go

അരുത്,ഗുരുവാണ്; കോപ്പിയടി പിടിച്ചാൽ കൈ ഒടിക്കൽ,യാത്രയയപ്പില്‍ ബീയറുകൾ

Kasargod News
SHARE

കാസർകോട്∙ ഗുരു ശിഷ്യബന്ധം ഊഷ്മളമായിരുന്ന പോയകാലത്തിന്റെ ഓർമകൾ പോലും ചവിട്ടിമെതിയ്ക്കപ്പെടുകയാണോ.? ജില്ലയിലെ  ചില വിദ്യാലയങ്ങളിൽ നിന്നു പുറത്തു വരുന്ന സംഭവങ്ങൾ അത്ര നല്ലതല്ലെന്നു തന്നെ വേണം പറയാൻ. അറിവു പകരുന്ന ഗുരുനാഥനെ ആക്രമിക്കുന്ന വിദ്യാർഥിയെ ഏതു വാക്കുകൾ കൊണ്ടാണു ന്യായീകരിക്കുക? ഒറ്റപ്പെട്ട സംഭവമാണെങ്കിലും ഇത്തരം സംഭവങ്ങൾ പല സ്കൂളുകളിലും മുൻപ് നടന്നിട്ടുണ്ടെന്നും ഇപ്പോഴും നടക്കുന്നുണ്ടെന്നും ചിലർ രഹസ്യമായെങ്കിലും സമ്മതിക്കും. അപമാനഭാരത്താൽ ചില അധ്യാപകർ സംഭവം പുറത്തു പറയുന്നില്ലെന്നതാണു സത്യം 

അധ്യാപകർക്കു നേരെയുള്ള വിദ്യാർഥികളുടെ ഭീഷണി പതിവാണ്. ജില്ലയിലെ പല വിദ്യാലയങ്ങളിലും പ്രത്യേകിച്ച് എയ്ഡഡ് വിദ്യാലയങ്ങളിലാണ് ഇത് ഏറെയുള്ളത്. ചെമ്മനാട് ജമാഅത്ത് ഹയർ സെക്കൻഡറി സ്കൂളിൽ ഇതിനു മുൻപ് പല സംഭവങ്ങൾ നടന്നിട്ടുണ്ട്. ഒരു അധ്യാപകന്റെ കാറിന്റെ ചില്ലു തകർത്തു. ചെർക്കളയ്ക്കടുത്തെ ഒരു സർക്കാർ വിദ്യാലയത്തിൽ അധ്യാപകനു നേരെ കയ്യേറ്റം ഉണ്ടായി. വിദ്യാർഥിയുടെ  തെറ്റ് ചൂണ്ടിക്കാട്ടിയാൽ അതിനു അധ്യാപകർക്കു ലഭിക്കുന്ന ശിക്ഷ ഭീഷണികളാണ്. അധ്യാപികമാരും  വിദ്യാർഥികളുടെ ഭീഷണിക്കിരയായിട്ടുണ്ട്. എയ്ഡഡ് വിദ്യാലയങ്ങളിലാണ് ഏറെയും. അതിനാൽ അധ്യാപകർ സഹപ്രവർത്തകരോട് പോലും പരാതിപ്പെടാറില്ല. 

യാത്രയയപ്പുകളിൽ ബീയറുകൾ

ജില്ലയിലെ ചില വിദ്യാലയങ്ങളിൽ എസ്എസ്എൽസി, ഹയർ സെക്കൻഡറി വിദ്യാർഥികളുടെ യാത്രയയപ്പിൽ  ശീതളപാനീയങ്ങൾക്കു  പകരം ബീയറുകളാണു പുതിയ ‘ട്രെൻഡ്’ നഗര–ഗ്രാമപ്രദേശങ്ങളിലെ വിദ്യാലയങ്ങളിൽ ഇതു തുടരുകയാണ്. കാസർകോട് നഗരത്തിനടുത്ത ഒരു വിദ്യാലയത്തിൽ ബിയറിനോടൊപ്പം വിദേശമദ്യവും കഴിച്ച് മയങ്ങിയ പ്ലസ്ടു വിദ്യാർഥികളെ നാട്ടുകാരാണ് വിളിച്ചുണർത്തി വീടുകളിലെത്തിച്ചത്. കാസർകോട് നഗരത്തിനടുത്തെ ഒരു സ്വകാര്യ വിദ്യാലയത്തിലെ വിദ്യാർഥിനിക്ക് മയക്കുമരുന്നിനു അടിമപ്പെട്ട് വീട്ടിൽ കഴിയേണ്ട അവസ്ഥയുമുണ്ടായി. 

വെളിച്ചമേകാൻ കാവൽ പദ്ധതി ഒരുങ്ങി

നിയമവുമായി പെരുത്തപ്പെടാത്ത (കേസുകളിൽ ഉൾപ്പെട്ട) കുട്ടികൾക്കു മനശാസ്ത്രപരമായ പരിരക്ഷയും പിന്തുണയും നൽകി സ്വഭാവ പരിവർത്തനം സാധ്യമാകുന്ന പദ്ധതിയാണ് കാവൽ. അംഗീകൃത സന്നദ്ധ സംഘടനകളുടെ സഹായം ഉണ്ട്. ജുവനൈൽ ജസ്റ്റിസ് ബോർഡും ജില്ലാ ശിശുസംരക്ഷണ യൂണിറ്റും കുട്ടികളുമായി നേരിട്ടു ഇടപെടുന്ന മറ്റു വകുപ്പുകളുടെ സംയോജിത പ്രവർത്തനത്തോടെ വനിത ശിശുവികസന വകുപ്പാണ് പദ്ധതി നടപ്പാക്കുന്നത്. 

നിംഹാൻസ് (നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ) പദ്ധതിക്കു പിന്തുണ നൽകുന്നു.മാനസിക പ്രശ്നങ്ങൾ കൊണ്ടു കുറ്റകൃത്യത്തിലേർപ്പെടുന്ന കുട്ടികൾക്ക്‘ബയോ സൈക്കോ’ സോഷ്യൽ സപ്പോർട്ട് നൽകും. കുറ്റകൃത്യത്തിൽ പെട്ട കുട്ടിക്കെതിരെ എഫ്ഐആർ റജിസ്റ്റർ ചെയ്ത ശേഷം പൊലീസിന്റെ അന്തിമ റിപ്പോർട്ട് ലഭ്യമാകുന്ന ഇടവേളകളിൽ കുട്ടി വീണ്ടും മറ്റൊരു കേസിൽ അകപ്പെടാതിരിക്കാനുള്ള മുൻകരുതലും പദ്ധതി ലക്ഷ്യമാക്കുന്നു. ജില്ലയിൽ 15നു പദ്ധതി തുടങ്ങും. 

വിദ്യാർഥികൾക്കെതിരെ അധ്യാപകരുടെ അതിക്രമങ്ങളും

കാസർകോട്∙വിദ്യാർഥികൾക്കു നേരെ വിദ്യാലയങ്ങളിൽ നിന്നുണ്ടാകുന്ന അതിക്രമങ്ങൾ  ജില്ലയിൽ  വർധിക്കുന്നു. എൽപി ക്ലാസുകളിലെ വിദ്യാർഥികളാണ് ചില അധ്യാപകരുടെ പീഡനത്തിനിരയാകുന്നത്. അടുത്തിടെ 3 സംഭവങ്ങൾ റിപ്പോർട്ടു ചെയ്തുവങ്കിലും ഒരെണ്ണത്തിൽ മാത്രമാണ് പൊലീസ് കേസെടുത്തത്. 

മലയോരത്തെ ഒരു സ്വകാര്യ  വിദ്യാലയത്തിലെ അധ്യാപകനെതിരെ  പോക്സോ ചുമത്തി കേസെടുത്തിട്ടുണ്ട്. അധ്യാപകനെതിരെ വിദ്യാഭ്യാസ വകുപ്പ് നടപടിയെടുത്തു. പല വിദ്യായലയങ്ങളിലും ഇത്തരത്തിലുള്ള ഒട്ടേറെ പീഡനങ്ങൾ നടക്കുന്നുവെന്നാണ് ചൈൽഡ് ലൈൻ പ്രവർത്തകർ പറയുന്നത്. എന്നാൽ പല പരാതികളിൽ പകുതിയും വെളിച്ചം കാണുന്നില്ല. മതസ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പ്രായപൂർത്തിയാകാത്ത കുട്ടികൾക്കു നേരെയുള്ള അതിക്രമങ്ങൾക്കു കുറവില്ല.

പി.ബിജു (ജില്ലാ ശിശുസംരക്ഷണ ഓഫിസർ )

Kasargod News
പി.ബിജു

"കുട്ടികൾ നിയമ വിരുദ്ധ പ്രവർത്തനങ്ങളിൽ പെടുന്നത് കൂടുതൽ റിപ്പോർട്ടുകൾ ചെയ്യുന്നത് ഇപ്പോഴാണ്. വിദ്യാർഥികൾ അടങ്ങിയ ‘ഗ്യാങ്ങു’കളുടെ എണ്ണം കൂടുന്നത് നല്ല പ്രവണതയല്ല.  വിദ്യാലയങ്ങളിൽ കൂടുതൽ അച്ചടക്കം ഉണ്ടാകുന്നത് വിദ്യാർഥികൾക്ക് അസഹിഷ്ണുത ഉണ്ടാക്കുന്നു. തെറ്റ് ചെയ്താൽ അതു ശാസ്ത്രീയമായ രീതിയിൽ പരിഹരിക്കണം. ചെമ്മനാട് ജമാഅത്ത് ഹയർ സെക്കൻഡറി സ്കൂളിൽ നേരത്തെ ഉണ്ടായ പ്രശ്നത്തിൽ വിദ്യാർഥികൾക്കായി വൈകിയാണെങ്കിൽ പോലും കൗൺസലിങ് നടത്തിയിരുന്നു. തെറ്റുകുറ്റങ്ങളിൽ ഏർപ്പെടുന്ന കുട്ടികൾക്കു അതു തിരുത്താനുള്ള അവസരവും സാമൂഹിക മനഃശാസ്ത്ര സമീപനത്തിലൂടെ നൽകാൻ സാധിക്കണം. "

ഡോ.ഗിരീഷ് ചോലയിൽ (ഡിഡിഇ, കാസർകോട്)

Kasargod News
ഡോ.ഗിരീഷ് ചോലയിൽ

"പല വിദ്യാർഥികളും ബാഹ്യശക്തികളുടെ കൂട്ടുകെട്ടുകൾക്കു വിധേയമാകുന്നു. വിദ്യാർഥി അധ്യാപകനെ മർദിച്ച സംഭവം ഗൗരവമായി കാണണം. ഇതു തടയുന്നതിന് സ്കൂൾ തലങ്ങളിലും മറ്റുമായി ജനകീയ ഇടപെടലുകൾ വേണം.ജില്ലയിലെ മിക്ക വിദ്യാലയങ്ങളിലും കൗൺസലർമാരുണ്ട്.പല വിദ്യാർഥികളും അധ്യാപകന്റെ ഉൾപ്പെടെയുള്ള പീഡനങ്ങൾക്കിരയാകുന്നു. വിദ്യാർഥിയെ പീഡിപ്പിച്ച ചിറ്റാരിക്കാലിലെ അധ്യാപകനെതിരെ നടപടിയെടുത്തിട്ടുണ്ട്. "

ബിന്ദു മരങ്ങാട് (പിടിഎ പ്രസിഡന്റ് ,സെന്റ് പീറ്റേഴ്സ്  സ്കൂൾ നീലേശ്വരം)

Kasargod News
ബിന്ദു

"വിദ്യാർഥികളും അധ്യാപകരും തമ്മിലുള്ള ബന്ധം വഷളാകുന്നതിൽ ഏറെ ദുഖമുണ്ട്. ഇതിൽ എല്ലാവർക്കും കൂട്ടു ഉത്തരവാദിത്വം ഉണ്ട്. മാതാപിതാക്കളെ പോലെ അധ്യാപകരെ ബഹുമാനിക്കാനും സ്നേഹിക്കാനും പ്രേരിപ്പിക്കാൻ വീട്ടിലുള്ളവർക്കു കഴിയണം.  കുട്ടികളെ  സ്വന്തം മക്കളെ പോലെ കാണാനുള്ള പക്വതയും വാത്സ്യലത്തോടെയുള്ള പെരുമാറ്റവും അധ്യാപകരുടെ ഭാഗത്ത് നിന്നുണ്ടാവണം.  ചെറിയ ക്ലാസിൽ തന്നെ  കുട്ടികളുടെ സ്വഭാവ ഗുണദോഷങ്ങൾ കണ്ടെത്തി അവർക്കു ആവശ്യമായ ക്ലാസുകൾ നൽകി നന്മയുടെ പാഠങ്ങൾ നൽകാൻ മാതാപിതാക്കളും അധ്യാപകരും ശ്രമിക്കണം."

MORE IN KASARAGOD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama