go

ലൈസൻസ് ഫീസ് വർധന നിർത്തിവയ്ക്കും; സമരം പിൻവലിച്ചു

SHARE

കാഞ്ഞങ്ങാട് ∙ വ്യാപാര ലൈസൻസ് ഫീസ് ഭീമമായി വർധിപ്പിച്ചതിൽ പ്രതിഷേധിച്ച് കാഞ്ഞങ്ങാട് മർച്ചന്റ്സ് അസോസിയേഷൻ നഗരസഭയ്ക്കെതിരെ നടത്താനിരുന്ന സമരം പിൻവലിച്ചു. കാഞ്ഞങ്ങാട് നഗരസഭ അധ്യക്ഷൻ വി.വി.രമേശനുമായി അസോസിയേഷൻ ഭാരവാഹികൾ നടത്തിയ ചർച്ചയെ തുടർന്നാണ് സമരം പിൻവലിച്ചത്. 

കച്ചവട ലൈസൻസ് പുതുക്കുന്നതിന് ഏർപ്പെടുത്തിയ വർധന താൽക്കാലികമായി നിർത്തി വെയ്ക്കാൻ ചർച്ചയിൽ തീരുമാനമായി. ലൈസൻസ് പുതുക്കുന്ന സമയത്ത്  വ്യാപാരികൾ സെക്രട്ടറിക്കു വെള്ള കടലാസിൽ പുതുക്കിയ  ഷെഡ്യൂൾ പ്രകാരമുള്ള തുക കൗൺസിൽ അംഗീകരിക്കുന്ന മുറയ്ക്ക് നൽകാൻ തയാറാണെന്ന് സത്യ പ്രസ്താവന നൽകാനും തീരുമാനിച്ചു. 

ചർച്ചയിൽ അധ്യക്ഷന് പുറമെ നഗരസഭ ഉപാധ്യക്ഷ എൽ.സുലൈഖ, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ എം.പി.ജാഫർ, ഹെൽത്ത് സൂപ്പർവൈസർ രാജശേഖരൻ നായർ ,മർച്ചന്റ്‌സ് അസോസിയേഷൻ ഭാരവാഹികളായ യൂസഫ് ഹാജി, എ.ഹമീദ് ഹാജി, സി.എ.പീറ്റർ, ശബരീഷ്, എം.ആർ.ദിനേശൻ, സത്യൻ പടന്നക്കാട്, തയ്യിബ്, ആസിഫ് ചിത്താരി, രാജേന്ദ്രൻ എന്നിവർ സംബന്ധിച്ചു.

‘നഗരസഭ തീരുമാനിച്ചത് നാലിരട്ടി വർധന’

കാഞ്ഞങ്ങാട് ∙ വ്യാപാര ലൈസൻസ് പുതുക്കാൻ നഗരസഭ തീരുമാനിച്ചിരുന്നത് നിലവിൽ അടയ്ക്കുന്ന ലൈസൻസിന്റെ നാലിരട്ടിയായിരുന്നുവെന്നു മർച്ചന്റ് അസോസിയേഷൻ ഭാരവാഹികൾ ആരോപിച്ചു. ആരുമായും ചർച്ച ചെയ്യാതെ ആയിരുന്നു ഈ വർധന. 

നിലവിലുള്ള ലൈസൻസ് തുക വർധിപ്പിക്കാൻ സംസ്ഥാന സർക്കാർ തദ്ദേശ സ്വയംഭരണ വകുപ്പിന് അനുമതി നൽകിയിരുന്നു. ആ അനുമതിയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന സർക്കാർ പോലും ആവശ്യപ്പെടാത്ത രീതിയിലുള്ള വർധന കാഞ്ഞങ്ങാട് നഗരസഭയിൽ നടപ്പിലാക്കാൻ ശ്രമിച്ചതെന്നും  പ്രസിഡന്റ് യൂസഫ് ഹാജി, സി.എ.പീറ്റർ, കെ.വി.ലക്ഷ്മണൻ, തയ്യിബ്, ആസിഫ് ചിത്താരി, രാജേന്ദ്രൻ എന്നിവർ അറിയിച്ചു.

MORE IN KASARAGOD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama