go

വാട്സാപ്പിലൂടെ മൊഴി ചൊല്ലിയെന്ന് പരാതി; മുത്തലാഖ് നിയമപ്രകാരം കേസെടുത്തു

muthalaq
SHARE

കാസർകോട്∙ വാട്സാപ്പിലൂടെ ഭർത്താവ് മൊഴി ചൊല്ലിയെന്ന യുവതിയുടെ പരാതിയിൽ മുത്തലാഖ് നിരോധന നിയമ പ്രകാരം കേസെടുത്തു. കാസർകോട് ഷിരിബാഗിലു പുളിക്കൂറിലെ 29കാരിയുടെ പരാതിയിൽ ഭർത്താവ് ഏരിയാൽ ബളിറിലെ ബി.എം.അഷ്‌റഫ്(34) നെതിരെയാണ് കാസർകോട് ടൗൺ പൊലീസ് കേസെടുത്തത്. മുത്തലാഖ് നിരോധന നിയമപ്രകാരം സംസ്ഥാനത്തെ രണ്ടാമത്തെ കേസാണിത്. പൊലീസ് സ്റ്റേഷനിൽ നേരിട്ടു നൽകിയ പരാതിയിലുള്ള ആദ്യ കേസും.

12 വർഷം മുൻപാണ് അഷ്റഫ് യുവതിയെ വിവാഹം കഴിച്ചത്. കുടുംബവഴക്കിനെത്തുടർന്ന് കഴിഞ്ഞ മാർച്ചിൽ അഷ്റഫ് ഭാര്യയെ മർദിച്ചു. തുടർന്ന് അന്നു തന്നെ ഗൾഫിലേക്കു മടങ്ങിയ അഷ്റഫ് മാർച്ച് 15നു യുവതിയുടെ സഹോദരന്റെ ഫോണിലെ വാട്സാപ്പിലേക്ക് മൊഴി ചൊല്ലിയതായി ശബ്ദസന്ദേശം അയച്ചു. യുവതിയും ഇതേ ഫോണാണ് ഉപയോഗിക്കുന്നതെന്നു മനസ്സിലാക്കിയായിരുന്നു ഇത്. സംഭവത്തെത്തുടർന്നു യുവതി മാർച്ച് 23നു ഗാർഹിക പീഡനത്തിന് അഷ്റഫിനെതിരെ ടൗൺ പൊലീസിൽ പരാതി നൽകി.

ഇതിൽ കേസെടുക്കുകയും ചെയ്തു. ഒരു മാസം മുൻപു നാട്ടിലെത്തിയ അഷ്റഫ് മറ്റൊരു യുവതിയെ വിവാഹം ചെയ്തു. ഇതറിഞ്ഞതോടെയാണ്, നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ മുത്തലാഖ് നിരോധന നിയമപ്രകാരം യുവതി പൊലീസിനെ സമീപിച്ചത്. വാട്സാപ്പിലൂടെ ശബ്ദസന്ദേശമെത്തിയ ഫോൺ യുവതിയുടെ ഗൾഫിലുള്ള സഹോദരന്റെ കൈവശമാണ്. സൈബർ സെല്ലിന്റെ സഹായത്തോടെ ശബ്ദസന്ദേശം പരിശോധിച്ച് തുടർനടപടി സ്വീകരിക്കുമെന്ന് എസ്ഐ മെൽബിൻ ജോസ് അറിയിച്ചു.

മുത്തലാഖ് നിരോധന നിയമപ്രകാരം കേരളത്തിലെ ആദ്യ കേസ് കോഴിക്കോട് മുക്കം പൊലീസ് സ്റ്റേഷനിലാണ്. യുവതി കോടതിയിൽ നൽകിയ പരാതിയെ തുടർന്നു കോടതി നിർദേശപ്രകാരമായിരുന്നു ഇത്.

MORE IN KASARAGOD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama