go

തകർന്നടിഞ്ഞത് ആയുസ്സിന്റെ സമ്പാദ്യം

ചിറ്റാരിക്കാൽ ഗോക്കടവിൽ മണ്ണിടിച്ചിലിൽ പൂർണമായും തകർന്നുപോയ വീടിനരികെ സജിനി
ചിറ്റാരിക്കാൽ ഗോക്കടവിൽ മണ്ണിടിച്ചിലിൽ പൂർണമായും തകർന്നുപോയ വീടിനരികെ സജിനി
SHARE

ചിറ്റാരിക്കാൽ ∙ വർഷങ്ങളുടെ കഠിനാധ്വാനത്തിലൂടെ സ്വരൂപിച്ച ജീവിത സമ്പാദ്യങ്ങളത്രയുമുപയോഗിച്ചു നിർമിച്ച സ്വപ്ന വീട് ഒരുനിമിഷംകൊണ്ട് നിലംപരിശാവുന്നതു നോക്കി നിൽക്കാനേ ചിറ്റാരിക്കാൽ ഗോക്കടവിലെ  തെക്കേമൈലിക്കൽ സജിനിക്കും കുടുംബത്തിനും കഴിഞ്ഞുള്ളു.  കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് ശക്തമായ മഴയിൽ മണ്ണിടിഞ്ഞുവീണ് ഇവരുടെ കോൺക്രീറ്റ് വീട് നിലംപൊത്തിയത്. നീണ്ടകാലത്തെ പ്രവാസജീവിതത്തിൽനിന്നും സമ്പാദിച്ച തുക സ്വരുക്കൂട്ടിയാണ് സജിനി ജോസും ഭർത്താവ് പി.സ്റ്റീഫനും ഗോക്കടവ് മരാമത്ത് റോഡിനോടുചേർന്നുള്ള 1.09 ഏക്കർ സ്ഥലം 6 വർഷം മുൻപ് വാങ്ങി അതിൽ വീടുനിർമിച്ചത്.

1500 ചതുരശ്ര അടി വിസ്തൃതിയുണ്ടായിരുന്ന ഈ വീട്ടിൽ ഇന്റീരിയർ ജോലികളുൾപ്പെടെ പൂർത്തിയാക്കിയപ്പോൾ ഏതാണ്ട് 60 ലക്ഷം രൂപയോളം  ചെലവായി. ഈ സമ്പാദ്യമാകെയാണ് കഴിഞ്ഞ ദിവസം മണ്ണിടിഞ്ഞുതകർന്നത്. അപകടസമയത്ത് സമീപത്തെ ജോർജിന്റെ വീടിനോടുചേർന്ന് മണ്ണിടിയുന്നതുകണ്ട് ഇവരുടെ മകൻ ഷൈൻ ഉൾപ്പെടെയുള്ളവർ അവിടെയെത്തി മണ്ണു നീക്കുകയായിരുന്നു. ആ സമയത്താണ് റോഡിലേക്കിറങ്ങിയ സജിനിയും മകൾ ഷീനുവും തങ്ങളുടെ വീടിനു പിൻവശത്തും മണ്ണിയിടുന്നത് കണ്ടത്.

വീടിനുള്ളിൽനിന്നും ഷിനു തന്റെ സർട്ടിഫിക്കറ്റുകൾ പുറത്തെടുത്തു പുറത്തിറങ്ങിയയുടൻ ഇവരുടെ വീട് തകർന്നു വീഴുകയായിരുന്നു. ഇതിനിടെ ഗ്ലാസ് കൊണ്ടു മുറിവേറ്റ് ഷിനുവിന്റെ കാലിനും പരുക്കേറ്റു. അപകടസമയത്ത് വീട്ടിലാരും ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം വഴിമാറുകയായിരുന്നു. സമീപത്തുതന്നെയുള്ള സഹോദരന്റെ വീട്ടിലാണ് ഇവർ ഇപ്പോൾ കഴിയുന്നത്. സജിനിയുടെ ഭർത്താവ് സ്റ്റീഫൻ വിദേശത്താണുള്ളത്. ഈ ആഴ്ച നാട്ടിലെത്തിയിട്ടുവേണം ഇവർക്ക് ഇനി തുടർ പ്രവർത്തനങ്ങളെക്കുറിച്ച് ആലോചിക്കാൻ. 

ഇതിനിടെ മകൻ ഷൈന്റെ വിദ്യാഭ്യാസ ആവശ്യത്തിനായി ഇവർ വീടും പുരയിടവും എസ്ബിഐയുടെ കടുമേനി ശാഖയിൽ പണയപ്പെടുത്തി വായ്പയെടുത്തിട്ടുമുണ്ട്. 25 ലക്ഷം രൂപ പാസാക്കിയതിൽ ആദ്യ ഗഡുവായ 8 ലക്ഷം രൂപ കഴിഞ്ഞ ദിവസം കൈപ്പറ്റി. നിലവിലുള്ള വീടിരിക്കുന്ന സ്ഥലത്ത് ഇനി നിർമാണം നടത്താനും കഴിയാതെയായി. കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾ ഇവിടെനിന്നും നീക്കിയില്ലെങ്കിൽ അതു റോഡിനും ഭീഷണിയാകും. ഇതിനും ഭാരിച്ച തുക ചെലവാകും. സ്ഥലം സന്ദർശിച്ച ജനപ്രതിനിധികളും വകുപ്പ് അധികൃതരും നൽകിയ വാഗ്ദാനങ്ങളിൽ മാത്രമാണ് ഇവരുടെ പ്രതീക്ഷ.

ദുരന്ത ആഘാതത്തിൽ നിന്നു മോ‌ചനമില്ലാതെ

ചിറ്റാരിക്കാൽ ഗോക്കടവിൽ മണ്ണിഞ്ഞുവീണു തകർന്ന വീടിനരികെ ജോർജ്
ചിറ്റാരിക്കാൽ ഗോക്കടവിൽ മണ്ണിഞ്ഞുവീണു തകർന്ന വീടിനരികെ ജോർജ്

ചിറ്റാരിക്കാൽ ∙ എട്ടുവർഷം മുൻപാണ് മറ്റത്തിൽ ജോർജ് ഗോക്കടവിൽ വീടുനിർമാണമാരംഭിച്ചത്. കൂലിപ്പണിക്കാരനായ ജോർജ്, സൈനികനായ മകൻ ജിതിൻ ജോർജിന്റെ ശമ്പളം കൂടി ഉപയോഗപ്പെടുത്തിയാണ് 4 വർഷം മുൻപ് 50 ലക്ഷം രൂപ ചെലവിൽ ഇവിടെ ഒരുനില വീടു പൂർത്തിയാക്കിയത്.

കഴിഞ്ഞ ദിവസത്തെ മഴയിൽ ഈ വീടിന്റെ പിൻവശത്തെ മണ്ണിടിഞ്ഞതോടെ തറയും ഭിത്തിയും തമ്മിലുള്ള ബന്ധം വിട്ട് ഈ വീടും വാസയോഗ്യമല്ലാതായിത്തീർന്നു. മണ്ണ് പൂർണമായും നീക്കിയാൽ ഏതുനിമിഷവും തകർന്നേക്കാവുന്ന നിലയിലാണ് ഇവരുടെ വീടും.  ഭാര്യ ലിസിയും വിദ്യാർഥികളായ രണ്ടു പെൺമക്കളുമാണ് അപകട സമയത്ത് വീട്ടിലുണ്ടായിരുന്നത്.

മണ്ണിടിയുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ ഇവർ വീടിനുള്ളിൽനിന്നും ഓടിയിറങ്ങുകയായിരുന്നു. ഇപ്പോൾ സമീപത്തെ ബന്ധുവീട്ടിലാണ് ഈ കുടുംബം താമസിക്കുന്നത്.  ജിതിൻ ജോർജ് ജമ്മു അതിർത്തിയിൽ സൈനിക സേവനത്തിനിടെയുണ്ടായ വെടിവയ്പിൽ പരുക്കേറ്റ് ഷില്ലോങിൽ ഇപ്പോൾ ചികിത്സയിൽ കഴിയുകയാണ്. കൺമുന്നിലുണ്ടായ ദുരന്തത്തിന്റെ ആഘാതത്തിൽനിന്നും ഈ കുടുംബം ഇനിയും മോചിതരായിട്ടില്ല.

MORE IN KASARAGOD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama