go

മുഴുവൻ പ്രളയബാധിതർക്കും ധനസഹായം നൽകും: മന്ത്രി

Kasargod News
പ്രളയത്തിൽ രക്ഷാ പ്രവർത്തനം നടത്തിയ മത്സ്യ തൊഴിലാളികൾക്കുള്ള അനുമോദനവും പ്രളയ ദുരിതാശ്വാസ ധന സഹായ പ്രഖ്യാപനവും മന്ത്രി ഇ.ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യുന്നു.
SHARE

കാഞ്ഞങ്ങാട്  ∙ അർഹരായ മുഴുവൻ പ്രളയബാധിതർക്കും ഈ മാസം തന്നെ ആശ്വാസ ധന സഹായമായ 10,000 രൂപ ലഭിക്കുമെന്ന് മന്ത്രി ഇ.ചന്ദ്രശേഖരൻ. പ്രളയത്തിൽ രക്ഷാപ്രവർത്തനം നടത്തിയ മത്സ്യ തൊഴിലാളികളെ അനുമോദിച്ചും പ്രളയ ദുരിതാശ്വാസ ധനസഹായ പ്രഖ്യാപനം നടത്തിയും പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അർഹരായ മുഴുവൻ പ്രളയബാധിതർക്കും ആശ്വാസ ധനസഹായം നൽകാനായി ദുരന്തനിവാരണ നിധിയിൽ നിന്നു 100 കോടി രൂപയാണ് അനുവദിച്ചത്.

ധന സഹായം പരമാവധി ഓണത്തിന് മുൻപായി നൽകാനാണ് സർക്കാർ ശ്രമം. ഇന്നലെ വരെ 431 പേർക്ക് ആശ്വാസ ധന സഹായം നൽകി കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ പ്രളയത്തിൽ 1500 ഓളം കുടുംബങ്ങളാണ് ദുരിതാശ്വാസ ക്യാംപിൽ എത്തിയത്. ചിലർ ബന്ധുവീടുകളിലും‍ അഭയം തേടി. ഇവരുടെ അപേക്ഷ പരിഗണിച്ച് അർഹരായവർക്കു ധനസഹായം നൽകും.

2018 ലെ പ്രളയത്തിൽ 7.62 കോടി രൂപയാണ് ധനസഹായമായി ജില്ലയിൽ നിന്നു ലഭിച്ചത്. അതു കൂടാതെ 50 ടൺ സാധനങ്ങൾ വിവിധ ജില്ലകളിലെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് കൊടുത്തു വിട്ടു. ഇതിനെല്ലാം പുറമേ പ്രളയ ബാധിതർക്ക് വീട് വയ്ക്കാനായി ഒരേക്കർ ഭൂമിയോളം നൽകിയവർ ഉണ്ട്. 23.61 ഗ്രാം സ്വർണവും നൽകി. കഴിഞ്ഞ പ്രളയത്തിൽ തകർന്ന 42 വീടുകളിൽ 7 വീടിന്റെ നിർമാണം കെയർ ഹോം പദ്ധതി പ്രകാരം പൂർത്തീകരിച്ചുവെന്ന് മന്ത്രി പറഞ്ഞു.രാജഗോപാലൻ എംഎൽഎ അധ്യക്ഷത വഹിച്ചു.

അനുമോദന പത്രവും ഓണക്കോടിയും വിതരണം ചെയ്തു

കാഞ്ഞങ്ങാട് ∙ മത്സ്യ തൊഴിലാളികൾക്കുള്ള അനുമോദന പത്രവും ഓണക്കോടിയും മന്ത്രി ഇ.ചന്ദ്രശേഖരൻ വിതരണം ചെയ്തു. പ്രളയത്തിൽ ദുരിതത്തിലായവരെ സഹായിക്കാൻ സ്വജീവൻ അവഗണിച്ച് ഓടിയെത്തിയ മത്സ്യ തൊഴിലാളികൾ, നാട്ടുകാർ, വിവിധ സേനാ വിഭാഗങ്ങൾ, റവന്യു, പൊലീസ്, അഗ്നിശമന സേന, മോട്ടർ വാഹന വകുപ്പ്, ഫിഷറീസ് ഉൾപ്പെടെയുള്ളവരെ മന്ത്രി അഭിനന്ദിച്ചു.   ചടങ്ങിൽ കാസർകോട് വികസന പാക്കേജിന്റെ ലോഗോ പ്രകാശനവും മന്ത്രി നിർവഹിച്ചു. പ്രളയ ദുരിതബാധിതർക്ക് നിർമിച്ച രണ്ടു വീടുകളുടെ താക്കോൽ ദാനവും നടത്തി.

വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും ഇടയിൽ നടത്തിയ ലോഗോ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ജ്യോതിഷ്‌ കുമാറിന് മന്ത്രി ഉപഹാരം നൽകി.   എം.രാജഗോപാലൻ എംഎൽഎ അധ്യക്ഷത വഹിച്ചു. കലക്ടർ‍ ഡോ. ഡി.സജിത് ബാബു, നീലേശ്വരം നഗരസഭാധ്യക്ഷൻ‍ പ്രഫ.കെ.പി.ജയരാജൻ, കാഞ്ഞങ്ങാട് നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ മുഹമ്മദ് മുറിയനാവി, എഡിഎം എൻ.ദേവീദാസ്, സബ് കലക്ടർ അരുൺ കെ.വിജയന്,‍ കാസർകോട് വികസന പാക്കേജ് സ്‌പെഷൽ ഓഫിസർ ഇ.പി.രാജ്മോഹന്,‍ ഹൊസ്ദുർഗ് തഹസിൽദാർ ഇൻ ചാർജ് മണിരാജ് എന്നിവർ പ്രസംഗിച്ചു. 

MORE IN KASARAGOD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama