go

മഴ തോർന്നിട്ടും ദുരിതം പെയ്യുന്നു

kasargod-flood
1.കുണ്ടംകുഴി ബദിര ചെറുവത്തൂരിലെ നന്ദിനിയുടെ വീട്ടിലേക്കു കുന്ന് ഇടിഞ്ഞു വീണപ്പോൾ. 2.മുണ്ടക്കൈ മൂലയിലെ എം.കെ. സുകുമാരന്റെ വീട്ടിലേക്കു മണ്ണിടിഞ്ഞ് അടുക്കള തകർന്നപ്പോൾ.
SHARE

മണ്ണിടിഞ്ഞ് വീടുകൾ തകർ‌ന്നു

ബോവിക്കാനം ∙ മുണ്ടക്കൈ മൂലയിലെ എം.കെ. സുകുമാരന്റെ വീട്ടിൽ വീണ്ടും മണ്ണിടിഞ്ഞു നാശം. വീടിന്റെ വടക്കുഭാഗത്തെ കുന്നിടിഞ്ഞു വീണ് അടുക്കള, ശുചിമുറി എന്നിവയുടെ ഭിത്തി തകർന്നു. വാതിൽ തകർന്ന് അടുക്കളയിലേക്കു മണ്ണു കയറി. രണ്ടാഴ്ച മുൻപും ഇവിടെ മണ്ണിടിച്ചിലുണ്ടായിരുന്നു.

അപകട സാധ്യത കണക്കിലെടുത്തു കുടുംബം ബന്ധുവീട്ടിലേക്കു മാറി. മുണ്ടക്കൈ കണ്ടത്തിലെ കാർത്യായനിയുടെ വീട്ടിലേക്കും മണ്ണിടിഞ്ഞു വീണു. അമ്മങ്കോട് ചന്ദ്രശേഖരറാവുവിന്റെ വീടിന്റെ സംരക്ഷണ ഭിത്തി തകർന്നു. ബേപ്പ് കാവുങ്കാലിലെ ഗോപിയുടെ വീട്ടിലേക്കു മണ്ണിടിഞ്ഞുവീണു സ്റ്റോർ റൂം തകർന്നു.

കരിവേടകം ∙കുറ്റിക്കോൽ കരിവേടകം ചുഴിപ്പ് പടയാട്ടിൽ ഗ്രേസിയുടെ വീടു കുന്നിടിഞ്ഞു തകർന്നു. ശനിയാഴ്ച രാത്രി 10  മണിയോടെ വീടിനു മുകളിലേക്കു കൂറ്റൻ കല്ല് ഇളകി വീഴുകയായിരുന്നു. വീടിന്റെ ചുമരുകൾക്ക് ഇളക്കം തട്ടി. സംഭവം നടക്കുമ്പോൾ ഗ്രേസിയും മകനും വീട്ടിലുണ്ടായിരുന്നു. രണ്ടു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

പഞ്ചായത്ത് പ്രസിഡന്റ‌് പി.ജെ ലിസി തോമസ്, പഞ്ചായത്ത് അംഗം ജോസഫ് പാറത്തട്ടേൽ, വില്ലേജ് ഓഫിസർ എന്നിവർ സംഭവസ്ഥലം സന്ദർശിച്ചു. കുറ്റിക്കോലിൽ നിന്ന് അഗ്നിരക്ഷാസേന സ്ഥലത്തെത്തി. കൂടുതൽ മണ്ണ് ഇടിഞ്ഞു വീഴാൻ സാധ്യത നിലനിൽക്കുകയാണ്. കുന്നിൻ ചരുവിൽ തട്ടുവലിച്ച് നിരപ്പാക്കിയാണു വീടു നിർമിച്ചിരുന്നത്.

കുണ്ടംകുഴി ∙ കനത്ത മഴയിൽ കുന്ന് ഇടിഞ്ഞതിനെ തുടർന്നു വീടു തകർന്നു. കുണ്ടംകുഴി ബദിര ചെറുവത്തൂരിലെ നന്ദിനിയുടെ  ഉടമസ്ഥതയിലുള്ള വീടാണു തകർന്നത്. കുന്നിൽ ചെരിവിൽ തട്ടു വലിച്ചാണ് ഇവിടെ വീടു നിർമിച്ചത് . നന്ദിനിയുടെ മകൻ കുഞ്ഞിക്കണ്ണൻ, ഭാര്യ മമത, മൂന്ന് കുട്ടികൾ എന്നിവരാണ് ഇവിടെ താമസിച്ചിരുന്നത്.

ശനിയാഴ്ച രാത്രി ഒരു മണിക്കു വീടിനു സമീപത്തെ കുന്ന് ഇടിഞ്ഞതിനെ തുടർന്നു വലിയ കല്ലും മണ്ണും വൻ തോതിൽ വീടിന്റെ മുകളിലേക്കും ഭിത്തിയിലേക്കും വീഴുകയായിരുന്നു. കോൺക്രീറ്റ് ഭിത്തിക്കു കേടുപാടു സംഭവിച്ചു. ഓട്ടോ ഡ്രൈവറായ കുഞ്ഞിക്കണ്ണൻ ഒരു വർഷം മുൻപാണു 14 ലക്ഷം രൂപ മുടക്കി വീട് നിർമിച്ചത്.വില്ലേജ് ഓഫിസർ, കെ.കുഞ്ഞിരാമൻ എംഎൽഎ, പഞ്ചായത്ത് അധികൃതർ, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ‌് കുഞ്ഞികൃഷ്ണൻ മാടക്കല്ല്  എന്നിവർ കുഞ്ഞിക്കണ്ണൻെറ  വീട് സന്ദർശിച്ചു.

MORE IN KASARAGOD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama