go

‘തരികിട’ കാണിക്കല്ലേ, പണി പാളും...

Kasargod News
ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ കാസർകോട് മത്സ്യ മാർക്കറ്റിൽ നടത്തിയ പരിശോധന.
SHARE

കാസർകോട് ∙ ഓണം പ്രമാണിച്ചു പരിശോധന കർശനമാക്കിയതായി ഭക്ഷ്യസുരക്ഷാ വകുപ്പ്.ഹോട്ടലുകളിലും മീൻചന്തകളിലും ഉൾപ്പെടെ പരിശോധന നടത്തി സാംപിളുകൾ കോഴിക്കോട് റീജനൽ ലാബിലേക്ക് അയക്കുന്നുണ്ട്. കാസർകോട് മീൻ ചന്തയിലെ 4 സ്റ്റാളുകളിൽ നിന്ന്  മീൻ സാംപിൾ എടുത്ത് ലാബിലേക്ക് അയച്ചിട്ടുണ്ട്. ഫോ‍ർമാലിൻ സാന്നിധ്യം ഇവയിൽ ഇല്ലെന്നും മറ്റു രാസവസ്തുക്കൾ ഉണ്ടോയെന്നു പരിശോധിക്കാനാണു സാംപിൾ ലാബിലേക്ക് അയച്ചതെന്നും അധികൃതർ പറഞ്ഞു.ഭക്ഷ്യ സുരക്ഷാ വകുപ്പ് ഡപ്യൂട്ടി കമ്മിഷണർ പി.യു. ഉദയശങ്കർ, സർക്കിൾ ഓഫിസർമാരായ  കെ.പി. മുസ്തഫ, എസ്. ഹേമാംബിക, അനുഷാ ജോൺ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്.  

ആരോഗ്യക്ഷമത

ഹോട്ടലുകളിൽ ഭക്ഷണം പാചകം ചെയ്യുന്നതും വിതരണം ചെയ്യുന്നതും ഉൾപ്പെടെയുള്ളവർക്ക് ഭക്ഷ്യ സുരക്ഷാനിയമ പ്രകാരം ആരോഗ്യക്ഷമതാ (ഫിറ്റ്നസ്) സാക്ഷ്യപത്രം ആവശ്യമാണ്. എന്നാൽ ഹോട്ടൽ ജീവനക്കാരിൽ പകുതിയിലേറെ പേർക്കും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ല.  ഭൂരിഭാഗം തൊഴിലാളികളും ഇതര സംസ്ഥാനക്കാരാണ്.  ബന്ധപ്പെട്ട ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടർമാർ പരിശോധിച്ചു നൽകുന്ന ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ജോലി സ്ഥലത്തു സൂക്ഷിക്കണമെന്നാണു വ്യവസ്ഥ.

എന്നാൽ പകുതിയിലേറെ ഹോട്ടൽ ഉടമകളും ഇതു പാലിക്കാറില്ല. ഇതര സംസ്ഥാന തൊഴിലാളികളെ സ്ഥിരമായി നിയമിക്കാൻ കഴിയുന്നില്ലെന്നാണ് ഇവർ പറയുന്ന ന്യായം. എന്നാൽ ഒരിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിച്ചാൽ അടുത്ത പരിശോധനാ സമയം വരെ ഏതു സ്ഥാപനത്തിൽ ജോലിക്കു കയറാനും ഇത് ഉപയോഗിക്കാം എന്ന തരത്തിൽ ക്രമീകരണം നടത്തണമെന്നാണ് ഉപഭോക്താക്കളുടെ ആവശ്യം.

‘നിറം ചേർക്കൽ’ എല്ലായിടത്തും വേണ്ട

പരിശോധനയിൽ പല ഹോട്ടലുകളിലും ഭക്ഷ്യവിഭവങ്ങൾ പാചകം ചെയ്യുന്ന വേളയിൽ പരിധിവിട്ടു സിന്തറ്റിക് കളർ ഉപയോഗം കണ്ടെത്തി. മധുര പലഹാരങ്ങളിൽ ഉപയോഗിക്കുന്ന സിന്തറ്റിക് കളർ ഇതര വിഭവങ്ങളിലും ഉപയോഗിക്കുന്നതായാണു കണ്ടെത്തിയത്. ഇത് ‘ആരോഗ്യത്തിനു ഹാനികരമാകുന്ന രീതിയിൽ ഭക്ഷ്യവിഭവങ്ങൾ ഉണ്ടാക്കുക’ എന്ന കുറ്റത്തിനു കീഴിൽ വരുന്ന പ്രവൃത്തിയാണ്. ഇതിനെതിരെ നടപടി എടുക്കുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടുണ്ട്. 

റജിസ്ട്രേഷൻ വേണം

ഓണാഘോഷത്തിന്റെ ഭാഗമായി താൽക്കാലിക ഭക്ഷ്യ വിൽപന സ്റ്റാളുകൾ പ്രവർത്തിപ്പിക്കുന്നതിന് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ റജിസ്ട്രേഷൻ എടുക്കണമെന്ന് അധികൃതർ അറിയിച്ചു. റജിസ്ട്രേഷൻ ഇല്ലാത്ത സ്റ്റാളുകൾക്കെതിരെ നടപടി എടുക്കാൻ വകുപ്പിന് അധികാരമുണ്ടായിരിക്കും. 

MORE IN KASARAGOD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama