go

പറന്നുയരുമോ, പെരിയയുടെ പ്രതീക്ഷകൾ

Kasargod News
SHARE

പെരിയ∙ നിർദിഷ്ട പെരിയ എയർ സ്ട്രിപ്പിന്റെ സാധ്യതാപഠനത്തിനായി സർക്കാർ നിയോഗിച്ച പ്രതിനിധി പദ്ധതി പ്രദേശം സന്ദർശിച്ചു. തിരുവനന്തപുരം ആസ്ഥാനമായ തുമ്പി ഏവിയേഷൻ പ്രൈവറ്റ് ലിമിറ്റഡ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ക്യാപ്റ്റൻ കെ.എൻ.ജി.നായരാണു പെരിയ വില്ലേജിലെ കനിംകുണ്ടിലെ എയർസ്ട്രിപ്പിനായി കണ്ടെത്തിയ സ്ഥലം സന്ദർശിച്ചത്.

Kasargod News
പെരിയ എയർസ്ട്രിപ്പ് പദ്ധതി പ്രദേശം സന്ദർശിച്ച തുമ്പി ഏവിയേഷൻ പ്രൈവറ്റ് ലിമിറ്റഡ് ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ ക്യാപ്റ്റൻ കെ.എൻ.ജി.നായർക്ക് രൂപരേഖ വിശദമാക്കുന്ന കലക്ടർ ഡി.സജിത് ബാബു. എഡിഎം എൻ.ദേവീദാസ് സമീപം.

കലക്ടർ ഡി.സജിത് ബാബു, എഡിഎം എൻ.ദേവീദാസ്, പ്രോജക്ട് മാനേജ്മെന്റ് എൻജിനീയർ ജോസ് കൊച്ചിക്കുന്നേൽ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. എയർസ്ട്രിപ്പിനനുയോജ്യമായ സ്ഥലമാണിതെന്നും ചെറുവിമാനത്താവളത്തിനു എല്ലാ സാധ്യതകളുമുള്ള പ്രദേശമാണെന്നും കെ.എൻ.ജി.നായർ ‘മനോരമ’യോടു പറഞ്ഞു.

മറ്റു സാങ്കേതിക ഘടകങ്ങൾ കൂടി പരിശോധിച്ച് ഒരാഴ്ചയ്ക്കകം സാധ്യതാ പഠന സമിതി അധ്യക്ഷനും വ്യോമയാന ചുമതലയുള്ള ഗതാഗത പ്രിൻസിപ്പൽ സെക്രട്ടറിയുമായ കെ.ആർ.ജ്യോതിലാലിനു റിപ്പോർട്ട് നൽകുമെന്നും അദ്ദേഹം പറഞ്ഞു. എയർസ്ട്രിപിനായി പ്രദേശത്തെ 20 കുടുംബങ്ങൾ സ്ഥലം വിട്ടുനൽകാൻ തയാറായിട്ടുണ്ട്. ഇതും അനുകൂല ഘടകമാണെന്നു കെ.എൻ.ജി.നായർ പറഞ്ഞു.

കനിംകുണ്ടിൽ എയർസ്ട്രിപ് സ്ഥാപിക്കുന്നതിന് 2011 ലാണ് സർക്കാർ തത്വത്തിൽ അംഗീകാരം നൽകുന്നത്. ഇതുപ്രകാരം ബിആർഡിസി സ്ഥലമെടുപ്പിനായുള്ള പ്രാരംഭ നടപടികൾ ആരംഭിക്കുകയും ചെയ്തു. എയർസ്ട്രിപ്പിനായി പെരിയ വില്ലേജിലെ 322, 341 സർവേ നമ്പറുകളിൽപ്പെടുന്ന 80.41 ഏക്കറാണ് കണ്ടെത്തിയത്.

ഇതിൽ 51.65 ഏക്കർ സ്വകാര്യ വ്യക്തികളുടെയും 28.76 ഏക്കർ സർക്കാരിന്റേതുമാണ്. 2010ലാണ് എയർസ്ട്രിപ്പിന്റെ സാധ്യത പഠനത്തിനായി ബിആർഡിസി സിയാലിനെ ഏൽപ്പിച്ചത്. 2012ൽ ഇവരുടെ പഠന റിപ്പോർട്ട് ബിആർഡിസിക്കു സമർപ്പിക്കുകയും ചെയ്തു. എന്നാൽ റിപ്പോർട്ട് അനുകൂലമല്ലാത്തതിനാൽ തുടർ നടപടികൾ അനിശ്ചിതത്വത്തിലായി.

ജില്ലാ പഞ്ചായത്തിന്റെ നടപ്പുവർഷത്തെ ബജറ്റിൽ സ്വകാര്യ പങ്കാളിത്തത്തോടെ എയർസ്ട്രിപ്പ് യാഥാർഥ്യമാക്കുമെന്നു പ്രഖ്യാപിച്ചിരുന്നു. പ്രാഥമിക ചെലവുകൾക്കായി ബജറ്റിൽ 10ലക്ഷം രൂപ നീക്കി വയ്ക്കുകയും ചെയ്തു. ജില്ലാ പഞ്ചായത്ത് പദ്ധതി നടപ്പിലാക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തുന്നതിനിടെയാണു സാധ്യതാ പഠനത്തിനായി സർക്കാർ സമിതിയെ നിയോഗിച്ചത്.

കെ.ആർ.ജ്യോതിലാലിന്റെ നേതൃത്വത്തിൽ രൂപീകരിച്ച സമിതിയിൽ കലക്ടർ, ബിആർഡിസി എംഡി, ധനവകുപ്പ്, സിയാൽ എന്നിവയുടെ ഓരോ പ്രതിനിധികളും അംഗങ്ങളാണ്. റിപ്പോർട്ട് അനുകൂലമായാൽ സ്വകാര്യ പങ്കാളിത്തത്തോടെ പദ്ധതി നടപ്പാക്കാനാകും സർക്കാർ ശ്രമം.

∙പെരിയ എയർസ്ട്രിപ്പിനായി സ്ഥലം വിട്ടു നൽകാൻ തയാറായി പ്രദേശവാസികൾ മുന്നോട്ടുവന്നതു തന്നെ ശുഭസൂചകമാണ്. ടൂറിസം രംഗത്തുൾപ്പെടെ ജില്ലയുടെ വൻ വികസന സാധ്യതയിലേക്കാണു എയർസ്ട്രിപ്പ് വഴിതുറക്കുന്നത്.

ഡി.സജിത് ബാബു, ജില്ലാ കലക്ടർ

∙ കണ്ണൂർ–കോഴിക്കോട്–മംഗളൂരു ഉൾപ്പെടെ രാജ്യാന്തര വിമാനത്താവളങ്ങളുടെ സാമീപ്യവും പദ്ധതിക്കായി കുന്നിടിക്കലുൾപ്പെടെ ശ്രമകരമായ പ്രവർത്തികൾ വേണ്ടിവരില്ലെന്നതും പെരിയ എയർ സ്ട്രിപ്പിന് അനുകൂല ഘടകമാണ്. നിർമാണച്ചെലവ് കുറയുമെന്നത് വലിയനേട്ടമാകും.

ക്യാപ്റ്റൻ കെ.എൻ.ജി.നായർ സിഎംഡി, തുമ്പി ഏവിയേഷൻ പ്രൈവറ്റ് ലിമിറ്റഡ്

∙ പെരിയ എയർസ്ട്രിപ്പ് യാഥാർഥ്യമാകുന്നത് ബേക്കൽ ടൂറിസം, എച്ച്എഎൽ, കേന്ദ്ര സർവകലാശാല, സത്യസായി സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി, ആനന്ദാശ്രമം എന്നിവയ്ക്കും ഏറെ ഗുണകരമാകും.

ജോസ് കൊച്ചിക്കുന്നേൽ, പ്രൊജക്ട് മാനേജ്മെന്റ് എൻജിനീയർ  

MORE IN KASARAGOD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama