go

ദക്ഷിണ കന്നഡ ജില്ലയിൽ 31 ദുരിതാശ്വാസ ക്യാംപുകൾ

Kasargod News
ബൽത്തങ്ങാടിയിൽ പ്രളയ ജലം കുത്തി ഒഴുകി നശിച്ച തോട്ടം
SHARE

സുള്ള്യ∙ പേമാരിയും വെള്ളപ്പൊക്കവും ദുരിതം വിതച്ച ദക്ഷിണ കന്നഡ ജില്ലയിൽ 31 ദുരിതാശ്വാസ ക്യാംപുകൾ തുറന്നു. ജില്ലയിലെ വിവിധ താലൂക്കുകളിലെ 258 കുടുംബങ്ങളിലെ 1,129 പേരെ ദുരിതാശ്വാസ ക്യാംപുകളിലേക്കു മാറ്റി. ബൽത്തങ്ങാടി താലൂക്കിൽ 5 കേന്ദ്രങ്ങളിൽ 517 പേരും മംഗളൂരുവിൽ 18 കേന്ദ്രങ്ങളിലായി 469 പേരും ബന്ത്വാളിൽ 2 കേന്ദ്രങ്ങളിൽ 55 പേരും പുത്തൂർ താലൂക്കിൽ രണ്ടു ക്യാംപുകളിൽ 66 പേരും സുള്ള്യയിൽ ഒരു ക്യാംപിൽ 22 പേരും കഴിയുന്നു. തുടർച്ചയായി പെയ്ത മഴ ഇന്നലെയും ജനജീവിതം ദുസ്സഹമാക്കി. നേതാവതി നദി അപകടരേഖയ്ക്ക് മുകളിൽ കര കവിഞ്ഞൊഴുകിയതിനാൽ തീര പ്രദേശങ്ങൾ വെള്ളത്തിനടിയിലായി.

ഉപ്പിനങ്ങാടി, ബന്ത്വാൾ ടൗണിലും സമീപത്തെ വീടുകളിലും കൃഷിയിടങ്ങളിലും വെള്ളം കയറി. ഉപ്പിനങ്ങാടിയിൽ കഴിഞ്ഞ ദിവസം രാത്രി മുതൽ ടൗണിലും സമീപം പ്രദേശങ്ങളിലും വെള്ളം കയറി. ബന്ത്വാൾ ടൗണിലും പരസരത്തെ ഇരുനൂറോളം വീടുകളിലും വെള്ളം കയറി. ബന്ത്വാളിൽ നേത്രാവതി നദി അപകട രേഖയിൽനിന്ന് മൂന്ന് മീറ്റർ ഉയർന്ന് വെള്ളം 11.5 മീറ്റർ വരെ എത്തി. ഇന്നലെ ഉച്ചയ്ക്ക് ശേഷം മഴ കുറഞ്ഞതിനെ തുടർന്ന് വെള്ളം ഇറങ്ങി തുടങ്ങി.ബൽത്തങ്ങാടി താലൂക്കിൽ ശക്തമായ മഴയും പ്രളയവും ഇന്നലെയും തുടർന്നു. നദികളും പുഴകളും കര കവിഞ്ഞൊഴുകിയതിനാൽ വ്യാപക നാശനഷ്ടം സംഭവിച്ചു.

ഹെക്ടർ കണക്കിനു കൃഷിയിടം വെള്ളത്തിനടിയിലായി. താലൂക്കിൽ ഒട്ടേറെ സ്ഥലങ്ങളിൽ നദികൾ കുത്തി ഒഴുകി റോഡുകളും പാലങ്ങളും തകർന്നു. വിവിധ ഗ്രാമങ്ങളിൽ കുടുങ്ങി പോയവരെ ദേശീയ ദുരന്ത നിവാരണ സേനയും മറ്റും രക്ഷാ പ്രവർത്തനം നടത്തി ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റി.സുള്ള്യ, സുബ്രഹ്മണ്യം, പുത്തൂർ, കടബ തുടങ്ങി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഇന്നലെയും മഴ തുടർന്നു. പയസ്വിനി പുഴ, കുമാരധാര നദി തുടങ്ങിയവ കര കവിഞ്ഞൊഴുകിയതിനാൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി.

ഷിരാഡി ചുരത്തിൽ രാത്രികാല യാത്രാ നിരോധനം

ഉപ്പിനങ്ങാടിക്കും ഷിരാഡിക്കും ഇടയിൽ വിവിധ സ്ഥലങ്ങളിൽ വെള്ളം കയറിയതും ഷിരാഡി ചുരം മേഖലയിൽ മണ്ണിടിച്ചിലും കാരണം മംഗളൂരു- ബെംഗളൂരു ദേശീയ പാതയിൽ  ഗതാഗതം തടസ്സപ്പെട്ടു. പാതയിൽ സഞ്ചരിക്കുന്ന വാഹനങ്ങളെ വഴി തിരിച്ചു വിടാൻ നിർദേശിച്ചു. മഴയും മണ്ണിടിച്ചിലും മറ്റും കാരണം യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് ഷിരാഡി ചുരം മേഖലയിൽ രാത്രി കാല യാത്ര നിരോധനം ഏർപ്പെടുത്തി. വൈകിട്ടു 7 മുതൽ രാവിലെ 7 വരെയാണു നിയന്ത്രണം.

MORE IN KASARAGOD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama