go

പൊളിഞ്ഞ റോഡ് നന്നാക്കി; മണൽ കടത്താൻ

Kasargod news
ചന്ദ്രഗിരിപ്പുഴയിലെ തെക്കിൽ പാലത്തിന്റെ അടിയിൽ പൊലീസ് തടസ്സപ്പെടുത്തിയ റോഡ് മണൽകടത്തിനായി വീണ്ടും നിർമിച്ചപ്പോൾ.നേരത്തെ പൊലീസ് തകർത്ത തോണികളും ഇവിടെ കാണാം.
SHARE

ചട്ടഞ്ചാൽ ∙ പൊലീസ് തടസ്സപ്പെടുത്തിയ റോഡ് നന്നാക്കി വീണ്ടും മണൽക്കൊള്ള സജീവമായി. ചന്ദ്രഗിരിപ്പുഴയിലെ തെക്കിൽ, കല്ലുവള തുടങ്ങിയ സ്ഥലങ്ങളിൽ നിന്നാണ് ഒന്നരമാസത്തിനു ശേഷം അനധികൃത മണൽക്കടത്ത് വ്യാപകമായത്.

മഴ മാറിയതിനു പിന്നാലെ പുഴയിൽ നിന്നു മണൽക്കൊള്ള വ്യാപകമായതിനെ തുടർന്നു പൊലീസ് നടപടി ശക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി പുഴയിലേക്കുള്ള റോഡുകൾ മുറിച്ച് ഗതാഗതം തടസ്സപ്പെടുത്തുകയും മണലെടുക്കാനുപയോഗിക്കുന്ന തോണികൾ തകർക്കുകയും ചെയ്തിരുന്നു. ഒട്ടേറെ തോണികളാണ് പൊലീസ് പിടികൂടിയത്. പുഴയിലേക്കുള്ള റോഡ് കടന്നുപോകുന്ന സ്ഥലത്തിന്റെ ഉടമകളെ കണ്ടെത്തി അവർക്കു നോട്ടിസ് നൽകുകയും ചെയ്തിരുന്നു. ഇതോടെ പത്തിമടക്കിയ മണൽക്കടത്തു സംഘങ്ങൾ വീണ്ടും സജീവമായിക്കൊണ്ടിരിക്കുകയാണ്.

പൊലീസ് മുറിച്ച റോഡുകൾ പലതും മണ്ണിട്ടുനികത്തി വീണ്ടും ഗതാഗതയോഗ്യമാക്കിയിരിക്കുകയാണ്. 

തെക്കിൽ പാലത്തിന്റെ അടിയിൽ പുഴയിലേക്കുള്ള റോഡും ഒരു മാസം മുൻപ് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പൊലീസ് തടസ്സപ്പെടുത്തിയിരുന്നു.എന്നാൽ കുഴി നികത്തി ദിവസങ്ങൾക്കു മുൻപ് ഈ റോഡും ഗതാഗതയോഗ്യമാക്കി.അംഗീകൃത കടവുകളിൽ പോലും പുഴയിലേക്ക് വാഹനങ്ങളിറക്കി മണലെടുക്കുന്നതിനു വിലക്കുണ്ട്. ഇതു നിലവിലിരിക്കെയാണ് ദേശീയപാതയിലെ പാലത്തിനു ഭീഷണിയായി പുഴയിലേക്ക് ടിപ്പർലോറിയിറക്കി വൻതോതിൽ മണൽകടത്തുന്നത്. 

ചന്ദ്രഗിരിപ്പുഴയിലെയും പയസ്വിനിപ്പുഴയിലെയും പല സ്ഥലങ്ങളിലും ഇതു തന്നെയാണ് സ്ഥിതി. തുടക്കത്തിൽ തന്നെ നടപടിയെടുത്തില്ലെങ്കിൽ വരും ദിവസങ്ങളിൽ പൊലീസിനും റവന്യു അധികൃതർക്കും അത് ഒരുപോലെ തലവേദനയാകും.

MORE IN KASARAGOD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama