go

മായം ചേർത്താൽ ആരറിയാൻ?

kasargod-fraud
SHARE

കാസർകോട് ∙ ആദ്യം വീട്ടമ്മമാരുടെ ശ്രദ്ധയ്ക്ക്... അടുക്കളയിലെ ആവി പറക്കും വിഭവങ്ങൾ ചിലപ്പോൾ ഉറ്റവരുടെ ജീവനു ഭീഷണിയായേക്കാം. ഇനി, ഹോട്ടലുകളെ വിശ്വസിക്കുന്നവരോട്... റിസ്ക് എടുക്കാമെങ്കിൽ മാത്രം കഴിച്ചോളൂ. കാരണം ജില്ലയിലെ ഭക്ഷണസാധനങ്ങളുടെ നിലവാരം പരിശോധിക്കാൻ ആളില്ല. മായം ചേർക്കുന്നവർക്ക് ഇതു നല്ല കാലമാണ്. 

ഉണ്ടായിരുന്ന ഒരാളും പോയി

ദേശീയ ഭക്ഷ്യ സുരക്ഷാ വകുപ്പ്  6 ഫുഡ് സേഫ്റ്റി ഓഫിസർ തസ്തികകൾ ആണ് അനുവദിച്ചിട്ടുള്ളത്. നിയോജക മണ്ഡലം തോറും ഓരോ ഉദ്യോഗസ്ഥൻ വേണം. 5 നിയോജക മണ്ഡലങ്ങൾ ഉള്ള ജില്ലയിൽ കഴിഞ്ഞ 4 മാസമായി ആകെയുണ്ടായിരുന്നത് ഒരൊറ്റ ഉദ്യോഗസ്ഥനാണ്. ഇദ്ദേഹത്തിനു കഴി‍ഞ്ഞ കുറേ ദിവസങ്ങളായി ശബരിമല ഡ്യൂട്ടിയായിരുന്നു. അതു കഴിഞ്ഞതോടെ   തിരുവനന്തപുരത്തേക്കു സ്ഥലം മാറ്റവും ലഭിച്ചു. ഇതുവരെ കാസർകോട് ആരെയും നിയമിച്ചട്ടില്ല.

4 മാസം മുൻപ് വരെ  2 പേരുണ്ടായിരുന്നു.  വെള്ളം, മത്സ്യം, അരി, ശർക്കര, എണ്ണ , പച്ചക്കറി, ധാന്യങ്ങൾ, പാചക വിഭവങ്ങളിൽ ഉൾപ്പെടെ വ്യാപകമായ മായം ഉണ്ടായിരിക്കെ ആണു കൃത്യമായ പരിശോധന പോലും നടത്താൻ കഴിയാതെ ദേശീയ ഭക്ഷ്യസുരക്ഷാ വിഭാഗം പ്രവർത്തനം അവതാളത്തിലാകുന്നത്. സെപ്റ്റംബർ, ഡിസംബർ മാസങ്ങളി‍ൽ ഇതര ജില്ലകളിൽ നിന്നുള്ള ഉദ്യോഗസ്ഥർ  അടങ്ങിയ പ്രത്യേക സ്ക്വാഡ് ജില്ലയിൽ വിവിധ വ്യാപാര സ്ഥാപനങ്ങളിലും മറ്റും ആയി പരിശോധന നടത്തിയിരുന്നു. ഓണം, ക്രിസ്മസ് പ്രമാണിച്ചായിരുന്നു ഇത്.

മായം ഒഴുകുന്നു

കടകളിലും മറ്റും പരിശോധന നടത്തി സംശയം തോന്നുന്ന സാധന സാംപിൾ ലാബിൽ  നൽകണം. സൂക്ഷ്മമായ പരിശോധന ഫലം കിട്ടിയാൽ തുടർ നടപടികൾ എടുക്കണം . മായം  തെളിഞ്ഞാൽ കട ഉടമ, വിതരണക്കാരൻ, ഉൽപാദകൻ തുടങ്ങിയവർ ശിക്ഷിക്കപ്പെടുന്ന ദേശീയ ഭക്ഷ്യ സുരക്ഷാ നിയമത്തിൽ തടവും പിഴയും ശിക്ഷയുണ്ട്. അടുത്തിടെ കണ്ണൂരിൽ ഒരു ക്ഷേത്രത്തിൽ നിന്നു മായം കലർന്ന ശർക്കര കണ്ടെത്തിയിരുന്നു.

റോഡമിൻ എന്ന മാരക രാസവസ്തു ഉൾപെടെ നിരോധിത കൃത്രിമ കളർ ചേർത്ത ശർക്കര ആണ് ഇതെന്നു  ലാബ് പരിശോധനയിൽ തെളിഞ്ഞു. തമിഴ്നാട്ടിൽ നിന്നു എത്തിയതായിരുന്നു ശർക്കര.  തമിഴ്നാട് ഉൾപ്പെടെ ഇതര സംസ്ഥാനങ്ങളിലെല്ലാം ഇതുമായി ബന്ധപ്പെട്ട്  അലർട്ട് പ്രഖ്യാപിച്ചു. ഇത്തരം ഒരു സാഹചര്യത്തിൽ ആണ് കാസർകോട് ജില്ലയിൽ വ്യാപകമായ പരിശോധന നടത്തി നടപടികൾ എടുക്കാൻ ഉദ്യോഗസ്ഥർ ഇല്ലാതെയുള്ള ഭക്ഷ്യസുരക്ഷാ വകുപ്പ് പ്രവർത്തനം.

MORE IN KASARAGOD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama