go

ഓണവിപണി സജീവം; കൈപൊള്ളിച്ച് പച്ചക്കറികൾ

kasargod-people
ഉത്രാട നാളിൽ കാഞ്ഞങ്ങാട് നഗരത്തിൽ അനുഭവപ്പെട്ട തിരക്ക്.
SHARE

കുണ്ടംകുഴി ∙ നാടൻ പച്ചക്കറികൾ ലഭികാതെയായതോടെ പച്ചക്കറികൾക്ക് തീവില. കനത്ത മഴയിൽ വന്ന കൃഷി നാശമാണ് നാടൻപച്ചക്കറികൾ നശിക്കാനും പച്ചക്കറിക്ക് വില കൂടാനും കാരണമായത്. കാസർകോട് ജില്ലയിൽ കർക്കിടകം 18 ന് വെള്ളരി വിത്ത് നടുന്ന പതിവാണുള്ളത്. കർക്കിടകം പകുതിയോടെ മഴ കുറഞ്ഞ് ചിങ്ങ മാസത്തിൽ മാനം തെളിയുന്ന അനുകൂല അന്തരീക്ഷം പരമാവധി കൃഷിക്ക് ഉപയോഗിക്കുക എന്ന ലക്ഷ്യത്തോടെ ആണ് ഇങ്ങനെ ചെയ്യുന്നത്.

കൃഷി ചെയ്ത് ഉണ്ടാക്കുന്ന വെള്ളരിക്ക കെട്ടിത്തൂക്കി സൂക്ഷിച്ച് മാസങ്ങളോളം ഉപയോഗിക്കുന്ന പതിവാണ് കർഷകർക്ക് ഉള്ളത്. വീട്ടിലെ ആവശ്യം കഴിഞ്ഞ് ബാക്കിയുള്ളത് വിൽക്കുകയും ചെയ്യും.പതിവ് പോലെ ഇത്തവണയും കർഷകർ വിത്ത് നട്ടെങ്കിലും മഴ കർഷകരുടെ പ്രതീക്ഷ തകർത്തു. മുളച്ച് പടർന്ന ചെടികൾ പോലും വൻതോതിൽ നശിച്ചു. ഇതോടെ ഓണത്തിന് സുലഭമായി ലഭിക്കുന്ന നാടൻ വെള്ളരിക്ക ഇല്ലാതായി.കനത്ത മഴ മറ്റ് പച്ചക്കറി കൃഷികളെയും ബാധിച്ചു.

നാടൻ പച്ചക്കറികളുടെ അഭാവം വൻ പ്രത്യാഘാതം ആണ് വിപണിയിൽ ഉണ്ടാക്കിയത്. മുൻ വർഷങ്ങളിൽ കിലോയ്ക്ക് 10-15 രൂപ നിരക്കിൽ ലഭ്യമായിരുന്ന വെള്ളരിക്കയ്ക്ക്  ഇത്തവണ കിലോയ്ക്ക് 40 രൂപയ്ക്ക് മുകളിൽ ആണ് വില,വെള്ളരി കൃഷി നശിച്ചത് കുടുംബശ്രീ, സ്വയം സഹായ സംഘങ്ങൾ എന്നിവയെ പ്രതിസന്ധിയിലാക്കി.

പല കൂട്ടായ്മകൾക്കും 10000 രൂപ മുതൽ 25000 രൂപ വരെ നഷ്ടം സംഭവിച്ചു. സാധാരണക്കാരുടെ നിത്യോപയോഗത്തിൽ ഉൾപ്പെടുന്ന വെള്ളരിക്ക ഉൾപ്പെടെയുള്ള പച്ചക്കറികളുടെ വിലവർധന കുടുംബ ബജറ്റിന്റെ താളംതെറ്റിക്കുമെന്ന സൂചനയാണ് ലഭിക്കുന്നത്.ചിങ്ങമാസത്തിൽ തുടരുന്ന കനത്ത മഴ കർണാടകയിലെ കൃഷി ഇടങ്ങളെയും ബാധിച്ചിട്ടുണ്ട്. അതിനാൽ എല്ലാ പച്ചക്കറികൾക്കും വില ഉയരുകയാണ്.

MORE IN KASARAGOD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama