go

കാഞ്ഞങ്ങാട് വെള്ളമിറങ്ങിത്തുടങ്ങി; ക്യാംപുകളിൽ നിന്നു വീടുകളിലേക്ക്

kasargod-narayanniamma
അജാനൂർ ഇക്ബാൽ ഹയർസെക്കൻഡറി സ്കൂളിലെ ദുരിതാശ്വാസ ക്യാംപിൽ നിന്നു മടങ്ങുന്ന അജാനൂർ കടപ്പുറത്തെ എ.നാരായണി അമ്മ.
SHARE

കാഞ്ഞങ്ങാട് ∙ പടി കടന്ന് ഇരച്ചെത്തിയ വെള്ളത്തിൽ വീടു മുങ്ങുമെന്നായപ്പോഴാണ് അജാനൂർ കടപ്പുറത്തെ എ.നാരായണി അമ്മയും കുടുംബവും ദുരിതാശ്വാസ ക്യാംപിലേക്കെത്തിയത്. ഒടുവിൽ വെള്ളമിറങ്ങിയ ആശ്വാസത്തിൽ ഇന്നലെ വൈകിട്ടോടെ ഇവർ ക്യാംപ് വിട്ടിറങ്ങി. ഇനി അതിജീവനത്തിന്റെ നാളുകളാണ് ഇവരടക്കം നൂറു കണക്കിനു കുടുംബങ്ങള്‍ക്ക് മുൻപിലുള്ളത്. 

ഇക്ബാൽ ഹയർസെക്കൻഡറി സ്കൂളിലെ ക്യാംപിലാണ് കഴിഞ്ഞ ദിവസം നാരായണി അമ്മയും കുടുംബവും‍ അഭയം തേടിയെത്തിയത്. 22 കുടുംബങ്ങളിലെ 94 പേരാണ് ക്യാംപിലുണ്ടായിരുന്നത്. അജാനൂർ കുറുംബ ഭഗവതി ക്ഷേത്രത്തിനു സമീപത്തെ താഴ്ന്ന സ്ഥലങ്ങളിലാണ് വെള്ളം കയറിയത്.

ക്വാട്ടേഴ്സുകളിൽ താമസിക്കുന്നവർക്കും വെള്ളം കയറിയതിനെ തുടർന്നു ദുരിതാശ്വാസ ക്യാംപിലേക്ക് എത്തേണ്ടി വന്നു. ഇതര സംസ്ഥാന തൊഴിലാളികള്‍ കൂടുതലായി എത്തിയ ദുരിതാശ്വാസ ക്യാംപ് എന്ന പ്രത്യേകതയും ഇവിടെയുണ്ട്. മധ്യപ്രദേശ്, പശ്ചിമ ബംഗാള്‍ സ്വദേശികളാണ് അഭയം തേടിയെത്തിയവര്‍.  ക്യാംപിലെ അന്തേവാസികൾക്ക് വേണ്ടതെല്ലാം നൽകാൻ നാടെന്നാകെ സ്കൂളിലെത്തി.

സ്കൂളിലെ എൻഎസ്എസ് വൊളന്റിയർമാർ മുഴുവൻ സമയവും സഹായവുമായി ഇവർക്കരികിലുണ്ടായിരുന്നു. ഒട്ടേറെ സംഘടനകളും വ്യക്തികളും തങ്ങളാൽ‍ കഴിയുന്ന സഹായവുമായി ക്യാംപിലേക്ക് ഓടിയെത്തി. പഞ്ചായത്ത് പ്രസിഡന്റ് പി.ദാമോദരനും പഞ്ചായത്തംഗങ്ങളായ എ.ഷീബ, കുഞ്ഞാമിന, പാര്‍വതി എന്നിവരും മുഴുവന്‍ സമയവും ദുരിതബാധിതർക്ക് ആശ്വാസമായി നില കൊണ്ടു.

ആരോഗ്യ പ്രവർത്തകരുടെ സേവനവും മികച്ചു നിന്നു. കൈ നിറയെ സമ്മാനങ്ങളുമായി നിറഞ്ഞ മനസ്സോടെയാണ് ഇന്നലെ വൈകിട്ടോടെ ഏറെ പേരും ക്യാംപ് വിട്ടു പോയത്. ബാക്കിയുള്ളവർ ഇന്നു ക്യാംപ് വിട്ടേക്കും.

MORE IN KASARAGOD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama