go

വൈദ്യുതിയില്ലാത്തത് അനുഗ്രഹമായി; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

kasargod-house-
ചെർക്കള തെക്കലിൽ എം.ടി. സുബൈറിന്റെ വീട്ടിലേക്കു മണ്ണിടിഞ്ഞു വീണപ്പോൾ. ചിത്രം: മനോരമ
SHARE

ചെർക്കള ∙ എല്ലാവരും വൈദ്യുതി മുടക്കത്തെ പഴിക്കുമ്പോൾ ചെങ്കള ബേവിഞ്ച കല്ലുംകൂട്ടത്തെ എം.ടി. അബ്ദുൽ സുബൈറും കുടുംബവും നന്ദി പറയുന്നത് മുടങ്ങിയ വൈദ്യുതിയോടാണ്. വൈദ്യുതി ഇല്ലാത്തതിനാൽ മക്കൾ പഠനമുറിയിൽ കയറാതിരുന്നതു കൊണ്ട് ഒഴിവായത് വൻ ദുരന്തം.

ഇവരുടെ പഠന മുറി ഇപ്പോൾ മണ്ണ് മൂടിക്കിടക്കുകയാണ്. പുസ്തകങ്ങളും ബാഗും പെരുന്നാൾ വസ്ത്രങ്ങളുമടക്കം ഇപ്പോൾ മണ്ണിനടിയിലാണ്. മഴയിൽ സമീപത്തെ കുന്നിടിഞ്ഞ് വീണ് സുബൈറിന്റെ വീട് പകുതിയിലേറെ തകർന്നു. കഴിഞ്ഞ ദിവസം രാത്രി 7.30 ഓടെയാണ് സംഭവം. സുബൈറും ഭാര്യ റാബിദയും 4 മക്കളുമാണ് ഇവിടെ താമസിക്കുന്നത്. 

സുബൈർ നമസ്കാരത്തിനായി പള്ളിയിലേക്ക് പോയതായിരുന്നു. ഭാര്യയും മക്കളും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. റാബിദയും നമസ്കരിക്കാനുള്ള തയാറെടുപ്പിലായിരുന്നു. പഠന മുറിയിൽ വെളിച്ചമില്ലാത്തതിനാൽ ഹാളിലാണ് മക്കളെ പഠിക്കാൻ ഇരുത്തിയത്.  അപ്പോഴാണ് ഒരു കല്ല് ഉരുണ്ട് വന്ന് വലിയ ശബ്ദത്തോടെ ജനാലിന്റെ ചില്ല് തകർത്തത്. ഇതു കേട്ട് കേട്ട് മക്കളെയും കെട്ടിപ്പിടിച്ച് റാബിദ പുറത്തേക്ക് ഓടി.

ഇവർ പുറത്തിറങ്ങിയതിനു പിന്നാലെ കൂറ്റൻ മലയിടിഞ്ഞ് വീടിന്റെ മുകളിൽ വീണു. ഭിത്തിയും തകർത്ത് മണ്ണ് അകത്തെത്തി. പഠനമുറി പൂർണമായും തകർന്നു. മറ്റ് ചുമരുകളിലും പൊട്ടലുണ്ട്.  മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്നതിനാൽ ആശങ്ക ഇനിയും മാറിയിട്ടില്ല. എഡിഎം എൻ. ദേവിദാസ്, എൻ.എ.നെല്ലിക്കുന്ന് എംഎൽഎ തുടങ്ങിയവർ സ്ഥലത്തെത്തി.

MORE IN KASARAGOD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama