go

പ്രളയബാധിതർക്കായി പ്രാർഥിച്ച് ബലിപെരുന്നാൾ ആഘോഷം

kasargod-prayr
ബലിപെരുന്നാളിനോടനുബന്ധിച്ചു തളങ്കര മാലിക് ദിനാർ ജുമാ മസ്ജിദിൽ നടന്ന നമസ്കാരം.
SHARE

കാസർകോട്∙ പ്രളയത്തിൽ ദുരിതമനുഭവിക്കുന്നവർക്കായി പ്രത്യേക പ്രാർഥന നടത്തി നാടെങ്ങും ബലിപെരുന്നാൾ ആഘോഷിച്ചു. പുതുവസ്ത്രം അണിഞ്ഞ് അത്തർ പൂശിയും കുട്ടികളും പുരുഷൻമാരും സമീപത്തെ മസ്ജിദുകളിലെത്തി ഈദ് നമസ്കാരങ്ങളിൽ പങ്കാളിയായി.

ചിലയിടങ്ങളിൽ ഈദ് ഗാഹുകളും പെരുന്നാൾ നമസ്കാരത്തിനായി സജ്ജീകരിച്ചിരുന്നു. പരസ്പരം ആശംസകൾ പങ്കുവച്ചും ആശ്ലേഷിച്ചും ബലി പെരുന്നാളിന്റെ മഹത്വം വിളിച്ചോതി. പ്രവാചകന്മാരുടെ പാത പിന്തുടർന്ന് ജീവിതം ലോകത്തിനായി സമർപ്പിക്കുകയെന്ന സന്ദേശമാണ് നമസ്കാരത്തിനായി നേതൃത്വം നൽകിയവർ നൽകിയത്.

വിഭവ സമൃദ്ധമായ ഭക്ഷണമൊരുക്കിയും പെരുന്നാളിനു പ്രത്യേകമായ പലഹാരങ്ങളുണ്ടാക്കിയും അതിഥികളെയും ബന്ധുക്കളെയും സ്വീകരിച്ചുമാണ് കുടുംബങ്ങൾ വീടുകളിൽ ആഘോഷിച്ചത്. ലോകസമാധാനത്തിനും പ്രളയക്കെടുതിയിൽ ദുരിതം അനുഭവിക്കുന്നവർക്കുമായി മസ്ജിദുകളിൽ പ്രത്യേക പ്രാർഥന നടത്തി.പ്രളയത്തിൽ ഇരയായവരോടും ദുരന്തനിവാരണപ്രവർത്തനങ്ങളോടും ഐക്യദാർഢ്യം പ്രഖ്യാപിക്കുക കൂടിയായിരുന്നു വിശ്വാസികൾ.

കാസർകോട് മാലിക് ദീനാർ ജുമാമസ്ജിദ്, നെല്ലിക്കുന്ന് മുഹ്‍യുദ്ദീൻ ജുമാമസ്ജിദ് ഉൾപ്പെടെയുള്ള ജില്ലയിലെ പ്രധാനപ്പെട്ട മസ്ജിദുകളിൽ നമസ്കാരത്തിനായി നൂറുകണക്കിനാളുകളെത്തിയിരുന്നു. പുത്തിഗെ മുഹിമ്മാത്തിൽ നടന്ന നമസ്കാരത്തിനു ഖത്തീബ് അബ്ബാസ് സഖാഫി കാവുംപുറം നേതൃത്വം നൽകി. 

ഹസനുൽ അഹ്ദൽ തങ്ങൾ, ഹാമിദ് അൻവർ അഹ്ദൽ തങ്ങൾ, മൗലാ ജമലുല്ലൈലി തങ്ങൾ, വൈ.എം.അബ്ദുൽ റഹ്മാൻ അഹ്‌സനി, അബ്ദുർ ഖാദിർ സഖാഫി മൊഗ്രാൽ, ഉമർ സഖാഫി കർണൂർ, സി.എൻ ജാഫർ എന്നിവർ പ്രസംഗിച്ചു. കെഎൻഎം ടൗൺ സലഫി ജുമാ മസ്ജിദിന്റെ നേതൃത്വത്തിൽ എം.ജി റോഡ് ഗ്രൗണ്ടിൽ നടന്ന ഈദ് ഗാഹിനു സുഹൈൽ കടമേരി നേതൃത്വം നൽകി.

തൃക്കരിപ്പൂർ∙ മേഖലയിൽ പടന്ന വലിയ ജുമാമസ്ജിദ്, തെക്കെകാട് ജുമാമസ്ജിദ് തുടങ്ങിയ ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് പെരുന്നാൾ നമസ്കാരത്തിനു ശേഷം വിശ്വാസികൾ സംഘടിച്ച് പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്കായി സാമ്പത്തിക സമാഹരണം നടത്തി. പെരുന്നാൾ നമസ്കാരവുമായി ബന്ധപ്പെട്ടുള്ള പ്രഭാഷണങ്ങളിൽ മിക്കയിടങ്ങളിലും പ്രകൃതി വിതച്ച ദുരന്തവും ഇതിനു ഇരയായവരെ കൈ പിടിക്കാനുള്ള ആഹ്വാനവും ഉണ്ടായി. 

MORE IN KASARAGOD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama