലും കായലും സംഗമിക്കുന്ന മാവിലാക്കടപ്പുറം ഒരിയര പുലിമുട്ടിലും പരിസരങ്ങളിലും കല്ലുമ്മക്കായ വിത്തിന്റെ ചാകര. വിത്ത് സംഭരിച്ചു വിൽപന നടത്തുന്നവർ ഇപ്പോൾ വലിയ തിരക്കിലാണ്. കരിങ്കൽ ഭിത്തികളിലും കായൽ മണലിലും പറ്റിപ്പിടിച്ചിരിക്കുന്ന വിത്ത് ആവേശത്തോടെ ശേഖരിക്കുകയാണിവർ.

ഒരു പെട്ടി വിത്ത് കർഷകർക്കു കൊടുത്താൽ 1500 രൂപ കിട്ടും. വിവിധ മേഖലകളിൽ തൊഴിലെടുക്കുന്നവർ വിത്ത് സംഭരണത്തിലുണ്ട്. കൊല്ലം, ആലപ്പുഴ, തലശ്ശേരി തുടങ്ങിയ ഭാഗങ്ങളിൽ നിന്നാണ് ഇവിടുത്തെ കർഷകർക്ക് വിത്ത് ലഭിക്കുന്നത്. 5000 രൂപയാണ് ഒരു ചാക്ക് വിത്തിന് ഏജന്റുമാർ ഈടാക്കുന്നത്. കൊണ്ടു വരുന്ന വിത്താകട്ടെ പകുതിയും ചത്തു മലച്ചതുമായിരിക്കും.

വിത്ത് വിതരണത്തിൽ ഒരു തരം കൊള്ള നടത്തുന്നുവെന്ന പരാതി നിലനിൽക്കുന്നതിനിടയിൽ കൃഷിപ്പാടത്തു തന്നെ വിത്തിന്റെ ചാകര ലഭിച്ചതിന്റെ ആഹ്ലാദത്തിലാണ് കർഷകർ. ലഭിക്കുന്ന വിത്ത് മുഴുവൻ വിളയിറക്കാൻ കഴിയുമെന്ന പ്രത്യേകത കൂടിയുണ്ട്. അടുത്ത വിളവ് നല്ലതായിരിക്കുമെന്ന പ്രതീക്ഷയാണ് കർഷകരിൽ.

സമീപ കാലത്ത് വൻ നഷ്ടമാണ് കർഷകർ നേരിടുന്നത്. വിത്തിനു ഭീമമായ വില കൊടുക്കേണ്ടി വരുമ്പോൾ തന്നെ ഉൽപന്നത്തിനു മാന്യമായ വില ലഭിക്കുന്നുമില്ല. ഈ രംഗത്തെ ഇടത്തട്ടുകാരുടെ ചൂഷണത്തിൽ വലയുന്ന കർഷകർ, വിത്ത് വിതരണവും ഉൽപന്ന സംഭരണവും സർക്കാർ ഏജൻസികൾ മുഖേന വേണമെന്നു വർഷങ്ങളായി ആവശ്യമുന്നയിക്കുന്നുണ്ടെങ്കിലും നിരാശയാണ് ഫലം. തൃക്കരിപ്പൂർ മേഖലയിൽ നാലോളം പഞ്ചായത്തുകളിലായി ആയിരത്തിൽ പരം കർഷകർ ഈ രംഗത്തുണ്ട്. ഇതിൽ ഏറിയ പങ്കും സ്ത്രീകളാണെന്ന പ്രത്യേകതയുമുണ്ട്.

MORE IN KASARAGOD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama