go

പുറത്തിറങ്ങാനാകാതെ വിഷമിച്ച് അൻപതിലേറെ കുടുംബങ്ങൾ‌

Kasargod News
പള്ളഞ്ചി ചാലിലെ വെള്ളരിക്കയയിലെ താൽക്കാലിക മരപ്പാലം പകുതി മുങ്ങിയപ്പോൾ.
SHARE

അഡൂർ ∙ പള്ളഞ്ചി ചാലിൽ ജലനിരപ്പ് ഉയർന്നതോടെ ഒറ്റപ്പെട്ട് വെള്ളരിക്കയ, ബാളംകയ ഗ്രാമങ്ങൾ. ഇവരുടെ ഏക വഴിയായ ചാലിലെ താൽക്കാലിക നടപ്പാലത്തിൽ വെള്ളം കയറിയതിനാൽ പുറത്തിറങ്ങാൻ പറ്റാതെ വിഷമിക്കുകയാണ് അൻപതിലേറെ കുടുംബങ്ങൾ.പാലത്തിന്റെ രണ്ടറ്റവും വെളളം മൂടിക്കിടക്കുകയാണ്. അൽപംകൂടി ജലനിരപ്പ് ഉയർന്നാൽ പാലം പൂർണമായും വെള്ളത്തിനടിലിയാകും. അസുഖം വന്നാൽ പോലും ഒരാളെ പുറത്തെത്തിക്കാൻ ഇനി അഗ്നിശമന സേനയുടെ സഹായം വേണ്ടിവരും.

Kasargod News
മഞ്ചക്കൽ– ബേപ്പ് റോഡിലേക്കു കടപുഴകി വീണ മരം നാട്ടുകാർ മുറിച്ചു നീക്കുന്നു.

വൈദ്യുതി 4 ദിവസമായി മുടങ്ങിക്കിടക്കുന്നത് ഇവരുടെ ദുരിതത്തിന്റെ ആക്കം കൂട്ടുന്നു. സഞ്ചാരയോഗ്യമായ പാലമില്ലാതെ ഇവർ കാലങ്ങളായി അനുഭവിക്കുന്ന ദുരിതം രണ്ടാഴ്ച മുൻപു മനോരമ പ്രസിദ്ധീകരിച്ചിരുന്നു. ദേലംപാടി പഞ്ചായത്തിലെ അതിർത്തി ഗ്രാമങ്ങളാണ് പിന്നാക്ക വിഭാഗങ്ങൾ ഏറെയുള്ള വെള്ളരിക്കയയും ബാളംകയയും. പള്ളഞ്ചി ചാൽ കടന്നു വേണം ഇവിടേക്കു പോകാൻ. എന്നാൽ ഇതുവരെയായിട്ടും നല്ലൊരു പാലം ഇവിടെ നിർമിക്കാൻ അധികൃതർക്കു കഴിഞ്ഞിട്ടില്ല.

വേനൽക്കാലത്ത് ചാൽ ഇറങ്ങിക്കടന്നാണ് ഇവർ പോകുന്നത്. വാഹനങ്ങളും കടന്നുപോകാറുണ്ട്. എന്നാൽ മഴക്കാലമായാൽ നാട്ടുകാർ നിർമിക്കുന്ന താൽക്കാലിക പാലങ്ങളാണ് ആശ്രയം. ഇതുവഴിയാണ് സ്കൂൾ കുട്ടികളടക്കം യാത്ര ചെയ്യുന്നത്. ഈ പാലമാണ് ഇപ്പോൾ വെള്ളത്തിനിടയിലായത്. പുതിയ പാലം നിർമിക്കാൻ പഞ്ചായത്ത് പട്ടികവർഗ വികസന വകുപ്പിന്റെ സഹായത്തോടെ 27 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെങ്കിലും വനംവകുപ്പിന്റെ അനുമതി ലഭിക്കാത്തതാണ് നിർമാണം വൈകിപ്പിക്കുന്നത്.

ബേക്കലം മൂലക്കണ്ടം പട്ടത്താനത്തെ കേശവന്റെ വീട് ശക്തമായ കാറ്റിലും മഴയിലും നിലംപൊത്തിയപ്പോൾ.

പാലത്തിന്റെ രണ്ടറ്റവും സംരക്ഷിത വനമാണ്. ഒന്നര സെന്റ് സ്ഥലം വനംവകുപ്പ് വിട്ടുകൊടുത്താൽ മാത്രമെ പാലം നിർമിക്കാൻ കഴിയൂ. ഇതിനായി പഞ്ചായത്ത് കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിനു അപേക്ഷ നൽകിയിട്ട് 6 മാസം കഴിഞ്ഞു. ഇതുവരെ അനുകൂല മറുപടി ലഭിച്ചിട്ടില്ല. മഴക്കാലത്തെ ഈ പതിവു ദുരിതം പരിഹരിക്കാൻ പുതിയ പാലത്തിനു മാത്രമെ കഴിയൂ. 

മണ്ണിടിഞ്ഞു വീണ് വീട് തകർന്നു

പരവനടുക്കത്തെ കോളിയാട്ട് രവീന്ദ്രന്റെ വീടിനു സമീപം കുന്നിടിഞ്ഞു വീണപ്പോൾ.

ബോവിക്കാനം ∙ കനത്ത മഴയിൽ മണ്ണിടിഞ്ഞു വീടു ഭാഗികമായി തകർന്നു. സൗപർണിക ഓഡിറ്റോറിയത്തിനു സമീപത്തെ മുളിയാറിലെ എം. രവീന്ദ്രന്റെ വീടിനാണു കേടുപാടുണ്ടായത്. മുകൾഭാഗത്തെ എം. ഗംഗാധരൻ നായരുടെ വീടിനോടു ചേർന്നു നിർമിച്ച സംരക്ഷിത ഭിത്തിയ‍ടക്കം മഴയിൽ തകർന്നു രവീന്ദ്രന്റെ വീടിനു മുകളിൽ വീഴുകയായിരുന്നു. പോർച്ചിൽ നിർത്തിയിട്ട ബൈക്ക് മണ്ണിനടിയിലായി. 2 മുറികളുടെ ഭിത്തിയും പൂർണമായും തകർന്നു. രണ്ടു വീടുകളും ഇപ്പോൾ അപകടാവസ്ഥയിലാണ്. റവന്യു ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. കാനത്തൂർ വടക്കേക്കര കോളനിയിലെ ഗുരുവരന്റെ വീടിന്റെ മേൽക്കൂരയിലേക്കു മരം വീണ് ഒരു ഭാഗം തകർന്നു.

ചെർക്കള - കല്ലടുക്ക പാതയിൽ ബസ് സർവീസ് നിർത്തി

ചെർക്കള ∙ ചെർക്കള - കല്ലടുക്ക സംസ്ഥാനാന്തര പാതയിൽ മൂന്നിടത്ത് മണ്ണിടിച്ചിൽ. ഇതോടെ ഈ റൂട്ടിൽ ബസ് ഓട്ടം മുടങ്ങി. ചൂരിമൂല, എടനീർ, കരിമ്പില എന്നിവിടങ്ങളിലാണ് മണ്ണിടിഞ്ഞു ഗതാഗതം തടസ്സപ്പെട്ടത്. ഇന്നലെ രാവിലെ 11നാണ് കരിമ്പിലയിൽ മണ്ണിടിഞ്ഞത്. വൈകിട്ട് നാലോടെ ചൂരിമൂലയിലും എടനീർ വളവിലും മണ്ണിടിച്ചിലുണ്ടായി. ചൂരിമൂലയിൽ വൈദ്യുതി തൂണടക്കം നിലംപൊത്തി. ഇവിടെ രാത്രിയിലും മണ്ണിടിഞ്ഞു വീണുകൊണ്ടിരിക്കുകയാണ്. ചെറിയ വാഹനങ്ങൾ ചാപ്പാടി വഴി തിരിച്ചുവിട്ടു. പലസ്ഥലങ്ങളിലും മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുകയാണ്. 

പരവനടുക്കത്തെ കോളിയാട്ട് രവീന്ദ്രന്റെ വീടിനു സമീപം കുന്നിടിഞ്ഞു വീണപ്പോൾ.

കരിച്ചേരി ∙ വിളക്കുമാടം ക്ഷേത്രത്തിനു സമീപം കരിച്ചേരി വളവിൽ മണ്ണ് ഇടിഞ്ഞതിനെ തുടർന്ന് തെക്കിൽ ആലട്ടി റോഡിൽ ഗതാഗതം നിലച്ചു. വൈകിട്ട് നാലു മണിയോടെ റോഡിന്റെ അരികിലെ ഉയർന്ന ഭാഗത്തെ മണ്ണ് ഇടിഞ്ഞ് ഒന്നാകെ റോഡിലേക്ക് വീഴുകയായിരുന്നു. തുടർന്ന് ഇതു വഴിയുള്ള ഗതാഗതം നിലച്ചു. വാഹനങ്ങൾ ആയം കടവ് പാലം വഴി തിരിച്ചു വിട്ടു. മണ്ണു മാറ്റി റോഡ് ഗതാഗത യോഗ്യം ആക്കാനുള്ള ശ്രമം തുടങ്ങി. ഇവിടെ മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്നതായി നാട്ടുകാർ പറയുന്നു.

വെള്ളരിക്കുണ്ട് ∙ മലയോരത്ത് കറ്റിലും മഴയിലും കനത്ത നാശം. കുന്നുംകൈ ടൗണിൽ റോഡരികിലെ കുന്ന് ഇടിഞ്ഞ് വീണ് ഗതാഗതം പൂർണ്ണമായും തടസപെട്ടു. രാത്രിയായതിനാൽ വൻ ദുരന്തം ഒഴിവായി. മണ്ണിടിയുന്നതിനു തൊട്ട് മുൻപാണ് ഇതുവഴി നിറയെ യാത്രക്കാരുമായി കെഎസ്ആർടി ബസ് കടന്നു പോയത്. 40 മീറ്റർ ഉയരമുള്ള കുന്നാണ് റോഡിലേക്ക് അമർന്നത്. കഴിഞ്ഞ വർഷം ഇതേസ്ഥലത്തു മണ്ണിടിഞ്ഞ ശേഷം പുതുതായി നിർമിച്ച ഹൈമാസ്റ്റ് വിളക്കും 4 വൈദ്യുതി തൂണുകളും മണ്ണിനടിയിലായി.

മണ്ണിടിഞ്ഞു വീണ് തകർന്ന മുളിയാറിലെ എം. രവീന്ദ്രന്റെ വീട്.

മരം വീണ് ഇന്നലെയും ഗതാഗതം തടസ്സപ്പെട്ടു

ബോവിക്കാനം ∙ ചെർക്കള - ജാൽ‍സൂർ പാതയിൽ മരം വീണ് ഇന്നലെയും ഗതാഗതം തടസ്സപ്പെട്ടു. ചെർക്കള, 13ാം മൈൽ എന്നിവിടങ്ങളിലാണ് അക്കേഷ്യ മരങ്ങൾ റോ‍ഡിലേക്ക് വീണത്. ബോവിക്കാനത്തും മാസ്തിക്കുണ്ടിലും കഴിഞ്ഞ ദിവസം ഇതേ പോലെ മരങ്ങൾ വീണിരുന്നു. കേരള - കർണാടക അതിർത്തിയായ പരപ്പയിൽ പയസ്വിനിപ്പുഴ കരകവിഞ്ഞൊഴുകി റോഡിലേക്കു വെള്ളം കയറി.

വിദ്യാനഗർ ∙ ദേശീയപാത വിദ്യാനഗർ ജംക്‌ഷനിൽ ശക്തമായ കാറ്റിലും മഴയിലും കൂറ്റൻ മരം  മറിഞ്ഞു വീണു. സമീപത്തെ പെട്ടിക്കടയ്ക്കു നാശം നേരിട്ടിട്ടുണ്ട്. ഇന്നലെ പകൽ മൂന്നരയോടെയാണു സംഭവം. ഭാഗ്യംകൊണ്ടു വൻദുരന്തം ഒഴിവായി. അഗ്നിശമന സേനയുടെയും നാട്ടുകാരുടെയും സഹായത്തോടെ മരം മുറിച്ചു നീക്കി. അര മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. വൈദ്യുതി ബന്ധം താറുമാറായി.

MORE IN KASARAGOD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama