go

പൊന്നോണത്തിരക്കിലമർന്നു നാട്

സജീവമാകുന്ന ഓണവിപണി. കാഞ്ഞങ്ങാട് നഗരത്തിൽ നിന്നൊരു ദൃശ്യം.
സജീവമാകുന്ന ഓണവിപണി. കാഞ്ഞങ്ങാട് നഗരത്തിൽ നിന്നൊരു ദൃശ്യം.
SHARE

കാഞ്ഞങ്ങാട്∙ തിരുവോണം അരികിലെത്തിയതോടെ നാടെങ്ങും ആഘോഷ തിമർപ്പിലേക്ക്. ഇന്നലെ മഴ മാറി നിന്നതോടെ നഗരം പൂർണമായി ഓണത്തിരക്കിലായി. കനത്ത മഴയിൽ കഴിഞ്ഞ ദിവസങ്ങളിൽ തെരുവു കച്ചവടക്കാർ ഏറെ ബുദ്ധിമുട്ടിയിരുന്നു. സഹകരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ കൺസ്യൂമർഫെഡിന്റെ സഹകരണത്തോടെയുള്ള ഓണച്ചന്തകൾ ജില്ലയിലെങ്ങും സജീവമായി. സഹകരണ ബാങ്കുകളും പ്രാഥമിക സഹകരണ സംഘങ്ങളുമാണ് കൺസ്യൂമർഫെഡിന്റെ സഹകരണത്തോടെ ഓണച്ചന്തകൾ തുടങ്ങിയത്.

പുത്തൻ വസ്ത്രങ്ങളുമായി വസ്ത്ര സ്ഥാപനങ്ങളും ഓണ പൂക്കളത്തിനാവശ്യമായ പൂക്കളുമായി ഇതര സംസ്ഥാന വ്യാപാരികളും നഗരത്തിൽ സജീവമായി.കുഞ്ഞുടുപ്പുകൾ മുതൽ പ്രായമായവര്‍ക്കുള്ള സെറ്റ് മുണ്ട് വരെ തെരുവോര കച്ചവടക്കാരുടെ പക്കലുണ്ട്. ഓണ`-ഉത്രാട കോടികൾക്കാണ് ആവശ്യക്കാരേറെയെന്ന് കച്ചവടക്കാർ പറഞ്ഞു. കർണാടകയിലെ പുത്തൂർ, മംഗളൂരു, ചിക്കമംഗളൂരു ഭാഗങ്ങളിൽ നിന്നുളളവരും തമിഴ്നാട്ടിലെ കോയമ്പത്തൂരിൽ നിന്നുള്ളവരുമാണ് എല്ലാ വർഷവും കാഞ്ഞങ്ങാട്ടേക്ക് ഓണ പൂക്കളമൊരുക്കാനുള്ള മറുനാടൻ പൂക്കളുമായെത്തുന്നത്. ഇക്കുറിയും ഓണത്തിന് ദിവസങ്ങൾക്ക് മുൻപു തന്നെ ഇവർ നഗരം കീഴടക്കി.നഗരസഭ തെരുവു കച്ചവടക്കാർക്ക് താൽക്കാലിക ലൈസൻസ് നൽകിയാണ് കച്ചവടത്തിനുള്ള സൗകര്യമൊരുക്കിയത്.

താൽക്കാലിക ലൈസൻസ് ലഭിച്ചതോടെ മറ്റുള്ളവരിൽ നിന്നുള്ള പിടിച്ചുപറി ഒഴിവാക്കാനാവും. പൂക്കളുമായി കച്ചവടത്തിനെത്തിയവർക്ക് കോട്ടച്ചേരി പഴയ ബസ് സ്റ്റാൻഡിനകത്ത് പ്രത്യേക സൗകര്യമൊരുക്കിയിട്ടുണ്ട്.തുണിക്കച്ചവടക്കാർക്ക് ടൗണിലെ പെട്രോൾ പമ്പ് പരിസരത്തും ദീപാഗോൾഡിന് സമീപത്തും കച്ചവടം നടത്താനുള്ള സൗകര്യമേർപ്പെടുത്തി. പഴയ എൽഐസി ഓഫിസ് മുതൽ ട്രാഫിക് സർക്കിൾ വരെ വഴിയോര കച്ചവടം നിരോധിച്ചിട്ടുണ്ട്. നഗരസഭ നൽകിയ തിരിച്ചറിയൽ സ്ഥിരം കച്ചവടക്കാർക്ക് ഈ നിർദേശം ബാധകമല്ലെന്നും നഗരസഭാധ്യക്ഷൻ വി.വി.രമേശൻ അറിയിച്ചു.

MORE IN KASARAGOD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama