go

2549 പേർ ക്യാംപുകളിൽ

Kasargod News
വെള്ളപ്പൊക്കത്തിൽപ്പെട്ട കുടുംബങ്ങളിലെ അവശരായവരെ ദുരിതാശ്വാസ ക്യാംപിലേക്ക് മാറ്റുന്നു.
SHARE

കാസർകോട് ∙ ജില്ലയിലെ വിവിധ സ്ഥലങ്ങൾ വെള്ളത്തിനടിയിലായതിനെ തുടർന്ന് ഹോസ്ദുർഗ്, വെള്ളരിക്കുണ്ട് താലൂക്കിലായി 19 ദുരിതാശ്വാസ ക്യാംപുകൾ തുറന്നു. 726 കുടുംബങ്ങളിലെ 2549 പേരാണ് ക്യാംപുകളിൽ കഴിയുന്നത്. ഹോസ്ദുർഗ് താലൂക്കിൽ പതിനാറും വെള്ളരിക്കുണ്ട് താലൂക്കിൽ മൂന്നും ക്യാംപുകളാണ് പ്രവർത്തിക്കുന്നത്.  ഹോസ്ദുർ‌ഗ്, വെള്ളരിക്കുണ്ട് താലൂക്കുകളിൽ കനത്ത നാശനഷ്ടം. പുഴകളും തോടുകളും‍ കര കവിഞ്ഞ് ഒഴുകി. താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്. വെള്ളം കയറിയ വീടുകളിൽ നിന്നു ദുരിതബാധിതരെ ദുരിതാശ്വസ ക്യാംപുകളിലേക്കും ബന്ധുവീടുകളിലേക്കും മാറ്റി പാർപ്പിച്ചു.

Kasargod News
മയിച്ചയിലേക്ക് ദുരിതാശ്വാസ പ്രവർത്തനത്തിന് തോണികളുമായി എത്തിയ മൽസ്യതൊഴിലാളികൾ.

വീടുകളിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തി

കാഞ്ഞങ്ങാട് ∙ വെള്ളപ്പൊക്കത്തിൽ വീടുകളിൽ കുടുങ്ങിയ നൂറു കണക്കിനാളുകളെ അഗ്നിശമന സേനയും നാട്ടുകാരും ചേർന്നു രക്ഷപ്പെടുത്തി. കാഞ്ഞങ്ങാട് നഗസഭയിലെ കിഴക്കേ പനങ്കാവ്, പടിഞ്ഞാറേ പനങ്കാവ് പ്രദേശത്തെ നൂറോളം പേരെയാണ് അഗ്നിശമനയുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ രക്ഷപ്പെടുത്തിയത്. അരയി പുഴ കരകവിഞ്ഞതാണ് ഇവിടെ വെള്ളം കയറാൻ കാരണമായത്. 16 കുടുംബങ്ങളിൽ നിന്നായി നൂറോളം പേരെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. ശക്തമായ ഒഴുക്കിനെ മറികടന്നു‍ തോണിയിലെത്തിയാണ് അഗ്നിശമന സേന ഓരോരുത്തരെയും രക്ഷപ്പെടുത്തിയത്.

Kasargod News
ചെർക്കള കല്ലടുക്ക സംസ്ഥാന പാതയിൽ മണ്ണിടി‍ഞ്ഞ് വാഹന ഗതാഗതം തടസ്സപ്പെട്ട ബദിയടുക്കയിലെ കരിമ്പില

രാവിലെ ആരംഭിച്ച രക്ഷാപ്രവർത്തനം ഉച്ചയോടെയാണ് കഴിഞ്ഞത്. വീടുകളുടെ പകുതി ഭാഗം വെള്ളത്തിനടിയിലായി. രണ്ടു പ്രദേശങ്ങളും ഇപ്പോൾ വെള്ളത്തിനടിയിലാണ്. ആഴ്ചകൾക്ക് മുൻപുണ്ടായ ശക്തമായ മഴയിൽ ഇവിടെ വെള്ളം കയറിയിരുന്നു. അതിലും ഭീകരമാണ് ഇത്തവണത്തെ വെള്ളപ്പൊക്കമെന്ന് നാട്ടുകാർ പറഞ്ഞു. ഹെക്ടർ കണക്കിന് നെൽക്കൃഷിയും നശിച്ചു.  അജാനൂർ കടപ്പുറത്ത് കുറുംബ ഭഗവതി ക്ഷേത്രത്തിനു സമീപ പ്രദേശങ്ങളിലും വെള്ളം കയറി.

18 കുടുംബങ്ങളെ ഇവിടെ നിന്നു മാറ്റി പാർപ്പിച്ചു. പടന്നക്കാട് മേൽപ്പാലത്തിന് കിഴക്കു ഭാഗത്തുള്ള നമ്പ്യാർക്കല്ല് അണക്കെട്ട് പരിസരങ്ങളിലെ വീടുകളിൽ വെള്ളം കയറി. 40വീടുകളിലാണ് വെള്ളം കയറിയത്. മഴവെള്ളം കയറി വീട്ടുപകരണങ്ങളും വസ്ത്രങ്ങളും  മുങ്ങിപ്പോയി. കുടുംബങ്ങളെ നഗരസഭാധ്യക്ഷൻ വി.വി.രമേശന്റെ നേതൃത്വത്തിലുള്ള സംഘമെത്തി സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. മീനാപ്പീസ്, അരയി, മോനാച്ച എന്നിവിടങ്ങളിലെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കയറി. അരയി പാലത്തിൽ വെള്ളം കയറി ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു. 

കാര്യങ്കോട് പുഴ രണ്ടാം ദിവസവും കവിഞ്ഞൊഴുകുന്നു

ചെറുവത്തൂർ ∙ പഞ്ചായത്തിന്റെ തീരദേശ മേഖലകളെ വെള്ളത്തിനടിയിലാക്കി കാര്യങ്കോട് പുഴ രണ്ടാം ദിവസവും കവിഞ്ഞൊഴുകുന്നു. ഇതോടെ ഇവിടങ്ങളിലെ പല സ്ഥലങ്ങളിൽ നിന്നും അനേകം കുടുംബങ്ങളെ ദുരിതാശ്വാസ ക്യാംപിലേക്ക് മാറ്റി പാർപ്പിച്ചു. റവന്യു പഞ്ചായത്ത് അധികൃതർ, ഫയർഫോഴ്സ്, പൊലീസ്, സന്നദ്ധ സംഘടനാ പ്രവർത്തകർ, നാട്ടുകാർ എന്നിവർ കൈകോർത്ത് വെള്ളത്തിൽ ദുരിതമനുഭവിക്കുന്ന 100 കണക്കിന് കുടുംബങ്ങളെ ദുരിതാശ്വാസ ക്യാംപുകളിലും, ബന്ധു വീടുകളിലും എത്തിച്ചു.

വെള്ളം കയറിയ നമ്പ്യാർക്കൽ അണക്കെട്ടിനു സമീപത്തെ വീടുകളിൽ നിന്നു നഗരസഭാധ്യക്ഷൻ വി.വി.രമേശന്റെ നേതൃത്വത്തിൽ ആളുകളെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുന്നു.

വെള്ളം കയറിയതു മൂലം ഏറ്റവും അധികം ദുരിതമനുഭവിക്കുന്ന മയിച്ച ഇരു ഭാഗങ്ങളിലേയും കാരിയിൽ കുറ്റിവയലിലേയും 300 ലധികം കുടുംബങ്ങളെ രാത്രിയും പകലുമില്ലാതെ രക്ഷാ പ്രവർത്തനം നടത്തിയാണ് സുരക്ഷിത സ്ഥാനങ്ങളിൽ എത്തിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് മാധവൻ മണിയറയും വില്ലേജ് ഓഫിസർ കെ.വി.ബിജുവും രക്ഷാ പ്രർത്തനത്തിന് നേതൃത്വം നൽകി. ഹൊസ്ദുർഗ് തഹസിൽദാർ ശശിധരൻ പിള്ള, ഡപ്യൂട്ടി തഹസിൽദാർ, ഇ.വി.വിനോദ്, ചന്തേര എസ് ഐ വിപിൻ ചന്ദ്രൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.വി.പ്രമീള എന്നിവരും രക്ഷാ പ്രവർത്തനത്തിൽ പങ്കു ചേർന്നു

തൃക്കരിപ്പൂർ മേഖലയിൽ വൻ നാശനഷ്ടം

തൃക്കരിപ്പൂർ∙ തൃക്കരിപ്പൂർ മേഖലയിൽ നാശനഷ്ടം പെരുകി. തൃക്കരിപ്പൂർ, പടന്ന, വലിയപറമ്പ് പഞ്ചായത്തുകളിൽ നിന്നു നൂറിൽപ്പരം കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. മാടക്കാൽ ബണ്ട് കര കവിഞ്ഞതിനെ തുടർന്നു പരിസരത്തു താമസിക്കുന്ന സി.കുഞ്ഞിരാമന്റെ കുടുംബത്തെ ആയുർവേദ ആശുപത്രിയിലേക്കു മാറ്റിപ്പാർപ്പിച്ചു. തൃക്കരിപ്പൂരിലെ തലിച്ചാലത്തു നിന്നു 4 കുടുംബങ്ങളെ പരിസരത്തെ അങ്കണവാടിയിലേക്കു മാറ്റി. പറയമ്മാനത്തു നിന്നു 3 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. പടന്നയിലെ വടക്കേകാട്, തെക്കേകാട്, ഓരി തുടങ്ങിയ പ്രദേശങ്ങളിൽ നിന്നു 60 ഓളം കുടുംബങ്ങളെ ബന്ധു വീടുകളിലേക്കു മാറ്റി.

വടക്കേകാട് തുരുത്ത് പൂർണമായും ഒറ്റപ്പെട്ട നിലയിലാണ്. പുല്ലൂർ മാട്, എടക്കി, തെക്കുപുറം, പുറത്താൾ, കാന്തിലോട്ട്, കൂവക്കൈ, കൈപ്പാട്, വളാൽ, വെള്ളാപ്പ്, മീലിയാട്ട്, മധുരങ്കൈ, ചെറുകാനം, ഉടുമ്പുന്തല തുടങ്ങിയ സ്ഥലങ്ങളിലും വെള്ളം കയറി. 40ൽ പരം കുടുംബങ്ങൾ ഈ മേഖലയിൽ നിന്ന് അവരവരുടെ ബന്ധു വീടുകളിലേക്കു താമസം മാറി. ബന്ധു വീടുകളിലും വെള്ളപ്പൊക്ക ഭീഷണിയുണ്ട്. ദുരിതാശ്വാസ ക്യാംപുകൾ ആരംഭിക്കുന്നതിനുള്ള ഒരുക്കം തയാറായതായി റവന്യു അധികൃതർ അറിയിച്ചു.

എടാട്ടുമ്മൽ പ്രദേശത്തേക്കു പുഴ കയറി വരുന്ന സാഹചര്യമാണ്. തട്ടാർകടവ്–ഉളിയം പുഴയരികിലുള്ള തട്ടാർകടവ് മുത്തപ്പൻ മഠപ്പുര വെള്ളത്തിനടിയിലായി.  പരിസരത്തും വെള്ളം കയറിയിട്ടുണ്ട്. മഴയ്ക്ക് ശമനം വരാത്ത സാഹചര്യത്തിൽ വിവിധ പ്രദേശങ്ങളിൽ നിന്നു കൂടുതൽ കുടുംബങ്ങൾ കുടിയൊഴിയുന്ന സാഹചര്യമുണ്ട്. കവ്വായി കായലിലെയും കുണിയൻ പുഴയിലെയും തട്ടാർകടവ്–ഉളിയം പുഴയിലെയും ജലനിരപ്പ് ആശങ്കപ്പെടുത്തുന്നുണ്ട്. പടന്ന പഞ്ചായത്തിന്റെ തീര പ്രദേശങ്ങളിൽ കവ്വായി കായലിന്റെ സമ്മർദം ഭീതിയുണ്ടാക്കുന്നുണ്ട്. വിവിധ പ്രദേശങ്ങളിൽ കൃഷിനാശവും പെരുകിയിട്ടുണ്ട്.

മലവെള്ളപാച്ചിലിൽ ബളാൽ ഭഗവതി ക്ഷേത്രത്തിനു സമീപത്തെ പാലം തകർന്ന നിലയിൽ

വീടിനു മുകളിൽ മണ്ണിടിഞ്ഞു

വെള്ളരിക്കുണ്ട്∙ കനത്ത മഴയിൽ വീടിന് മുകളിൽ മണ്ണിടിഞ്ഞ് വീണ് പരിക്കേറ്റ ബളാൽ ആന കല്ലിലെ ചെട്ടിയിൽ അമ്പുവിന്റെ ഭാര്യ ജാനകിയെ(49) ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഗ്നിശമന സേനയെത്തിയാണ് രക്ഷപെടുത്തിയത്. ബളാൽ ഭഗവതി ക്ഷേത്ര സമീപത്തെ പാലം വെള്ളത്തിൽ ഒലിച്ചുപോയി. സുഗന്ദവാഹിനി പുഴ കരകവിഞ്ഞൊഴുകി വെള്ളരിക്കുണ്ട് കക്കയത്തെ ടി.വി.മധു, കെ.ദാമോദരൻ എം.മേരി എന്നിവരുടെ വീടുകൾ ഭാഗികമായി മുങ്ങി. വീട്ട് ഉപകരണങ്ങൾ നശിച്ചു.

ആനുകൂല്യം നിഷേധിക്കില്ല; മന്ത്രി

കാഞ്ഞങ്ങാട് ∙ ദുരിതാശ്വാസ ക്യാംപിൽ വരാൻ മടിക്കുന്ന ധാരാളം പേരുണ്ടെന്നും ക്യാംപിൽ വരാത്തതിന്റെ പേരിൽ ദുരിതബാധിതർക്ക് അർഹമായ ആനുകൂല്യം നിഷേധിക്കില്ലെന്നും മന്ത്രി കെ.കെ.ശൈലജ. കാഞ്ഞങ്ങാട് മിനി സിവിൽ സ്റ്റേഷനിൽ നടന്ന ഉത്തതതല യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അവർ. രാജ്മോഹൻ ഉണ്ണിത്താൻ എംപി,എംഎൽഎമാരായ എൻ.എ.നെല്ലിക്കുന്ന്, കെ.കുഞ്ഞിരാമൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി.ബഷീർ,  കലക്ടർ ഡോ. ഡി.സജിത്ത് ബാബു, കാഞ്ഞങ്ങാട് നഗരസഭാധ്യക്ഷൻ വി.വി.രമേശൻ, നീലേശ്വരം നഗരസഭാധ്യക്ഷൻ പ്രഫ. കെ.പി.ജയരാജൻ, ജില്ലാ പൊലീസ് ചീഫ് ജയിംസ് ജോസഫ്, സബ് കലക്ടർ അരുൺ കെ.വിജയൻ എന്നിവരും  പങ്കെടുത്തു.

മാറിത്താമസിക്കണം

ദുരന്ത സാധ്യത പ്രദേശങ്ങളിൽ താമസിക്കുന്നവർ എത്രയും വേഗം മാറി താമസിക്കണമെന്ന് ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടു. മണിക്കൂറിൽ 45-55 കിലോമീറ്റർ വേഗത്തിൽ പടിഞ്ഞാറ് ദിശയിൽ നിന്നും ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്.

സഹായം കിട്ടിയില്ലെന്ന് കലക്ടർ

 ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഫിഷറീസിന്റെ സഹായം കിട്ടിയില്ലെന്ന ആരോപണവുമായ കലക്ടർ. മന്ത്രി കെ.കെ.ശൈലജ വിളിച്ചു ചേർത്ത യോഗത്തിലാണ് ഫിഷറീസ് ഡിഡിക്കെതിരെ കലക്ടർ ആരോപണം ഉന്നയിച്ചത്. യോഗത്തിലും ഡിഡിയുടെ സാന്നിധ്യം ഇല്ലാത്തത് ചർച്ചയായി. ഒടുവിൽ വരും ദിവസങ്ങളിൽ ജില്ലയിൽ ഡിഡിയുടെ സാന്നിധ്യം ഉണ്ടാകണമെന്ന കർശന നിർദേശവും മന്ത്രി നൽകി. 

രക്ഷാപ്രവർത്തനത്തിന് യുവാക്കൾ

പഞ്ചായത്തിന്റെ തീരദേശ മേഖലകൾ വെള്ളത്തിനടിയിലായപ്പോൾ രക്ഷാ പ്രവർത്തനത്തിന് സർവ സന്നാഹങ്ങളുമായെത്തിയ യുവാക്കൾ നാടിനഭിമാനമായി. കാരിയിലെ കുറ്റിവയലിൽ വെള്ളത്തിലകപ്പെട്ട കുടുംബങ്ങളെ കഴിഞ്ഞ ദിവസം അർധരാത്രി മുതൽ ഇന്നലെ രാവിലെ 11 വരെ രക്ഷാ പ്രവർത്തനം നടത്തിയാണ് കാരിയിൽ വിഷ്ണുമൂർത്തി ക്ഷേത്രം ഓഡിറ്റോറിയത്തിലെ താൽക്കാലിക ദുരിതാശ്വാസ ക്യാംപിൽ എത്തിച്ചത്. ഉച്ചയോടെ ഇവരെ കാടങ്കോടെ ദുരിതാശ്വാസ ക്യാംപിലേക്ക് മാറ്റി. മയിച്ചയിൽ നിന്നുള്ളവർ മയിച്ച ഗവ.യു പി സ്കൂളിലെ ദുരിതാശ്വാസ ക്യാംപിലാണ് ഉള്ളത്. കിഴക്കേമുറി, അച്ചാംതുരുത്തി, എരിഞ്ഞിക്കൽ, ഓർക്കുളം, പരന്തേൻമാട്, കാവുഞ്ചിറ എന്നിവിടങ്ങളിൽ നിന്നും അനേകം പേർ ബന്ധു വീടുകളിലേക്ക് മാറി താമസിച്ചു.

MORE IN KASARAGOD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama