go

ഓണത്തിനു കുലവെട്ടാൻ ചെന്നപ്പോൾ വാഴ മാത്രം; ഞെട്ടിച്ചു കള്ളൻമാർ...

kasargod-theft-case
കള്ളാർ പഞ്ചായത്തിലെ കുടുംബൂരിൽ കെ.കൃഷ്ണന്റെ നേന്ത്രവാഴ തോട്ടത്തിൽ നിന്നും കുലകൾ വെട്ടിയെടുത്ത നിലയിൽ.
SHARE

രാജപുരം ∙ ഓണത്തിരക്കിനിടയിൽ കുടുംബൂരിൽ കള്ളന്മാരു‍ടെ വിളയാട്ടം. നേന്ത്രവാഴ തോട്ടങ്ങളിൽ നിന്നും മോഷണം പോയത് ഇരുന്നൂറോളം മൂപ്പെത്തിയ വാഴക്കുലകൾ. റബർ ഷീറ്റും, ചന്ദന മരവും മോഷണം പോയി. കഴിഞ്ഞ 2 ദിവസങ്ങളിലായാണ് കള്ളാർ പഞ്ചായത്തിലെ കുടുംബൂർ പ്രദേശങ്ങളിൽ കള്ളന്മാർ വിലസിയത്. കുടുംബൂരിലെ നേന്ത്രവാഴ കർഷകരായ കെ.കൃഷ്ണൻ, ബാബു എന്നിവരുടെ തോട്ടങ്ങളിൽ നിന്നാണ് വാഴക്കുലകൾ‌ മോഷ്ടിക്കപ്പെട്ടത്.

മോഷണം നടന്നത് പെട്ടെന്ന് ശ്രദ്ധയിൽപെടാതിരിക്കാൻ വാഴ വെട്ടാതെ ഏണി വച്ച് കുലകൾ മാത്രമായി വെട്ടിയെടുക്കുകയാണു മോഷ്ടാക്കൾ ചെയ്തിരിക്കുന്നത്. തോട്ടത്തിന് സമീപം വാഹനം വന്നു പോയതിന്റെ അടയാളമുള്ളതായി കർഷകർ പറയുന്നു. കൃഷ്ണൻ 2500 വാഴയാണ് കൃഷി ചെയ്തത്. ഇതിൽ 350 വാഴകൾ കാറ്റിൽ നശിച്ചിരുന്നു. തുടർന്ന് കനത്ത മഴയിലുണ്ടായ വെള്ളപ്പൊക്കത്തിൽ ആയിരത്തോളം വാഴകൾ വെള്ളം കെട്ടിനിന്ന് ചീഞ്ഞു പോയി.

ഇപ്പോൾ 125 വാഴക്കുലകൾ കള്ളന്മാരും കൊണ്ടുപോയി. കാറ്റിലും വെള്ളപ്പൊക്കത്തിലും ഉണ്ടായ നഷ്ടം ഓണക്കാല വിപണിയിൽ നികത്താം എന്നിരിക്കെയാണ് വെട്ടാറായ കുലകൾ മോഷ്ടാക്കൾ കൊണ്ടുപോയത്. കുടുംബൂരിലെ ബാബുവിന്റെ 35 നേന്ത്രക്കുലകളാണു മോഷണം പോയത്. കർഷകർ രാജപുരം പൊലീസിൽ പരാതി നൽകി. കൃഷിയിടങ്ങളിൽ മോഷണം പതിവായതോടെ കർഷകർ ആശങ്കയിലാണ്.

MORE IN KASARAGOD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama