go

വീടു നഷ്ടപ്പെട്ടവർക്കു നൽകും അഞ്ചു ലക്ഷം; യെഡിയൂരപ്പ

kasargod-camp
ബൽത്തങ്ങാടിയിലെ ദുരിതാശ്വാസ ക്യാംപിൽ കർണാടക മുഖ്യമന്ത്രി ബി.എസ്. യെഡിയൂരപ്പ എത്തിയപ്പോൾ.
SHARE

സുള്ള്യ ∙ ദക്ഷിണ കന്നഡ ജില്ലയിലെ പ്രളയ ബാധിത മേഖലകളിൽ കർണാടക മുഖ്യമന്ത്രി ബി.എസ്. യെഡിയൂരപ്പ സന്ദർശനം നടത്തി. ജില്ലയിൽ ഏറ്റവും കൂടുതൽ ദുരിതം ഉണ്ടായ ബൽത്തങ്ങാടി, ബന്ത്വാൾ താലൂക്കുകൾ അദ്ദേഹം സന്ദർശിച്ചു.  മുഖ്യമന്ത്രി കുക്കാവു ദുരിതാശ്വാസ കേന്ദ്രത്തിലെത്തി ദുരിത ബാധിതരോട് ആശയ വിനിമയം നടത്തി. ജില്ലയിൽ പ്രളയത്തിൽ 275 വീടുകൾ പൂർണമായി തകർന്നു. 

വീടു നഷ്ടപ്പെട്ടവർക്ക് പുതിയതു നിർമിക്കാനായി സർക്കാർ അഞ്ചു ലക്ഷം രൂപ വീതം നൽകും. ഭാഗികമായി കേടുപാടു സംഭവിച്ച വീടുകൾ നവീകരിക്കാൻ ഒരു ലക്ഷം രൂപ വീതം നൽകും. പുതിയ വീടു നിർമാണം പൂർത്തിയാകും വരെ വാടക വീടുകളിൽ താമസിക്കാൻ പ്രതിമാസം 5000 രൂപ വാടകയും സർക്കാർ നൽകും എന്നു മുഖ്യമന്ത്രി അറിയിച്ചു. 

kasargod-bs
ബൽത്തങ്ങാടിയിലെ പ്രളയ ബാധിത മേഖലയിൽ കർണാടക മുഖ്യമന്ത്രി ബി.എസ്. യെഡിയൂരപ്പയുടെ നേതൃത്വത്തിലുള്ള സംഘം സന്ദർശനം നടത്തുന്നു.

പ്രളയത്തിൽ ഭൂമി നഷ്ടപ്പെട്ടവർക്ക് വീടു നിർമിക്കാൻ ഉടൻ ഭൂമി കണ്ടെത്തി നൽകാൻ ജില്ലാ ഡപ്യൂട്ടി കമ്മിഷണർക്ക് അദ്ദേഹം നിർദേശം നൽകി.ദുരിത ബാധിതർക്ക് 10000 രൂപ വീതം  ഉടൻ നൽകാനും നിർദേശമുണ്ട്. കൃഷി നാശത്തെക്കുറിച്ചുള്ള കണക്ക് തയാറാക്കിക്കൊണ്ടിരിക്കുകയാണെന്നും ഇതു പൂർത്തിയായാൽ ഉടൻ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്ഥലങ്ങൾ സന്ദർശിച്ച ശേഷം ധർമസ്ഥലയിൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ദക്ഷിണ കന്നഡ ജില്ലയിലെ പ്രളയ ബാധിത മേഖലയിലെ പരിഹാര നടപടികളെക്കുറിച്ചു ചർച്ച ചെയ്യാൻ  യോഗം ചേർന്നു. 

ദക്ഷിണ കന്നഡ എംപി നളിൻകുമാർ കട്ടീൽ, എംഎൽഎമാരായ യു.ടി. ഖാദർ, എസ്. അങ്കാറ, ഹരീഷ് പൂഞ്ച, സഞ്ചീവ മഠന്തൂരു, രാജേഷ് നായ്ക്, വേദവ്യാസ കാമത്ത്, ഡോ. വൈ. ഭരത് ഷെട്ടി, ഉമാനാഥ കോട്ട്യാൻ, നിയമ നിർമാണ കൗൺസിൽ അംഗങ്ങളായ കോട്ട ശ്രീനിവാസ പൂജാരി, ഐവാൻ ഡിസൂസ, കെ. ഹരീഷ് കുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മീനാക്ഷി ശാന്തിഗോഡു, ജില്ലാ ഡപ്യൂട്ടി കമ്മിഷണർ ശശികാന്ത് സെന്തിൽ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

MORE IN KASARAGOD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama